കഴിഞ്ഞ ദിവസങ്ങളിൽ ട്വിറ്ററിൽ ട്രെന്റിംഗായത് പഴങ്കഞ്ഞിയായിരുന്നു. ആ ടെന്റിംഗിന് കാരണക്കാരനോ ആഗോള ടെക് കമ്പനിയായ സോഹോയുടെ സിഇഒയും ശതകോടീശ്വരനുമായ ശ്രീധര്‍ വെമ്പു
ഒരു വർഷമായി പഴങ്കഞ്ഞിയാണ് തന്റെ പ്രഭാത ഭക്ഷണമെന്നും ഇതോടെ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്ന തന്റെ രോഗം പൂർണമായും ഭേദപ്പെട്ടുവെന്നും ശ്രീധർ വെമ്പു ട്വീറ്റ് ചെയ്തതോടെയാണ് പഴങ്കഞ്ഞിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് സോഷ്യൽ മീഡിയ വീണ്ടും ചർച്ച ചെയ്ത് തുടങ്ങിയത്. പൊതുവെ ആറിയ കഞ്ഞി പഴങ്കഞ്ഞി എന്ന ലെവലിൽ പുച്ഛത്തോടെ കാണുന്ന മലയാളികൾ പോലും ശ്രീധർ വെമ്പുവിന്റെ ലാളിത്യത്തെ കുറിച്ച് വാചാലരായി. വെമ്പുവിനെ പോലൊരു ശതകോടീശ്വരൻ പഴങ്കഞ്ഞി കുടിക്കുകയോ എന്ന് നെറ്റി ചുളിച്ചവർക്ക് പോലും സാക്ഷാൽ പഴങ്കഞ്ഞിയുടെ ആരോഗ്യഗുണങ്ങൾ അറിയില്ലെന്നതാണ് വസ്തുത.
ധനികരിൽ 55 ആണ് സ്ഥാനം
FORBES ലിസ്റ്റിംഗ് അനുസരിച്ച് 3.75 ബില്യൺ ഡോളറുമായി രാജ്യത്തെ ധനികരില്‍ 55ാം സ്ഥാനമാണ് ശ്രീധർ വെമ്പുവിനുളളത്. തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ ഇടത്തരം തമിഴ് കുടുംബത്തിലാണ് വെമ്പു ജനിച്ചത്.
1989-ൽ മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അദ്ദേഹം ന്യൂജേഴ്സിയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ്., പി.എച്ച്.ഡി ബിരുദങ്ങളും കരസ്ഥമാക്കി. വയർലെസ് എഞ്ചിനീയറായി ക്വാൽകോമിലാണ് വെമ്പു തന്റെ പ്രൊഫഷണൽ ജീവിതം ആരംഭിച്ചത്. 1996-ൽ, വെമ്പു തന്റെ സഹോദരന്മാരുമായി ചേർന്ന് നെറ്റ്വർക്ക് ഉപകരണ ദാതാക്കൾക്കായി AdventNet എന്ന പേരിൽ ഒരു സോഫ്റ്റ്വെയർ ഡെവലപ്മെന്റ് ഹൗസ് സ്ഥാപിച്ചു. കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ് സേവനങ്ങൾക്ക് SaaS സപ്പോർട്ട് നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 2009-ലാണ് കമ്പനിയെ സോഹോ കോർപ്പറേഷൻ എന്ന് പുനർനാമകരണം ചെയ്തത്.
എന്താണ് ഇറിറ്റബിൾ ബവൽ സിൻഡ്രോം?
ദഹനസംവിധാനത്തിൽ ചെറുകുടലും വന്‍കുടലും അടങ്ങുന്ന ഭാഗത്തുണ്ടാകുന്ന അസ്വസ്ഥതകളാണ് ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം. വയര്‍ വേദന, വയറിൽ ഗ്യാസ് നിറയുക, അസ്വസ്ഥത, വയറിളക്കം, മലബന്ധം, അടിക്കടി ടോയ്ലറ്റില് പോകണമെന്ന തോന്നല്‍, നെഞ്ചെരിച്ചില്‍, വിശപ്പില്ലായ്മ, ദഹനക്കേട് എന്നിവയെല്ലാം ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങളാണ്. മലബന്ധത്തോട് കൂടിയതും വയറിളക്കത്തോട് കൂടിയതും ഇവ രണ്ടുമുളളതും എന്നിങ്ങനെ ഇറിറ്റബില്‍ ബവല്‍ സിന്‍ഡ്രോം പല തരത്തിലാണ് രോഗികളെ ശല്യപ്പെടുത്തുന്നത്.
