പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ് നിരത്തിലിറക്കാനൊരുങ്ങി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ.
സ്മാർട്ട് സിറ്റി പദ്ധതിയിലൂടെ രണ്ട് ഇലക്ട്രിക് ബസുകളാണ് കെഎസ്ആർടിസി വാങ്ങുന്നത്. ഗതാഗതത്തിനു പുറമേ വിനോദസഞ്ചാരവും ലക്ഷ്യമിട്ടാണ് പുതിയ ബസുകള്‍ നിരത്തിലെത്തിക്കുന്നത്. മേൽക്കൂര ഇളക്കി മാറ്റാനാകുന്ന ഇലക്ട്രിക്ക് ബസുകളാണ് ഇവ. പ്രമുഖ വാഹനനിർമ്മാതാക്കളായ അശോക് ലെയ്ലാന്‍ഡ് അനുബന്ധസ്ഥാപനം സ്വിച്ച് മൊബിലിറ്റിയാണ് ബസ് നിർമ്മിക്കുന്നത്.
കൈമാറിക്കഴിഞ്ഞാലും, അഞ്ചു വര്‍ഷത്തെ മെയിന്റനെൻസ് ചെലവ് വഹിക്കേണ്ടത് കമ്പനിയായിരിക്കും.
ബസിന്റെ നിറം, ലോഗോ തുടങ്ങിയ വിവരങ്ങൾ കെഎസ്ആര്‍ടിസി നിലവിൽ പുറത്തുവിട്ടിട്ടില്ല. 1.5 മുതല്‍ മൂന്ന് മണിക്കൂര്‍ വരെ ചാർജ്ജിംഗ് സമയം കണക്കാക്കുന്ന ഡബിൾ ഡെക്കറിന് 120 കിലോമീറ്റർ വരെ റൈഡിംഗ് റേഞ്ചാണുള്ളത്.

പ്രത്യേകതകളെന്തെല്ലാം ?
ഊർജ്ജക്ഷമതയുള്ളതും, പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമാ യിരിക്കും ഇ ഡബിൾ ഡെക്കർ എന്നാണ് വിലയിരുത്തുന്നത്. നഗരമേഖലകളിൽ പ്രതിദിനം 180 കിലോമീറ്റർ വരെ ഇവ ഓടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡബിള്‍ ഡെക്കറിലെ നഗരക്കാഴ്ചയ്ക്ക് തിരക്കേറിയപ്പോഴാണ് കൂടുതല്‍ ബസുകൾ നിരത്തിലിറക്കാൻ കെഎസ്ആർടിസി തീരുമാനിച്ചത്. 65 ഇരിപ്പിടങ്ങളോടെയാണ് ബസ് നിരത്തിലിറങ്ങുക. 120 കിലോമീറ്റര്‍ വരെ ഓടിക്കാന്‍ കഴിയും.15.5 അടി ഉയരമുള്ള ബസിന് 32 അടിയായിരിക്കും നീളം.
ക്ലിക്കായത് സിറ്റി സർക്കുലർ സർവീസ്
സിറ്റി സർക്കുലർ സർവീസിൽ കെഎസ്ആർടിസി അടുത്തിടെ 10 ഇലക്ട്രിക് ബസുകൾ കൂടി അവതരിപ്പിച്ചിരുന്നു. 2022 ഓഗസ്റ്റ് ഒന്നിനാണ് കെഎസ്ആർടിസി-സ്വിഫ്റ്റ് സിറ്റി സർക്കുലർ സർവീസിൽ ഇലക്ട്രിക് ബസുകൾ അവതരിപ്പിച്ചത്. ഇത് വൻഹിറ്റായതോടെ വലിയ ലാഭം കെഎസ്ആർടിസിയ്ക്ക് നേടിയെടുക്കാൻ സാധിച്ചിരുന്നു.