കേരളം വ്യവസായ സൗഹൃദമല്ലെന്ന് സ്ഥാപിക്കാൻ കരുതിക്കൂട്ടിയുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ വ്യവസായ വകുപ്പ് സംഘടിപ്പിച്ച സംരംഭക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംരംഭക സംഗമത്തിൽ ആരേയും സർക്കാർ മാറ്റി നിർത്തിയിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നാടിൻ്റെ വികസനത്തിൽ ഒറ്റക്കെട്ടായി നിൽക്കണമെന്നും ഓർമിപ്പിച്ചു. നാടിന്റെ വികസനത്തിന്റെ പ്രശ്നം വരുമ്പോൾ മറ്റ് അഭിപ്രായം മാറ്റി വച്ച് ഒന്നിച്ചു നിൽക്കണം. അതിന് നാടിനോട് പ്രതിബദ്ധതയുണ്ടാകണം. അതിനുള്ള ഹൃദയവിശാലതയുണ്ടാകണം. ഈ മനോഭാവം മാറ്റണം, മുഖ്യമന്ത്രി പറഞ്ഞു.
കേരളം കടത്തിൽ മുങ്ങി നിൽക്കുന്നു എന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. 2020-ൽ കേരളത്തിൻ്റെ പൊതുകടം 29 ശതമാനമാണ്. 2021ൽ ഇത് 37 ശതമാനമായി. കേന്ദ്രത്തിൻ്റെ പൊതുകടം ഇക്കാലയളവിൽ 12 ശതമാനം കൂടി. ഇതു മറച്ചുവച്ചാണ് കേരളത്തിനെതിരായ പ്രചാരണം നടക്കുന്നത്. കേരളത്തിൻ്റെ വരുമാനത്തിൽ 64 ശതമാനം തനത് വരുമാനമാണ്. എന്നിട്ടും കേന്ദ്രത്തിൻ്റെ സഹായം കൊണ്ടാണ് കേരളം നിലനിൽക്കുന്നത് എന്നാണ് പ്രചാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന സംരംഭക സംഗമത്തിൽ പതിനായിരത്തോളം സംരംഭകര് പങ്കെടുക്കുന്നുണ്ട്. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലാണ് നിക്ഷേപക സംഗമം. കഴിഞ്ഞ ഒരു വർഷത്തിനിടെ 1,22,560 സംരംഭങ്ങളും 7496 കോടി രൂപയുടെ നിക്ഷേപവും ആകർഷിക്കാനായെന്നാണ് വ്യവസായ വകുപ്പിൻ്റെ കണക്കുകൾ പറയുന്നത്. രാജ്യത്തെ വ്യവസായ സൗഹൃദ റാങ്കിംഗ് പട്ടികയിൽ കേരളം പതിനഞ്ചാമതാണ് കേരളം. നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്തി വ്യവസായ സൗഹൃദ റാങ്ക് ഉയർത്തുകയാണ് മഹാ നിക്ഷേപക സംഗമത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
Chief Minister Pinarayi Vijayan said that campaigns are being carried out to establish that Kerala is not business friendly. The Chief Minister was speaking after inaugurating the entrepreneurs’ meeting organized by the Industries Department in Kochi.