കേരളത്തിലെ IT പാർക്കുകളിലും സ്വാശ്രയ മേഖലയിലും തൊഴിലെടുക്കുന്ന വനിതകൾക്ക് ഇന്ന് പ്രസവാവധിയും IT പ്രൊഫഷണലുകളുടെ കുഞ്ഞുങ്ങൾക്ക് തൊഴിലിടങ്ങളിൽ ക്രഷ് സൗകര്യവും സർക്കാർ ഉറപ്പു വരുത്തിയതിനു പിന്നിൽ ഒരു വീട്ടമ്മയുടെ നീണ്ട നിയമ പോരാട്ടത്തിന്റെ കരുത്തുണ്ട്.
കുസുമം ആർ.പുന്നപ്ര എന്ന എഴുത്തുകാരിയുടെ നിശ്ചയ ദാർഢ്യവും പോരാട്ട വീര്യവും തുണയായത് സ്വകാര്യ മേഖലയിലെ അസംഘടിതരായ സ്ത്രീകൾക്ക്. എന്നിട്ടും ഇനിയും കുസുമം ആർ പുന്നപ്ര തന്റെ സ്ത്രീകൾക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാൻ ഒരുക്കമല്ല. അടുത്ത ലക്ഷ്യം വയോജനങ്ങളെ അടക്കം പരിപാലിക്കാൻ നിയുക്തരാകുന്ന വനിതാ ഹോം നഴ്സുമാരുടെ അവകാശങ്ങൾ, വൈദഗ്ധ്യം എന്നിവ സംരക്ഷിപ്പിക്കപ്പെടുന്നതിനു വേണ്ടിയാണ് . ആലപ്പുഴയിലെ തീരമേഖലകളിൽ ബ്ലൈഡ് മാഫിയകളുടെ വലയിൽ പെട്ട് കിടപ്പാടം വരെ നഷ്ടത്തിലായ കുറെ വനിതാ മൽസ്യബന്ധന തൊഴിലാളികൾ ഇന്ന് തീരാ കടക്കെണിയിലാണ്. പലിശകൊള്ളക്കാരുടെ വലയിൽ നിന്നും അവർക്കൊരു മോചനം വേണം. സംശയിക്കണ്ടാ .. അതിനുള്ള നിയമ പോരാട്ടത്തിന്റെ തയാറെടുപ്പിലാണ് തിരുവനന്തപുരത്തു സ്ഥിരതാമസമാക്കിയ എഴുത്തുകാരിയായ കുസുമം R പുന്നപ്ര എന്ന കെൽട്രോൺ മുൻ ജീവനക്കാരി.
2014ൽ കുസുമത്തിന്റെ മകൾ , തിരുവനന്തപുരം ടെക്നോപാർക്കിലെ ഒരു കമ്പനിയിൽ IT പ്രൊഫഷണൽ ആയി ജോലി ചെയ്തിരുന്ന, മകളുടെ പ്രസവം അടുത്തപ്പോളാണ് കേരളത്തിലെങ്ങും സ്വകാര്യ മേഖലയിൽ പ്രസവാവധിക്കു വകയില്ലെന്നറിഞ്ഞത്. പ്രത്യേകിച്ച് പത്തും 12 ഉം മണിക്കൂർ തൊഴിലിടങ്ങളിൽ പണിയെടുക്കുന്ന IT ജീവനക്കാർക്ക് 6 മാസത്തെ പോലും പ്രസവാവധി എന്ന അവകാശം ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല പ്രസവ സമയത്തു തങ്ങളുടെ ജോലി രാജി വയ്ക്കേണ്ടി വരുന്ന അവസ്ഥ. അതിനൊരു പരിഹാരമുണ്ടാക്കണം എന്ന ഉറച്ച ലക്ഷ്യത്തോടെയാണ് കുസുമം നിയമ വഴികളിലൂടെ ഇറങ്ങിത്തിരിച്ചത് . ആദ്യം സംസ്ഥാന മനുഷ്യവകാശ കമ്മീഷനിൽ പരാതി നൽകി. കമ്മീഷൻ നൽകിയ അനുകൂല ഉത്തരവ് പിന്തുടർന്ന് സംസ്ഥാന സർക്കാർ Kerala Shops & Establishment Act ൽ ഭേഗതി വരുത്തി സ്വകാര്യ മേഖലയിലെ ജീവനക്കാരേയും പ്രസവാവധിയുടെ പരിധിയിൽ പെടുത്തി. എന്നാൽ ഇത് അവഗണിച്ച ചില IT കമ്പനികൾ പ്രസവം കഴിഞ്ഞു വരുന്ന വനിതാ ജീവനക്കാരെ സംസ്ഥാനത്തിന് പുറത്തേക്കു സ്ഥലം മാറ്റാൻ തുടങ്ങി.
