160കിലോമീറ്റർ വരെ വേഗത്തിൽ കുതിച്ചുപായുന്ന അത്യാധുനിക സൗകര്യങ്ങളുള്ള വന്ദേഭാരത് ട്രെയിൻ കേന്ദ്രബഡ്ജറ്റിൽ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.
കുതിച്ചോടാൻ വന്ദേഭാരത് വരുന്നു
160കിലോമീറ്റർ വരെ വേഗത്തിൽ കുതിച്ചുപായുന്ന അത്യാധുനിക സൗകര്യങ്ങളുള്ള വന്ദേഭാരത് (Vande Bharat) ട്രെയിൻ കേന്ദ്രബഡ്ജറ്റിൽ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. കേരളം ഏറെ ചർച്ച ചെയ്ത സിൽവർ ലൈനിന്ന് (SilverLine) ബദൽ സംവിധാനമാണ് വന്ദേ ഭാരത്. തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കു വെറും രണ്ടരമണിക്കൂറിൽ ഓടി എത്താം വന്ദേഭാരതത്തിന്. നിലവിലെ റെയിൽപാതയിലെ വളവുകൾ നിവർത്തിയെടുക്കാനുള്ള പദ്ധതിയും കേരളത്തിന് നൽകുന്നത് ഏറെ പ്രതീക്ഷയാണ്. വളവുകളിൽ വേഗം കുറയ്ക്കാതെ ചരിഞ്ഞോടുന്ന ടിൽട്ടിംഗ് ട്രെയിനുകൾ (Tilting train) വന്ദേഭാരതിനായി നിർമ്മിക്കുമ്പോൾ അവയും കേരളത്തിന് അനുവദിക്കും.
ആഡംബരമേറും, ചിലവ് കുറയും
ചുരുങ്ങിയ ചെലവിൽ ആഡംബര യാത്രയാണ് വന്ദേഭാരത് വാഗ്ദാനം ചെയ്യുന്നത്. വൃത്തിയും വെടിപ്പോടെയുമാണ് വന്ദേഭാരത് കോച്ചുകൾ സൂക്ഷിക്കുക. വൃത്തിയുടെ കാര്യത്തിൽ നൂറ് മാർക്ക് നൽകാം. പിന്നോട്ടു നീക്കാവുന്ന സീറ്റുകൾ സുഖയാത്രയൊരുക്കും. യാത്രയ്ക്കിടയിൽ വിശപ്പുമാറ്റാൻ പലഹാരവും ചായയും സൗജന്യം.
പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ സൗകര്യപ്രദമായാണ് ചില്ലു ജനാലകളുടെ ക്രമീകരണം, എക്സിക്യുട്ടീവ് കോച്ചിലെ സീറ്റുകൾ180 ഡിഗ്രി വരെ തിരിയാൻ പാകത്തിലുള്ളവയാണ്. ട്രെയിൻ പാളംതെറ്റാതിരിക്കാനുള്ള ആന്റി സ്കിഡ് സംവിധാനമടക്കം സുരക്ഷയിലും വിട്ടുവീഴ്ചയില്ല. എല്ലാ കോച്ചുകളും സി.സി.ടി.വി നിരീക്ഷണത്തിലാണ്. 16കോച്ചുകളുള്ളതിൽ രണ്ടെണ്ണം എക്സിക്യുട്ടീവ് കോച്ചുകളാണ്.
ലൈനുകളിലെ വളവുകൾ നിവരുമോ?
