സംരംഭക രംഗത്തെ ഏവരും ഉറ്റുനോക്കുന്ന ഏറ്റവും പുതിയ വാർത്ത രാജ്യത്തെ ആദ്യ ഓൺലൈൻ മീൻ വില്പന പ്ളാറ്റ്ഫോമും മലയാളി സംരംഭവുമായ ഫ്രഷ് ടു ഹോമിൽ അമേരിക്കൻ ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ഉൾപ്പെടെ പ്രമുഖ കമ്പനികൾ 104 മില്യൺ ഡോളർ (862 കോടി രൂപ) നിക്ഷേപിച്ചു എന്നതാണ്. ഒരു മലയാളി സ്റ്റാർട്ടപ്പിനു അഭിമാനിക്കാവുന്ന നേട്ടം തന്നെയാണിത്. അങ്ങനെ തന്നെയാണ് രാജ്യവും ഇന്ത്യൻ സാമ്പത്തിക വ്യാവസായിക സംരംഭകത്വ മേഖലകളും ഈ നീക്കത്തെ നോക്കി കാണുവാനും.
മലയാളികൾക്ക് അഭിമാനിക്കാൻ വകനൽകുന്ന മറ്റൊരു വാർത്ത കൂടി വന്നിട്ടുണ്ട്. വ്യോമയാന ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ കൊണ്ട് അന്താരാഷ്ട്രതലത്തിൽ ആധിപത്യം ഉറപ്പിച്ചിരിക്കുന്ന തിരുവനന്തപുരത്തെ ഐ.ബി.എസ്.സോഫ്റ്റ് വെയർ കമ്പനി സമുദ്രഗതാഗത മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി ഈ മേഖലയിലെ പ്രമുഖ ഐ.ടി.സ്ഥാപനമായ അസഞ്ചർ ഫ്രൈറ്റ് ആൻഡ് ലോജിസ്റ്റിക് സോഫ്റ്റ് വെയർ കമ്പനിയെ ഐ.ബി.എസ്.ഏറ്റെടുക്കും.
കൂടാതെ ചെന്നൈയിൽ പുതിയ സോഫ്റ്റ് വെയർ ഡവലപ്മെന്റ് സെന്റർ തുടങ്ങും. ഐ.ബി.എസിന്റെ നാലാമത്തെ ഡവലപ്മെന്റ് സെന്ററാണ് ചെന്നൈയിൽ തുറക്കുന്നത്. ഐ.ബി.എസ്.സോഫ്റ്റ് വെയർ എക്സിക്യൂട്ടിവ് ചെയർമാൻ വി.കെ. മാത്യൂസ് അറിയിച്ചതാണിക്കാര്യം. കേരളത്തിലെ നിക്ഷേപ സംരംഭകത്വ മേഖലക്ക് ഏറെ അന്താരാഷ്ട്ര പ്രാധാന്യം ഉറപ്പുവരുത്തുന്നതാണീ രണ്ടു നീക്കങ്ങളും.
ഫ്രഷ് ടു ഹോമിൽ 104 മില്യൺ ഡോളർ (862 കോടി രൂപ) യുടെ സീരീസ് ഡി (നാലാം റൗണ്ട്) ഫണ്ടിംഗിൽ അമേരിക്കൻ ഇ-കൊമേഴ്സ് ഭീമനായ ആമസോണിനു പുറമേ അയൺ പില്ലർ, ഇൻവെസ്റ്റ്കോർപ്പ്, ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ ഒഫ് ദുബായ്, അസറ്റ് കാപിറ്റൽ, ഇ20 ഇൻവെസ്റ്റ്മെന്റ്, മൗണ്ട് ജൂഡി വെഞ്ച്വേഴ്സ്, ദല്ലാഹ് അൽ ബറാക്ക എന്നിവയാണ് നിക്ഷേപിച്ചത്.
ഒരു മലയാളി സംരംഭത്തിൽ ആമസോണിന്റെ ഏറ്റവും വലിയ നിക്ഷേപമാണിത്. സീരീസ് സി (മൂന്നാം റൗണ്ട്) ഫണ്ടിംഗിലൂടെ 2020ൽ അമേരിക്കൻ സർക്കാരിന്റെ ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ (ഡി.എഫ്.സി) നിന്നുൾപ്പെടെ 121 മില്യൺ ഡോളർ (860 കോടി രൂപ) നിക്ഷേപവും ഫ്രഷ് ടു ഹോം നേടിയിരുന്നു. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക് തുടങ്ങിയവയും നേരത്തേ ഫ്രഷ് ടു ഹോമിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.
