ഡിസംബർ 18 ഞായറാഴ്ച ഒരു വെറും ദിവസമായിരുന്നില്ല, ലോകം ഒരു പൂരാഘോഷത്തിന്റെ തിമിർപ്പിലായിരുന്നു. രാവുറങ്ങാതെ ഭൂഗോളം മുഴുവനും ഖത്തറിലേക്ക് മിഴി തുറന്നു. ഫുട്ബോൾ മാമാങ്കത്തിന്റെ കലാശപ്പോരാട്ടം ലുസൈൽ സ്റ്റേഡിയത്തിൽ 1.5 ലക്ഷത്തിലധികം ആരാധകർ കണ്ടു.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഈ സമയം അവരുടെ ടെലിവിഷനുകളിൽ കണ്ണും നട്ടിരുന്നു. ആവേശകരമായ കിരീടപ്പോരാട്ടത്തിൽ അർജന്റീന ഫ്രാൻസിനെ നേരിടുമ്പോൾ ഓൺലൈൻ ഇടവും തിരക്കിലായിരുന്നു. ട്രെൻഡിംഗ് ഹാഷ്ടാഗുകൾ ഓൺലൈനിൽ പറ പറന്നു. ലോകം മുഴുവനും തേടിയത് ആ ഒറ്റചോദ്യത്തിന്റെ ഉത്തരമായിരുന്നു. ഫലമോ, ഗൂഗിൾ സെർച്ച് ഏറ്റവും ഉയർന്ന ട്രാഫിക് രേഖപ്പെടുത്തി. ഗൂഗിളിന്റെ സിഇഒ സുന്ദർ പിച്ചൈയുടെ അഭിപ്രായത്തിൽ, ഗൂഗിൾ സെർച്ചിൽ 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ട്രാഫിക് ആണ് രേഖപ്പെടുത്തിയത്. ലോകം മുഴുവൻ ഒരു കാര്യത്തെക്കുറിച്ച് അന്വേഷിക്കുന്നത് പോലെയായിരുന്നു ഇത്, പിച്ചൈ കൂട്ടിച്ചേർത്തു. ഫ്രാൻസിന്റെ മൂന്നാം ഗോളിന് ട്വിറ്ററിൽ, ലഭിച്ചത് റെക്കോർഡ് ട്വീറ്റുകൾ ആയിരുന്നു. ഫ്രാൻസിന്റെ ഗോളിന് സെക്കൻഡിൽ 24,400 ട്വീറ്റുകൾ, ലോകകപ്പിലെ എക്കാലത്തെയും ഉയർന്നത്, ലൈവ് അപ്ഡേറ്റുമായി കളം നിറഞ്ഞ ട്വിറ്റർ മേധാവി ഇലോൺ മസ്ക് ട്വീറ്റ് ചെയ്തു.
ഗൂഗിൾ ‘ഇയർ ഇൻ സെർച്ച് 2022’ റിപ്പോർട്ട് പുറത്തിറക്കി ഒരാഴ്ചയ്ക്ക് ശേഷമാണ് ലോകകപ്പ് സേർച്ച് റെക്കോർഡുകൾ തകർത്തത്.
ഇന്ത്യൻ പ്രീമിയർ ലീഗ് 2022-ലെ ഏറ്റവും മികച്ച ട്രെൻഡിംഗ് സെർച്ച് ആണെന്നും പറയുന്ന റിപ്പോർട്ട് CoWIN, FIFA World Cup 2022 എന്നിവയാണ് പിന്നിലുളളതെന്നും എടുത്തുകാണിക്കുന്നു. കഴിഞ്ഞ വർഷത്തെ ഏറ്റവും ട്രെൻഡിംഗ് സേർച്ച് കൊറോണ വൈറസിനെക്കുറിച്ചുളളതായിരുന്നു.
ഏഷ്യാ കപ്പ്, ഐസിസി പുരുഷ T20 ലോകകപ്പ് തുടങ്ങിയവയെകുറിച്ചും ഈ വർഷം ഇന്ത്യക്കാർ തിരഞ്ഞു.
ബോളിവുഡ് ചിത്രമായ ബ്രഹ്മാസ്ത്ര തിരച്ചിലിൽ ആറാമതെത്തിയപ്പോൾ കെജിഎഫ്: ചാപ്റ്റർ 2 പട്ടികയിൽ ഒമ്പതാം സ്ഥാനത്തെത്തുകയും ചെയ്തു. Kashmir Files, RRR, Kantara, Pushpa: The Rise, and Vikram എന്നിവയും സിനിമാപ്രേമികൾ തിരഞ്ഞു. ഇത് കൂടാതെ ലാൽ സിംഗ് ഛദ്ദ, ദൃശ്യം 2, തോർ ലവ് ആൻഡ് തണ്ടർ എന്നിവ ഈ വർഷവും മികച്ച 10 സിനിമ തിരയലുകളിൽ ഇടംപിടിച്ചിരുന്നു.
FIFA World Cup Final: Google records highest-ever traffic in 25 years