ബോക്സ് ഓഫീസിൽ കളക്ഷൻ റിക്കോർഡുകൾ തീർക്കുകയാണ് നന്ദമുരി ബാലകൃഷ്ണയുടെ വീരസിംഹ റെഡ്ഡി
ബോക്സ് ഓഫീസിൽ കളക്ഷൻ റിക്കോർഡുകൾ തീർക്കുകയാണ് നന്ദമുരി ബാലകൃഷ്ണയുടെ വീരസിംഹ റെഡ്ഡി. അജിത്തിന്റെ തുനിവിനെയും വിജയിയുടെ വാരിസുവിനെയും പിന്നിലാക്കുന്ന പ്രകടനമാണ് ബോക്സ് ഓഫീസിൽ ബാലയ്യ നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ജനുവരി 12 ന് തീയറ്ററുകളിലെത്തിയ വീരസിംഹ റെഡ്ഡി ആദ്യദിനം തിയറ്ററുകളിൽ നിന്ന് വാരിയത് 54 കോടി രൂപയാണ്. ഈവർഷം ഏറ്റവും കൂടുതൽ ഓപ്പണിംഗ് കളക്ഷൻ നേടിയതും വീരസിംഹറെഡ്ഡിയാണ്. ഓൾ ഇന്ത്യ കളക്ഷൻ 42 കോടിയാണ്. ഓവർസീസ് കളക്ഷൻ 8 കോടിയായിരുന്നു.
ജനുവരി 11-ന് തീയറ്ററുകൾ കണ്ടത് കോളിവുഡ് ചിത്രങ്ങളായ അജിത് കുമാറിന്റെ തുനിവ്, ദളപതി വിജയുടെ വാരിസു എന്നീ ചിത്രങ്ങളുടെ ഒരു ഹൈ-വോൾട്ടേജ് ക്ലാഷ് ആയിരുന്നു. രണ്ട് ദിവസത്തിന് ശേഷം, ടോളിവുഡ് ചിത്രങ്ങളായ ചിരഞ്ജീവിയുടെ വാൾട്ടയർ വീരയ്യയും നന്ദമുരി ബാലകൃഷ്ണയുടെ വീരസിംഹ റെഡ്ഡിയും ബോക്സ് ഓഫീസിൽ കൊമ്പുകോർത്തു. അജിത്ത്, വിജയ് ചിത്രങ്ങളെക്കാൾ മികച്ച ഓപ്പണിംഗ് കളക്ഷൻ നന്ദമൂരിയുടെ ചിത്രം നേടി. വാരിസും തുനിവും ആദ്യദിനം 50 കോടി കടന്നിരുന്നില്ല. വാരിസ് 49 കോടിയും തുനിവ് 42 കോടിയും നേടിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത് മൈത്രി മൂവി മേക്കേഴ്സ് നിർമ്മിച്ച വീരസിംഹ റെഡ്ഡിയിൽ ശ്രുതി ഹാസനാണ് നായിക. ആക്ഷൻ ത്രില്ലറായ ചിത്രത്തിൽ ബാലയ്യ ഇരട്ടവേഷത്തിലാണ് അഭിനയിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത മാസ്സും ആക്ഷൻ പായ്ക്ക് ചെയ്ത വേഷത്തിലായിരിക്കും ബാലയ്യ പ്രത്യക്ഷപ്പെടുകയെന്നാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തത്. വരലക്ഷ്മി ശരത്കുമാറും ദുനിയ വിജയും ഹണി റോസും ഉൾപ്പെടുന്ന വലിയ താരനിരയുണ്ട്.
ബാക്ക്-ടു-ബാക്ക് ഫ്ലോപ്പുകൾക്കിടയിലും, ചിരഞ്ജീവിയുടെ വാൾട്ടയർ വീരയ്യ പ്രീ-റിലീസിൽ മുന്നിട്ട് നിന്നിരുന്നു. ബാലകൃഷ്ണയുടെ ചിത്രം ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് 61.80 കോടി നേടിയപ്പോൾ ചിരഞ്ജീവി ചിത്രം ഏകദേശം 72.50 കോടി നേടി. ഏറ്റവും പുതിയ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ചിത്രം രാജ്യവ്യാപകമായി 32-34 കോടി ഗ്രോസ് നേടിക്കഴിഞ്ഞു.
Nandamuri Balakrishna’s movie Veer Simha Reddy beats Varisu and Thunivu in opening collection.