ഓഹരി ഇടപാടിലെ തട്ടിപ്പ് പുറത്തുവന്നതോടെ പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പിന്റെ കണക്കുകൾ പരിശോധിക്കാൻ കോർപറേറ്റുകാര്യ മന്ത്രാലയം നടപടി തുടങ്ങി
സ്ഥിതി നിരീക്ഷിച്ച് മന്ത്രാലയം
ഇന്ത്യൻ കമ്പനിനിയമത്തിലെ 206–-ാം വകുപ്പ് പ്രകാരം അദാനിഗ്രൂപ്പിന്റെ ധനരേഖകൾ പരിശോധിക്കുന്നത്തിനു കോർപറേറ്റുകാര്യ ഡയറക്ടർ ജനറൽ ഉത്തരവിട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഓഫ്ഷോർ ഫണ്ടുകളുടെയും വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെയും (എഫ്പിഐ) ഗുണഭോക്തൃ ഉടമകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ആവശ്യപ്പെട്ട് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) വിവിധ ബാങ്കുകൾക്ക് കത്തയച്ചു. കോർപറേറ്റുകാര്യ മന്ത്രാലയവും സ്ഥിതിഗതി സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.
വിദേശ നിക്ഷേപകർ ജനുവരിയിൽ 288.52 ബില്യൺ രൂപയുടെ (3.51 ബില്യൺ ഡോളർ) ഇന്ത്യൻ ഓഹരികൾ ഇറക്കി,എന്നാണ് സെബിയുടെ വിലയിരുത്തൽ.
11000 വിദേശ ഫണ്ടുകളാണ് ഇന്ത്യയിൽ സെബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ആഴ്ച എഫ്പിഐകളിൽ നിന്നുള്ള ഒഴുക്ക് നിയന്ത്രിക്കുന്ന 7 വിദേശ ബാങ്കുകളോട് സെബി, മാർച്ചോടെ ഈ നിക്ഷേപകരുമായി ബന്ധപ്പെടാനും സെപ്റ്റംബർ അവസാനത്തോടെ അവരുടെ കണ്ടെത്തലുകളുടെ വിശദാംശങ്ങൾ പങ്കിടാനും ആവശ്യപ്പെട്ടതായി വൃത്തങ്ങൾ പറഞ്ഞു.
എൽഐസിക്കും നഷ്ടം
അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലയിടിവിനെ തുടർന്ന് പൊതുമേഖലാ സ്ഥാപനമായ എൽഐസിക്ക് ഒരാഴ്ച കൊണ്ട് സംഭവിച്ച നഷ്ടം 42,759 കോടി രൂപയാണ്.
അദാനിഗ്രൂപ്പിന്റെ പ്രതിസന്ധി എൽഐസിയെയും ബാങ്കുകളെയും ബാധിക്കില്ലെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രതികരിച്ചത്. ഹിൻഡൻബർഗ് റിപ്പോർട്ട് വരുന്നതിന് മുമ്പായി വിവിധ അദാനി കമ്പനികളിലായി എൽഐസിക്കുള്ള ഓഹരികളുടെ മൂല്യം 81,268 കോടി രൂപയായിരുന്നു. എന്നാൽ ഇപ്പോൾ ഒരാഴ്ചക്കുള്ളിൽ എൽഐസിക്കുള്ള ഓഹരികളുടെ മൂല്യം 38,509 കോടി രൂപയിലേക്ക് കൂപ്പുകുത്തി.
