ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രാരംഭദശയിൽ തന്നെ സെർവിക്കൽ ക്യാൻസർ (cervical cancer) കണ്ടുപിടിക്കുന്ന സെർവിസ്കാൻ (cerviSCAN) എന്ന ഉപകരണം വികസിപ്പിച്ച് സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് (C-DAC).
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററുമായി ചേർന്നാണ് സി-ഡാക് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. പ്രൊഡക്റ്റ് സ്യൂട്ട് വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സി-ഡാക് സെർടെൽ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡുമായി (Sertel Electronics Pvt Ltd) സാങ്കേതികവിദ്യ കൈമാറ്റ കരാർ ഒപ്പുവച്ചു. വാണിജ്യാടിസ്ഥാനത്തിൽ സെർവിസ്കാൻ നിർമിക്കുന്നത് സെർടെൽ ഇലക്ട്രോണിക്സായിരിക്കും.
രാജ്യത്തുടനീളമുള്ള വിവിധ സ്കാനിംഗ് കേന്ദ്രങ്ങളിലായി 10,000-ലധികം സ്ക്രീനിങ്ങിനായി ഉപയോഗിച്ച് കാര്യക്ഷമത തെളിയിച്ചതാണ് സെർവിസ്കാനെന്ന് സി-ഡാക് അവകാശപ്പെട്ടു. ഗർഭാശയ മുഖത്ത് നിന്നും കോശങ്ങളെടുത്ത് പരിശോധിക്കുന്ന പാപ്സ്മിയർ ടെസ്റ്റാണ് സെർവിക്കൽ ക്യാൻസർ നിർണയത്തിന് ഉപയോഗിക്കുന്നത്. നിലവിൽ ഒരു ഉപകരണം വഴി 30 പരിശോധനകളാണ് ദിവസം സാധ്യമാകുന്നത്. ദിവസം 200-ന് മുകളിൽ സ്ത്രീകളിൽ ഗർഭാശയഗള ക്യാൻസർ നിർണയിക്കുന്നതിന് സെർവിസ്കാൻ കാര്യക്ഷമമാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ഇന്ത്യയെ ആഗോള തലത്തിലേക്ക് ഉയർത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയം സെക്രട്ടറി അൽകേഷ് കുമാർ ശർമ്മ (Alkesh Kumar Sharma) പറഞ്ഞു. രാജ്യത്തുടനീളമുള്ള ആളുകൾക്ക് ഗുണനിലവാരമുള്ള കണക്റ്റിവിറ്റിയും താങ്ങാനാവുന്ന മൊബൈൽ ഫോണുകളും കമ്പ്യൂട്ടറുകളും ഡാറ്റയും നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് രാജ്യത്തെ വികസനത്തിന്റെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുമെന്ന് ഐടി സെക്രട്ടറി ചൂണ്ടിക്കാട്ടി.
C-DAC Thiruvananthapuram signed a ToT agreement with M/s Sertel Electronics Pvt Ltd in presence of MeitY secretary Shri. Alkesh Kumar Sharma at C-DAC Thiruvananthapuram @GoI_MeitY pic.twitter.com/IBkhtSXfwX
— PIB in KERALA (@PIBTvpm) March 4, 2023
കമ്മ്യൂണിക്കേഷൻ ടെക്നോളജി വകുപ്പും സി-ഡാക് വികസിപ്പിച്ചെടുത്ത പോർട്ടബിൾ ടെട്രാ ബേസ് സ്റ്റേഷനും അൽകേഷ് കുമാർ ശർമ്മ ഉദ്ഘാടനം ചെയ്തു. യൂറോപ്യൻ ടെലികമ്മ്യൂണിക്കേഷൻ സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂട്ട് നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള ടെട്രാ കമ്മ്യൂണിക്കേഷൻ സുരക്ഷിതവും വിശ്വസനീയവും കാര്യക്ഷമവുമായ വയർലെസ് ആശയവിനിമയ സംവിധാനമാണ്. ഈ സാങ്കേതികവിദ്യ പോലീസ്, മറ്റ് പൊതു സുരക്ഷാ സംവിധാനങ്ങൾ, അഗ്നിശമനസേന, ആംബുലൻസ്, വിവിധ സേനകൾ, തീരസംരക്ഷണം, അതിർത്തി സുരക്ഷ,മെട്രോ റെയിൽവേ സ്റ്റേഷനുകൾ എന്നിവയിൽ ആശയവിനിമയം ഉദ്ദേശിച്ചുള്ളതാണ്. ബേസ് സ്റ്റേഷനുകൾ, മൊബൈൽ ടെർമിനലുകൾ, ഡിസ്പാച്ച് യൂണിറ്റുകൾ, വോയ്സ് ലോഗറുകൾ, മറ്റ് ആശയവിനിമയ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഗേറ്റ്വേകൾ എന്നിവയുൾപ്പെടെ 25 ഓളം വ്യത്യസ്ത ഉൽപ്പന്നങ്ങളുടെ ഒരു ശേഖരമാണ് CTN.
ഇലക്ട്രോണിക്സ് ആൻഡ് ഐടി ഗ്രൂപ്പ് കോ-ഓർഡിനേറ്റർ സുനിത വർമ്മ, സംസ്ഥാന വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, സി-ഡാക് തിരുവനന്തപുരം ഡയറക്ടർ കലൈ സെൽവൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.