ലോകത്ത് സമ്പദ്ഞെരുക്കം ശക്തമാകുകയും ഒട്ടേറെ കമ്പനികളുടെ മൂല്യം ഇടിയുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് അമസോൺ ഉൾപ്പെടെ വൻ ഫണ്ടിംഗ് ഫ്രഷ് ടു ഹോമിൽ നടത്തിയതെന്നത് വലിയ നേട്ടമാണെന്നു ഫ്രഷ് ടു ഹോം സി.ഒ.ഒ മാത്യു ജോസഫും കേരള ചീഫ് അജിത് നായരും പ്രതികരിച്ചു. മലയാളികളായ മാത്യു ജോസഫ്, ഷാൻ കടവിൽ എന്നിവർ ചേർന്ന് 2015ലാണ് ഫ്രഷ് ടു ഹോമെന്ന സംരംഭത്തിന് തുടക്കമിട്ടത്. മായം കലരാത്ത മത്സ്യ, മാംസ ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിയതോടെ കമ്പനി നേടിയത് ലോകശ്രദ്ധ.
2021-22 വർഷം 1,100 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി നേടിയത്. ഈ വർഷം ഇത് മറികടക്കാനുള്ള പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. 35 ലക്ഷത്തിലേറെയാണ് ഫ്രഷ് ടു ഹോമിന്റെ ഉപഭോക്താക്കൾ. 17,000ഓളം പേർക്ക് തൊഴിലും നൽകുന്നു.
പ്രവർത്തനം ഖത്തറിലും സൗദിയിലേക്കും വിപുലപ്പെടുത്തും
ആമസോൺ അടക്കം വൻകിട നിക്ഷേപകരെത്തിയതോടെ ഓൺലൈൻ വിപണന വിതരണ രംഗത്തും ഫ്രഷ് ടു ഹോം വൻ വികസനപദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. നിലവിൽ ഇന്ത്യയിലും യു.എ.ഇയിലുമായി 160ലേറെ നഗരങ്ങളിൽ ഫ്രഷ് ടു ഹോമിന് സാന്നിദ്ധ്യമുണ്ട്. കേരളത്തിൽ 43 നഗരങ്ങളിലാണ് സാന്നിദ്ധ്യം. മൂന്നുമാസത്തിനകം ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും. കേരളത്തിൽ രണ്ടുൾപ്പെടെ ഇന്ത്യയിൽ ഏഴും യു.എ.ഇയിൽ ഒന്നും ഫാക്ടറിയുണ്ട്. കൊൽക്കത്തയിലും വൈകാതെ ഫാക്ടറി തുറക്കും.
വിപുലീകരണത്തിന്റെ ഭാഗമായി കേരളത്തിൽ നിന്ന് സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയും ഫ്രഷ് ടു ഹോം ഉന്നമിടുന്നു. 3-4 മാസത്തിനകം തുടക്കമാകും. അമേരിക്കയും യൂറോപ്പുമായിരിക്കും മുഖ്യവിപണികൾ.
കേരളത്തിലേക്കിനി ഫ്രഷ് ടു ഹോം ബ്രാൻഡും
ഫ്രഷ് ടു ഹോമിന് പുറമേ പാൽ, പാലുത്പന്നങ്ങൾ, പഴം, ധാന്യങ്ങൾ, പച്ചക്കറി തുടങ്ങിയവ ലഭിക്കുന്ന എഫ്.ടി.എച്ച് പ്ലാറ്റ്ഫോം ബംഗളൂരുവിൽ സജീവമാണ് . വൈകാതെ എഫ്.ടി.എച്ച് കേരളത്തിലും എഫ്.ടി.എച്ചിലൂടെ സ്വന്തം ബ്രാൻഡ് ഉത്പന്നങ്ങൾ കമ്പനി പുറത്തിറക്കുമെന്ന ഉറപ്പാണ് ഫ്രഷ് ടു ഹോം സി.ഒ.ഒ മാത്യു ജോസഫും കേരള ചീഫ് അജിത് നായരും നൽകുന്നത്.
The most recent development that the entire entrepreneurial community is anticipating is that top businesses, including American e-commerce giant Amazon, have invested $104 million (about Rs 862 crore) in the nation’s first online fish marketplace and a Malayalee company, Fresh To Home. The Malayali startup should be proud of this accomplishment. The nation and the industrial and entrepreneurial economic sectors in India should view this decision in that light.