ഇതോടെ കുസുമം സുപ്രിം കോടതിയെ സമീപിച്ചു. വിഷയത്തിന്റെ തീക്ഷണത മനസിലായ ചില സുപ്രിം കോടതി അഭിഭാഷകർ കുസുമത്തിനു നിർലോഭ പിന്തുണ നൽകി. അങ്ങനെ സ്വകാര്യ മേഖലയിലെ വനിതാ ജീവനക്കാർക്കും പ്രസവാവധി നൽകണമെന്ന അനുകൂല ഉത്തരവ് പുറപ്പെടുവിച്ച സുപ്രിം കോടതിയെ മാനിച്ചു കേന്ദ്ര സർക്കാർ നേരിട്ട് ഉത്തരവിറക്കുകയായിരുന്നു. ആ ഉത്തരവ് പ്രകാരം സർക്കാർ ESI നിയമങ്ങളിൽ തക്കതായ ഭേദഗതി വരുത്തി. അതോടെ ഇന്ത്യയിലെവിടെയും സ്വകാര്യ മേഖലയിലെ, പ്രത്യേകിച്ച് IT മേഖലയിൽ പണിയെടുക്കുന്ന സ്ത്രീകൾക്കും ശമ്പള ആനുകൂല്യത്തോട് കൂടി തന്നെ 6 മാസത്തെ പ്രസവാവധിയും, ഭർത്താവിന് 15 ദിവസത്തെ അവധിയും ലഭിച്ചു തുടങ്ങി.
അങ്ങനെ കുസുമത്തിന്റെ മകൾ പ്രസവ അവധി കഴിഞ്ഞു തിരികെ ജോലിയിൽ പ്രവേശിച്ചു. അപ്പോളാണ് കുസുമം മറ്റൊരു കാര്യം മനസിലാക്കിയത്. IT Professional കൾക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ തൊഴിലിടങ്ങളിൽ പരിരക്ഷിക്കാൻ Crush കളോ, എന്തിനു Breast feeding നു പോലും സൗകര്യം ഒരുക്കിയിട്ടില്ല എന്ന്. അങ്ങനെ വരുമ്പോൾ കുഞ്ഞിനെ നോക്കാനായി ജോലി രാജി വയ്ക്കേണ്ടി വരുന്ന അവസ്ഥ കണ്ടു പല IIT കമ്പനികളിലും. അതോടെ പ്രസവാവധിയുടെ പിന്നാലെ കുസുമം വനിതാ ജീവനക്കാർക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ പരിപാലിക്കാനുള്ള തൊഴിൽ നിയമങ്ങളിലെ അവകാശത്തിനായി സംസ്ഥാന സർക്കാരിനെ സമീപിച്ചു. 2015 ൽ കുസുമത്തിനും IT മേഖലയിലെ അമ്മമാർക്കും അനുകൂലമായ സംസ്ഥാനസർക്കാർ തീരുമാനമുണ്ടായി. സംസ്ഥാനത്തെ IT Parkകളിൽ സൗജന്യമായി തന്നെ BabyCrushകൾ ആരംഭിച്ചു.