തിരുവനന്തപുരത്തു നിന്ന് കണ്ണൂർ, ബംഗളൂരു, മംഗളൂരു, ചെന്നൈ റൂട്ടുകൾ പരിഗണനയിലുണ്ട്. വന്ദേഭാരതിന് വഴിയൊരുക്കാൻ കേരളത്തിലെ റെയിൽവേ ലൈനുകളിലെ വളവുകൾ നിവർത്തുന്ന ‘റെയിൽ ബൈപ്പാസ്’ (Rail bypass) പദ്ധതിയും ബഡ്ജറ്റിൽ പ്രഖ്യാപിച്ചേക്കും. ദീർഘദൂര യാത്രയ്ക്ക് സ്ലീപ്പർ കോച്ചുകളടങ്ങിയ 200 വന്ദേഭാരത് ട്രെയിനുകൾ ഉടൻ നിർമ്മിക്കും. ഈ ട്രെയിനുകൾക്ക് 160കിലോമീറ്റർ വേഗത്തിലോടാനാവുന്ന റെയിൽബൈപ്പാസാവും നിർമ്മിക്കുക. കേരളത്തിനടക്കം ബഡ്ജറ്റിൽ 300 വന്ദേഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചേക്കും.
മംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് വന്ദേഭാരത് അനുവദിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. ചെന്നൈ-കന്യാകുമാരി വന്ദേഭാരത് വേണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടിട്ടുണ്ട്. കന്യാകുമാരി- തിരുവനന്തപുരം ഇരട്ടപ്പാത വന്നാൽ ഇത് തിരുവനന്തപുരത്തേക്ക് നീട്ടാനാവും.
സംസ്ഥാനത്തിനകത്തും അയൽ സംസ്ഥാനങ്ങളിലേക്കും പോയിന്റ് ടു പോയിന്റ് കണക്ടിവിറ്റിക്കായി വന്ദേഭാരത് കേന്ദ്രബഡ്ജറ്റിൽ പ്രഖ്യാപിക്കണമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ കേന്ദ്രധനമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.
സിൽവർ ലൈന് ബദൽ?
160കിലോമീറ്റർ വരെ വേഗത്തിലോടുന്ന വന്ദേഭാരത് വരുന്നതോടെ സിൽവർലൈൻ പദ്ധതിക്കു ബദൽ ആകുമിത്. കേരളത്തിലെ ട്രെയിനുകളുടെ വേഗം 160കിലോമീറ്ററാക്കി കൂട്ടാനുള്ള നടപടികൾ റെയിൽവേ ആരംഭിച്ചിട്ടുണ്ട്. വളവുകൾ നിവർത്തുകയും കൾവർട്ടുകളും പാലങ്ങളും ബലപ്പെടുത്തുകയും ചെയ്യുന്നതോടെ ടെയിനുകളുടെ വേഗം കൂട്ടാനാവും. സ്ഥലമെടുപ്പും കാര്യമായി വേണ്ടിവരില്ല. ഇതിനുള്ള ലിഡാർ സർവേയ്ക്ക് ജനുവരി 31ന് റെയിൽവേ ടെൻഡർ വിളിക്കും. വേഗം വർദ്ധിപ്പിക്കുന്നതിന്റെ ആദ്യഘട്ടം 2025 മാർച്ചിനു മുൻപ് പൂർത്തിയാക്കും. ഇതോടെ ആദ്യ ഘട്ടത്തിൽ സ്റ്റോപ്പുകളുടെ എണ്ണം കുറവായ ട്രെയിനുകൾക്ക് തിരുവനന്തപുരത്തു നിന്ന് എറണാകുളം വരെ രണ്ടരമണിക്കൂറിനുള്ളിൽ എത്താനാകും.
ടിൽട്ടിംഗ് ട്രെയിനുകൾ കേരളത്തിന് കിട്ടുമോ?
കേരളത്തിലെ വളവുകളുള്ള പാതയിലൂടെ 110കി.മി ശരാശരി വേഗതയിലാകും വന്ദേഭാരത് ട്രെയിനുകൾ ഓടുക. ഓഗസ്റ്റിനകം 75ട്രെയിനുകൾ ട്രാക്കിൽ ഇറക്കാനാണ് കേന്ദ്രപദ്ധതി.
