സിലിക്കൺ വാലി ബാങ്ക് തകർച്ചയെ തുടർന്ന് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ നേരിടുന്ന പ്രശ്നങ്ങൾ ധനമന്ത്രാലയവുമായി ചേർന്ന് ഐടി മന്ത്രാലയം പരിഹരിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.
യുഎസിൽ നിന്ന് ഇന്ത്യൻ ബാങ്കുകളിലേക്ക് സുഗമമായ ഫണ്ട് കൈമാറ്റം സർക്കാർ സാധ്യമാക്കുമെന്ന് രാജീവ് ചന്ദ്രശേഖർ സ്റ്റാർട്ടപ്പുകളുമായുളള ചർച്ചയിൽ ഉറപ്പ് നൽകി. 450-ലധികം സംരംഭകരും വെഞ്ച്വർ ക്യാപിറ്റലുകളും പങ്കെടുത്ത യോഗത്തിൽ, നിലവിലെ പ്രതിസന്ധിയിൽ നിന്ന് സ്റ്റാർട്ടപ്പുകളെ സഹായിക്കുക എന്നതാണ് സർക്കാരിന്റെ മുൻഗണനയെന്ന് മന്ത്രി പറഞ്ഞു. ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുന്നതിന് സജീവമായ നടപടികൾ സ്വീകരിക്കുമെന്ന് സ്റ്റാർട്ടപ്പുകൾക്ക് ഉറപ്പ് നൽകി. കൂടാതെ, ‘ഡെപ്പോസിറ്റ്-ബാക്ക്ഡ് ക്രെഡിറ്റ് ലൈനുകൾ’ നൽകുന്നതിനുള്ള സാധ്യതകളും യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു.
നിക്ഷേപകർക്ക് മുഴുവൻ പണവും തിരികെ നൽകുമെന്ന് യുഎസ് റെഗുലേറ്റർമാർ ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും, സമയക്രമത്തിൽ വ്യക്തതയില്ല. ഇത് SVB തകർച്ച ബാധിച്ച സ്ഥാപനങ്ങളെ പണലഭ്യത പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് മന്ത്രി പറഞ്ഞു. ധനമന്ത്രി നിർമ്മല സീതാരാമനുമായി യോഗ തീരൂമാനങ്ങൾ പങ്കിടുമെന്നും സ്റ്റാർട്ടപ്പുകളുടെ ആശങ്കകൾ എങ്ങനെ മികച്ച രീതിയിൽ പരിഹരിക്കാമെന്ന് കൂടിയാലോചിച്ച് പ്രവർത്തിക്കുമെന്നും രാജീവ് ചന്ദ്രശേഖർ സൂചിപ്പിച്ചു.
യുഎസിൽ സാന്നിധ്യമുള്ള മിക്ക ഇന്ത്യൻ സോഫ്റ്റ്വെയർ-ആസ് എ-സർവീസ് സ്റ്റാർട്ടപ്പുകളും ഇൻകുബേറ്റർ വൈ കോമ്പിനേറ്ററുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും SVB തകർച്ചയിൽ പ്രതിസന്ധി അനുഭവിക്കുന്നവരിൽ ഉൾപ്പെടുന്നു. സ്റ്റാർട്ടപ്പുകളുമായുള്ള ആശയവിനിമയത്തിൽ, ഇന്ത്യൻ ബാങ്കിംഗ് സംവിധാനവുമായി ഇടപഴകാനും മന്ത്രി അവരോട് ആവശ്യപ്പെട്ടു. ചർച്ചയിൽ പങ്കെടുത്തവർ പങ്കുവെച്ച ചില ആശങ്കകളിൽ അവരുടെ യുഎസ് ഡോളർ നിക്ഷേപം ഇന്ത്യയിലേക്കും യുഎസ് ആസ്ഥാനമായുള്ള ഇന്ത്യൻ ബാങ്കുകളുടെ ശാഖകളിലേക്കും മാറ്റുന്നതും ഉൾപ്പെടുന്നു.
അമേരിക്കൻ ബാങ്കുകൾ മികച്ച ക്രെഡിറ്റ് ലൈനുകൾ നൽകുന്നു. ഇത് കമ്പനികൾക്ക് യുഎസിലെ ബാങ്കിംഗ് ആകർഷകമാക്കുന്നു. മാത്രമല്ല, നിരവധി വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകൾ സ്റ്റാർട്ടപ്പുകളോട് ഫണ്ടിംഗിനായി യുഎസിൽ അക്കൗണ്ട് വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യൻ ബാങ്കുകളിലേക്ക് പണം കൈമാറാനുളള നീക്കങ്ങൾ വേഗത്തിലാക്കുമെന്നും അടിയന്തര പണലഭ്യതക്കുറവ് നേരിടാൻ അവർക്ക് ക്രെഡിറ്റ് ലൈനുകൾ നൽകുമെന്നും യുഎസിൽ അവർ ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നതിന് ഒരു ചട്ടക്കൂട് സൃഷ്ടിക്കാൻ സർക്കാർ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
.govt-will-solve-problems-facing-by-indian-startups-regarding-svb-crash