ആയിടക്കാണ് കുസുമത്തിനു തൃശ്ശൂരിൽ നിന്നും ഒരു അധ്യാപികയുടെ കണ്ണീരോടെയുള്ള പരാതി നേരിട്ട് കേൾക്കാനിട വന്നത് . സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. അസംഘടിതരാണ് പൊതുവെ വനിതാ അധ്യാപകർ. സ്വാശ്രയ മേഖലയിലെ സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന പ്രസവാവധി പരിരക്ഷ എന്തുകൊണ്ടോ അധ്യാപികമാർക്കും മറ്റും ലഭിക്കുന്നില്ല. ഇതോടെ കുസുമം തൃശൂർ ജില്ലാ ലേബർ ഓഫീസർക്കും മറ്റും പരാതി നൽകി. വിദഗ്ധ ഉപദേശപ്രകാരം ഹൈക്കോടതി അഭിഭാഷകനായ ഹസ്സന്റെ സഹായത്തോടെ ഇത് സംബന്ധിച്ച നിയമഭേദഗതി നിർദേശം തയാറാക്കി കുസുമം നേരിട്ട് സംസ്ഥാന തൊഴിൽ മന്ത്രിക്കു സമർപ്പിച്ചു. ഇതിൽ കാര്യമുണ്ടെന്നു മന്ത്രിക്കു മനസ്സിലായി. അങ്ങനെ സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ മെഡിക്കൽ, എഞ്ചിനീറിങ്, ആർട്സ് കോളേജുകൾ, നഴ്സിംഗ് കോളേജുകൾ, സ്കൂളുകൾ എന്നിവിടങ്ങളിലെ അധ്യാപികമാർക്കും ബന്ധപ്പെട്ട ജീവനക്കാർക്കും പ്രസവാവധി നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന സുപ്രധാന ഉത്തരവ് സംസ്ഥാന മന്ത്രിസഭ പുറപ്പെടുവിച്ചു. പതിനായിരക്കണക്കിന് അസംഘടിതരായ സ്ത്രീകൾക്ക് ആശ്വാസം നൽകുന്ന ഈ തീരുമാനം കുസുമത്തിന്റെ മൂന്നാമത്തെ വിജയമായി.
തന്റെ പോരാട്ട കഥകൾ കോർത്തിണക്കി ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാണ് കെൽട്രോണിൽ നിന്നും 2012 ൽ വിരമിച്ച ശേഷം എഴുത്തുകാരി കൂടിയായി മാറിയ കുസുമം ആർ പുന്നപ്ര. പോരാട്ടങ്ങൾക്കിടയിലും തിരുവനന്തപുരത്തെ മരുതൻകുഴിയിലെ പാലാഴി വീട്ടിലിരുന്നു കുസുമം കഥയെഴുതുകയാണ്. 3 നോവലുകൾ, ബാലസഹിത്യ കൃതികൾ എന്നിങ്ങനെ 14 പുസ്തകങ്ങൾ പുറത്തിറക്കി.
അസംഘടിത മേഖലയിലെ സ്ത്രീകൾക്ക് വേണ്ടി പ്രസവാവധിയും ആനുകൂല്യങ്ങളും ഒക്കെ കേന്ദ്രസർക്കാരിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്നും തങ്ങൾക്കു നേടിത്തന്നതിനു പിന്നിൽ ഒരു വനിതയാണെന്നും അത് കുസുമം ആർ പുന്നപ്രയെന്ന എഴുത്തുകാരിയാണെന്നും അധികമാർക്കുമറിയില്ലായിരിക്കാം.
പക്ഷെ കുസുമം തന്റെ വനിതകൾക്കായുള്ള പോരാട്ടം അവസാനിപ്പിക്കുന്നില്ല. ആലപ്പുഴയിലെ തീരമേഖലകളിൽ ബ്ലൈഡ് മാഫിയകളുടെ കടക്കെണിയിൽ അകപ്പെട്ടു ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുന്ന കുറെ സ്ത്രീകളുടെ കദന കഥയുണ്ട് കുസുമത്തിന്റെ മനസ്സിലിപ്പോൾ.
The strength of a housewife’s long legal battle is based on the Government’s assurance of maternity leave for women employed in Kerala’s IT parks and the self-employed sector today, and workplace crush facilities for the babies of IT professionals. Writer Kusumam R. Punnapra’s determination and fighting spirit has helped women in the private sector but she still continues fighting for the women. Kusumam R Punnapra, a writer settled in Thiruvananthapuram, is preparing for a legal battle to tackle these prevalent issues.