ചെന്നൈയിലും കപൂർത്തലയിലും റായ്ബറേലിയിലുമുള്ള കോച്ച് ഫാക്ടറികളിൽ 44 ട്രെയിനുകൾ നിർമ്മാണത്തിലാണ്. പുതുതായി നിർമ്മിക്കുന്ന 400 വന്ദേഭാരത് ട്രെയിനുകളിൽ നൂറെണ്ണം ടിൽട്ടിംഗായിരിക്കും. വളവുകളിൽ വേഗം കുറയ്ക്കാതെ ചരിഞ്ഞോടുന്ന ടിൽട്ടിംഗ് ട്രെയിനുകൾ വന്ദേഭാരതിനായി നിർമ്മിക്കുമ്പോൾ അവയും കേരളത്തിന് അനുവദിക്കും.
58,000 കോടിയുടെ കരാർ
130 കോടിയാണ് ഒരു ട്രെയിനിന്റെ നിർമ്മാണചെലവ്. വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമാണം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ തുടങ്ങിയിട്ടുണ്ട്. 200 ട്രെയിനുകളുടെ നിർമാണത്തിനും 35 വർഷത്തെ പരിപാലനത്തിനും 58,000 കോടിയുടെ കരാറാണ്. ഇതുവരെ 102 വന്ദേഭാരത് ട്രെയിനുകളുടെ നിർമാണത്തിനാണ് റെയിൽവേ കരാർ നൽകിയത്. ഇവയെല്ലാം ചെയർ കാറാണ്. 2024ൽ വന്ദേഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കുകയാണ് ലക്ഷ്യം. 2026ഓടെ വന്ദേഭാരത് ട്രെയിനുകൾ ദക്ഷിണാഫ്രിക്ക, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും റെയിൽവേ മന്ത്രാലയം ശ്രമിക്കുന്നുണ്ട്.
എന്ത് തന്നെയായാലും നിലവിലെ വന്ദേഭാരത് ട്രെയിനുകളിലെ യാത്ര സുഖകരവും സുരക്ഷിതവും ആണ്. ഇതൊക്കെയാണ് വന്ദേഭാരതിനെ മറ്റു ട്രെയിനുകളിൽ നിന്നും വേറിട്ടതാക്കുന്നത്.
- കൂട്ടിയിടിയൊഴിവാക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘കവച് സെൻസർ ‘സംവിധാനം
- കോച്ചുകൾ തീപിടിക്കില്ല
- പൊട്ടിത്തെറിയുടെ ആഘാതം യാത്രക്കാർക്കുണ്ടാകാത്ത വിധം സുരക്ഷിതം
- 52സെക്കൻഡിൽ 100കിലോമീറ്റർ വേഗം കൈവരിക്കാനാവും
- എല്ലാകോച്ചിലും വിവര-വിനോദസൗകര്യത്തിന് വൈഫൈ, ടി വി സംവിധാനങ്ങൾ
- പൊടിശല്യമുണ്ടാകാത്ത ശുദ്ധവായു ശീതീകരണ സംവിധാനം
- സൈഡ് റിക്ലൈനർ സീറ്റ്
- എക്സിക്യൂട്ടീവ് കോച്ചിൽ 180ഡിഗ്രി തിരിയുന്ന സീറ്റ്
- അണുനാശനത്തിന് അൾട്രാവയലറ്റ് വായുശുദ്ധീകരണ സംവിധാനം
- എല്ലാ കോച്ചും സി സി ടിവിയാൽ സുരക്ഷിതമാകും
Kerala expects the central budget to approve funding for the ultra-modern Vande Bharat railway, which will go at up to 160 km/h. Vande Bharat is an alternative system to Kerala’s much discussed Silver Line. Vande Bharat can run from Thiruvananthapuram to Ernakulam in just two and a half hours. There is also a lot of hope given to Kerala by the plan to complete the curves in the current railway line. When tilting trains are built for Vandebharat, they will also be allowed for Kerala.