പഴങ്കഞ്ഞി വെറും കഞ്ഞിയല്ല
നേരം തെറ്റിയുളള ഭക്ഷണരീതികളും ഫാസ്റ്റ്ഫുഡുമെല്ലാം സംഭാവന ചെയ്ത ഇന്നത്തെ ജീവിത ശൈലി രോഗങ്ങളിൽ നിന്നു രക്ഷനേടാനുള്ള ഒരു ഉത്തമ ഭക്ഷണമായി പഴങ്കഞ്ഞിയെ കാണാം. പഴമക്കാരുടെ ആരോഗ്യത്തിന്റെ രഹസ്യം തന്നെ പഴങ്കഞ്ഞിയാണെന്ന് പറഞ്ഞാൽ ഇന്നത്തെ പുതുതലമുറ അംഗീകരിക്കുമോയെന്നറിയില്ല. പ്രഭാതത്തിൽ മാത്രമല്ല ഒരു ദിവസം മുഴുവൻ ശരീരത്തിനു വേണ്ട ഊർജ്ജവും വയറിന് കുളിർമയും നൽകുന്ന ഭക്ഷണം വേറെയില്ലെന്ന് തന്നെ പറയാം.
വൈകിട്ട് മിച്ചം വരുന്ന ചോറ് തണുത്ത വെള്ളം ഒഴിച്ച് അടച്ചു വച്ച് രാവിലെ ചുവന്നുള്ളിയും പച്ചമുളകോ അല്ലെങ്കിൽ കാന്താരിയോ ചതച്ചിട്ട് തൈരും അൽപം ഉപ്പും ചേർത്ത് കഴിക്കുന്നതിന്റെ രുചി മറ്റൊരു ഭക്ഷണത്തിനും നൽകാൻ കഴിയില്ല. ചോറ് രാത്രി മുഴുവൻ വെള്ളത്തിൽ കിടക്കുന്നതിനാൽ അതിലെ അയൺ ,പൊട്ടാസ്യം അളവ് ഇരട്ടിയായി വർധിക്കുന്നു. അതാണ് പഴങ്കഞ്ഞിയെ പോഷകഗുണമുളളതാക്കുന്നത്. ദഹനത്തെ ഇത്രയധികം സഹായിക്കുന്ന മറ്റൊരു ഭക്ഷണം വേറെയില്ലെന്ന് പറയാം.
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ഇരട്ടിയാക്കുന്ന പഴങ്കഞ്ഞിയിൽ നിന്ന് ബി 6, ബി12 വൈറ്റമിനുകളും ലഭിക്കുന്നു. അലർജി പോലുളള അസ്വസ്ഥതകളെ പ്രതിരോധിക്കാനും പഴങ്കഞ്ഞി നല്ലതാണ്. പഴങ്കഞ്ഞി ഒരു ശീലമാക്കുന്നവരെ ബ്ലഡ് പ്രഷൻ, കൊളസ്ട്രോൾ ഇവ തൊട്ടുതീണ്ടില്ലെന്നാണ് പഴമക്കാരുടെ അനുഭവ സാക്ഷ്യം. ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്ന മാംഗനീസ് പഴങ്കഞ്ഞിയിലെ ഒരു ഘടകമാണ്. മസിലിന് ബലം നൽകും. സർവ്വോപരിയായി മലബന്ധം ഇല്ലാതെ ശോധന സുഖകരമാക്കും. അൾസർ, കുടലിലുണ്ടാവുന്ന ക്യാൻസർ എന്നിവയെ തടയുകയും ചെയ്യും. പഴങ്കഞ്ഞിയിൽ അടങ്ങിയിരിക്കുന്ന സെലീനിയം സന്ധിവാതം, ഹൃദയസംബന്ധമായ അസുഖങ്ങൾ, ക്യാൻസർ തുടങ്ങിയവയെ ഒരു പരിധിവരെ തടയുന്നു. പൊട്ടാസ്യം ഉള്ളതിനാല്‍ ബ്ലഡ് പ്രഷര്‍, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവയെയും പ്രതിരോധിക്കും.
In recent days, pazhamkanji has been a trending topic on Twitter. Sridhar Vembu, the Millionaire CEO of the multinational technology business Zoho, is the cause of that. When Sridhar Vembu tweeted that he had been eating pazhankanji for breakfast for a year and that doing so has entirely cured his irritable bowel syndrome, social media once more began to explore the health advantages of pazhankanji.