ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങൾക്ക് സാക്ഷ്യം വഹിച്ച ക്യാപ്റ്റൻ, ബിസിനസ്സിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാൾ, കായികരംഗം കണ്ട മികച്ച ഫിനിഷർ എന്നിങ്ങനെ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് നൽകാനുള്ള വിശേഷണങ്ങൾ ഏറെയാണ്. എന്നാൽ ഇപ്പോഴിതാ, സിനിമാ നിർമ്മാണ രംഗത്തേക്ക് കൂടി കടന്നിരിക്കുകയാണ് താരം.
ധോണിയുടെ സിനിമാ നിർമ്മാണക്കമ്പനിയായ ധോണി എന്റർടെയ്മെന്റ്സ് നിർമ്മിക്കുന്ന ആദ്യ സിനിമ പ്രഖ്യാപിച്ചു. ലെറ്റ്സ് ഗെറ്റ് മാരീഡ് എന്നാണ് തമിഴ് ഭാഷയിൽ ഒരുക്കുന്ന ചിത്രത്തിന്റെ പേര്. നവാഗത സംവിധായകൻ രമേഷ് തമിഴ്മണി സംവിധാനം ചെയ്യുന്ന ലെറ്റ്സ് ഗെറ്റ് മാരീഡിന്റെ കഥ ഒരുക്കിയത് ധോണിയുടെ ഭാര്യ കൂടിയായ സാക്ഷിയാണ്. ഹരീഷ് കല്യാൺ, നദിയ, ഇവാന, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിശ്വജിത്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് സംവിധായകൻ രമേഷ് തമിഴ്മണി തന്നെയാണ് സംഗീതം ഒരുക്കുന്നത്. മുഖ്യധാരാ ചലച്ചിത്രനിർമ്മാണത്തിലേക്കുള്ള ധോണി എന്റർടെയ്ൻമെന്റിന്റെ ചുവടുവെപ്പിനെ അടയാളപ്പെടുത്തുന്ന ചിത്രം ഒരു ഫാമിലി എന്റർടെയ്നർ ആയിരിക്കും. ചെന്നൈയിൽ നടന്ന പൂജാ ചടങ്ങുകളോടെ സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായി
വാണിജ്യ സിനിമയിലേക്ക് ആദ്യ ചുവടുവെയ്പ്പ്
ആവേശകരമായ റോഡ് യാത്ര, ബീച്ച്, സാഹസികത എന്നിവ വെളിപ്പെടുത്തുന്ന ഒരു മോഷൻ പോസ്റ്ററും പ്രഖ്യാപനത്തോടനുബന്ധിച്ച് പുറത്തുവിട്ടു. കുറഞ്ഞ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. വാണിജ്യ സിനിമാ നിർമ്മാണത്തിലേയ്ക്ക് കടക്കുമെന്ന് 2022 ഒക്ടോബറിൽ തന്നെ ധോണി എന്റർടൈൻമെന്റ്സ് പ്രഖ്യാപിച്ചിരുന്നു.
ചെന്നൈ സൂപ്പർ കിംഗ്സ് ടീം ക്യാപ്റ്റനായിരുന്ന ധോണിയ്ക്ക് തമിഴ്നാട്ടിലുള്ള സ്വീകാര്യത ചിത്രത്തിന് ഗുണകരമാകുമെന്ന് വിലയിരുത്തുന്നു. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഐപിഎൽ മത്സരങ്ങളെ അടിസ്ഥാനമാക്കി കമ്പനി ഇതിനകം ദ റോർ ഓഫ് ദ ലയൺ എന്ന ഡോക്യുമെന്ററി നിർമ്മിച്ചിട്ടുണ്ട്. ക്യാൻസർ ബോധവത്കരണവുമായി ബന്ധപ്പെട്ട് ‘വിമൻസ് ഡേ ഔട്ട്’ എന്ന ഹ്രസ്വചിത്രവും ധോണി എന്റർടൈൻമെന്റ് നിർമ്മിച്ചിട്ടുണ്ട്. സയൻസ് ഫിക്ഷൻ, നാടകം, സസ്പെൻസ് ത്രില്ലറുകൾ, ക്രൈം, കോമഡി എന്നിങ്ങനെ ഒന്നിലധികം വിഭാഗങ്ങളിൽ അർത്ഥവത്തായ സിനിമകൾ നിർമ്മിക്കുന്നതിനായി എല്ലാ ഭാഷകളും പര്യവേക്ഷണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു.
Cricketer M.S. Dhoni’s journey as a movie producer begins with Kollywood
His company Dhoni Entertainment Pvt Ltd will produce ‘Let’s Get Married’ (LGM) Harish Kalyan, Ivana, Yogi Babu, and Nadia Moidu will appear in prominent roles