അദാനിഗ്രൂപ്പ് കമ്പനികളുടെ ഓഹരി ഇടിഞ്ഞത് ഇങ്ങനെ
- അദാനി ടോട്ടൽ ഗ്യാസിൽ എൽഐസിയുടെ ഓഹരി മൂല്യം 25,484 കോടി ആയിരുന്നത് 10664 കോടിയായി താണു
- അദാനി പോർട്സിലെ 15029 കോടി രൂപ മൂല്യം 9854 കോടിയിയായി
- അംബുജ സിമന്റിലെ 6261 കോടി രൂപ 4692 കോടിയിലെത്തി
- അദാനി ട്രാൻസ്മിഷനിലെ 11211 കോടി രൂപ 5701 കോടിയായി താണു
- അദാനി എന്റർപ്രൈസസിലെ 16585 കോടി രൂപ 7632 കോടിയിലേക്ക് കൂപ്പുകുത്തി
- അദാനി ഗ്രൂപ്പ് ഓഹരികൾ ഇടിഞ്ഞതോടെ മ്യൂച്ചൽ ഫണ്ടുകൾക്ക് 8282 കോടി നഷ്ടം
- വിദേശ ധനകാര്യസ്ഥാപനങ്ങൾക്കുണ്ടായ നഷ്ടം 1.44 ലക്ഷം കോടി രൂപ
പ്രതിസന്ധിയിലാക്കിയ ഹിൻഡൻബർഗ്
52000 കോടി രൂപയ്ക്കു അംബുജ, എസിസി കമ്പനികൾ വാങ്ങുന്നതിന് ഡ്യുഷെ, ബാർക്ലേസ്, സ്റ്റാൻഡേർഡ് ചാർട്ടേർഡ് തുടങ്ങി 14 വിദേശ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി നാൽപ്പതിനായിരം കോടി രൂപയോളം അദാനി ഗ്രൂപ്പ് കടമെടുത്തിരുന്നു. സിമന്റ് കമ്പനികളിലെ സ്വന്തം ഓഹരികൾ പൂർണമായും പണയം വച്ചായിരുന്നു കടമെടുപ്പ്.
മൂന്നു വർഷം അദാനിഗ്രൂപ്പിന്റെ ഓഹരിമൂല്യം 4000 ശതമാനം വരെയാണ് പെരുകിയത്. ഇത് തട്ടിപ്പാണെന്ന് ന്യൂയോർക്ക് ആസ്ഥാനമായ ഹിൻഡൻബർഗ് റിസർച്ച് വെളിപ്പെടുത്തിയതോടെ വിപണിയിൽ ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞു. ഒമ്പതു ലക്ഷം കോടിയോളം രൂപയുടെ നഷ്ടമാണ് ഒരാഴ്ചയിൽ അദാനിഗ്രൂപ്പിന് നേരിട്ടത്.
കഴിഞ്ഞ ആഗസ്തിൽ അമേരിക്കൻ ഇൻഷുറൻസ് സ്ഥാപനം ഫിച്ചും അദാനിഗ്രൂപ്പിന്റെ ഭീമമായ കടബാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഗൗതം അദാനിയുടെ സാമ്പത്തികത്തകർച്ച വിദേശ രാജ്യങ്ങളിലെ പദ്ധതികളെയും ബാധിച്ചേക്കാം. ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്മർ, നേപ്പാൾ എന്നീ അയൽരാജ്യങ്ങളിലും ഇന്തോനേഷ്യ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും അദാനി ഗ്രൂപ്പിന് നിരവധി പദ്ധതികളുണ്ട്. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതോടെ ഇവയെല്ലാം പ്രതിസന്ധിയിലാണ്.
പിൻവലിഞ്ഞ് എങ്ങോട്ട്?
ഓഹരികളുടെ വിലത്തകർച്ചയെ തുടർന്ന് 20,000 കോടി രൂപയുടെ എഫ്പിഒ പിൻവലിച്ച അദാനി ഗ്രൂപ്പ് വിദേശ ആഭ്യന്തര വിപണികളിലായി പദ്ധതിയിട്ട ബോണ്ടുകളിൽനിന്നും പിൻവാങ്ങുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. അംബുജ, എസിസി എന്നീ സിമന്റ് കമ്പനികൾ വാങ്ങുന്നതിനായി വിദേശബാങ്കുകളിൽ നിന്നെടുത്ത കടത്തിന്റെ പലിശ തിരിച്ചടവിനായി ലക്ഷ്യമിട്ട നാലായിരം കോടി രൂപയുടെ ഓവർസീസ് ബോണ്ടിൽ നിന്നും അദാനി ഗ്രൂപ്പ് പിൻവാങ്ങിയതായി റിപ്പോർട്ടുണ്ട്. ഒപ്പം ബോണ്ടുകളിറക്കി ആഭ്യന്തര വിപണിയിൽനിന്ന് ആയിരം കോടി സമാഹരിക്കാനുള്ള നീക്കവും ഉപേക്ഷിച്ച നിലയിലാണ്.
The Ministry of Corporate Affairs has taken steps to check the accounts of Adani Group, which is in crisis after the fraud in the share transaction came to light. News agencies report that the Director General of Corporate Affairs has ordered an inspection of Adani Group’s financial records under Section 206 of the Indian Companies Act. The Securities and Exchange Board of India (SEBI) has written to various banks seeking details about beneficial owners of offshore funds and foreign portfolio investors (FPIs). The Ministry of Corporate Affairs is also closely monitoring the situation.