പ്രവാസി സംരംഭങ്ങൾക്ക് മാറ്റ് കൂടും
കേരള സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതി- നോർക്ക ഡിപ്പാർട്ട്മെൻറ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് (NDPREM)ലൂടെ കേരളത്തിൽ ഇതുവരെ ആരംഭിച്ചത് പന്ത്രണ്ടായിരത്തോളം പ്രവാസി സംരംഭങ്ങൾ.
വിദേശത്തുനിന്നും മടങ്ങിയെത്തി നാട്ടിൽ സ്ഥിരതാമസമാക്കുന്നവർക്കായി കേരള സർക്കാർ നോർക്ക വകുപ്പ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് നോർക്ക ഡിപ്പാർട്ട്മെൻറ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് (NDPREM).
ഈ പദ്ധതി പ്രകാരം, രണ്ട് വർഷത്തെ പ്രവാസത്തിനുശേഷം മടങ്ങിയെത്തിയ പ്രവാസികൾക്കും പ്രവാസി കൂട്ടായ്മകൾക്കും നോർക്ക റൂട്ട്സുമായി കരാറിൽ ഏർപ്പെട്ടിട്ടുളള ധനകാര്യ സ്ഥാപനത്തിലൂടെ വായ്പകൾ സ്വീകരിച്ച് സംരംഭങ്ങൾ തുടങ്ങാവുന്നതാണ്.
എന്താണ് NDPREM
പ്രവാസി സംരംഭങ്ങൾക്ക് ഒരു ലക്ഷം രൂപ മുതൽ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എൻ.ഡി.പി. ആർ.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക.
സംരംഭകർക്ക് കൃത്യമായ വായ്പാ തിരിച്ചടവിന് 15 % മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 % പലിശ സബ്സിഡിയും (ആദ്യത്തെ നാലു വർഷം) പദ്ധതി വഴി സംരംഭകർക്ക് ലഭിക്കും.
NDPREM വായ്പക്കായി എങ്ങിനെ അപേക്ഷിക്കാം?
അപേക്ഷകൻ നോർക്ക റൂട്ട്സിൻറെ www.norkaroots.org എന്ന വെബ്സൈറ്റിൽ NDPREM – ൽ രജിസ്റ്റർ ചെയ്യണം.
രജിസ്റ്റർ ചെയ്യുന്നതിന് പാസ്പോർട്ട്, തിരിച്ചറിയൽ കാർഡ്, ആധാർകാർഡ്, ഫോട്ടോ, റേഷൻകാർഡ്, പാൻകാർഡ്, പദ്ധതിയെകുറിച്ച് ലഘുവിവരണം എന്നിവ കൈയിൽ കരുതേണ്ടതാണ്. പദ്ധതി, പദ്ധതിക്കാവശ്യമായ തുക, ലോൺ എടുക്കുന്ന ധനകാര്യ സ്ഥാപനത്തിൻറെ വിവരം എന്നിവ രജിസ്ട്രേഷനിൽ രേഖപ്പെടുത്തേണ്ടതാണ്. രജിസ്റ്റർ ആയതിനുശേഷം ധനകാര്യസ്ഥാപനത്തിലേക്ക് ശുപാർശ ലഭിക്കുന്നതിന് രജിസ്ട്രേഷനുശേഷം ലഭിക്കുന്ന പ്രിൻറും, പാസ്പോർട്ടും, ഫോട്ടോയുമായി നോർക്ക റൂട്ട്സിൻറെ ജില്ലാ ഓഫീസിൽ സ്ക്രീനിംഗിന് നേരിട്ടോ അല്ലായെങ്കിൽ പാസ്സ്പോർട്ടിൻറെ ഫോട്ടോ പേജ്, അഡ്രസ് പേജ്, രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്തായിരുന്നു എന്നു തെളിയിക്കുന്നതിനാവശ്യമായ പാസ്സ്പോർട്ട് പേജുകളുടെ കോപ്പികൾ സഹിതം
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്സ്, തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014
എന്ന വിലാസത്തിൽ തപാൽ മാർഗ്ഗം അയ്യക്കാവുന്നതാണ്.
സംശയ നിവാരണത്തിന് 0471- 2770511, 18004253939(ടോൾ ഫ്രീ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാനും സംവിധാനമുണ്ട്.
നോർക്ക റൂട്ട്സുമായി കരാറിൽ ഏർപ്പെട്ടിട്ടുളള ധനകാര്യസ്ഥാപനങ്ങൾ ചുവടെ
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
- കാനറ ബാങ്ക്
- കേരള ബാങ്ക്
- ബാങ്ക് ഓഫ് ബറോഡ
- ഫെഡറൽ ബാങ്ക്
- സൗത്ത് ഇന്ത്യൻ ബാങ്ക്
- ഇന്ത്യൻ ഓവർസീസ് ബാങ്ക്
- യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
- ബാങ്ക് ഓഫ് ഇന്ത്യ
- യുകോ ബാങ്ക്
- ധനലക്ഷ്മി ബാങ്ക്
- കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്
- കേരള ഫിനാഷ്യൽ കോർപ്പറേഷൻ
- കേരള സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷൻ
- കേരള സംസ്ഥാന എസ്.സി / എസ്.ടി കോർപ്പറേഷൻ
- കേരള സംസ്ഥാന വനിത വികസന കോർപ്പറേഷൻ
- കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന കോർപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (മലപ്പുറം).
- ട്രാവൻകൂർ പ്രവാസി വികസന കോർപ്പറേറ്റീവ് സൊസൈറ്റി (തിരുവനന്തപുരം)
എന്താണ് പ്രവാസി ലോൺ മേള?
സംരംഭങ്ങൾ തുടങ്ങാൻ വായ്പ ആവശ്യമുള്ളവരെയും വായ്പ നൽകാൻ തയ്യാറുള്ള ധനകാര്യ സ്ഥാപനങ്ങളേയും പരസ്പരം ബന്ധിപ്പിച്ച് സംരംഭകർക്ക് പിന്തുണ നൽകുക എന്നതാണ് പ്രവാസി ലോൺ മേളകൊണ്ട് ഉദ്ദേശിക്കുന്നത്.
നിലവിൽ കേരളാ ബാങ്കുമായും മേൽ പറഞ്ഞ വാണിജ്യ സഹകരണ ബാങ്കുകളുമായി ചേർന്നാണ് നോർക്ക പ്രവാസി ലോൺ മേള സംഘടിപ്പിക്കുന്നത്.
നോർക്ക – കേരള ബാങ്ക് ലോൺ മേള :
196 സംരംഭങ്ങൾക്ക് വായ്പാനുമതി
ഇത് ആദ്യമായാണ് കേരള ബാങ്കുമായി ചേർന്ന് ഇടുക്കി ജില്ലയിലെ പ്രവാസികൾക്കായി നോർക്ക ലോൺ മേള സംഘടിപ്പിക്കുന്നത്. നോർക്കയുടെ ഈ സാമ്പത്തിക വർഷത്തെ മുപ്പതാമത് ലോൺമേളയാണ് ചെറുതോണിയിൽ നടന്നത്.
തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ടസ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെൻറ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻറ്സ് പദ്ധതി പ്രകാരമാണ് ലോൺ മേള നടത്തിയത്.
ചെറുതോണി കേരളാ ബാങ്ക് ക്രെഡിറ്റ് പ്രോസ്സസിങ് സെന്ററിൽ നടന്ന മേളയിൽ 236 പേർ പങ്കെടുത്തു.
ഇതിൽ 196 പേർക്ക് വായ്പക്കായുള്ള പ്രാഥമികാനുമതി ലഭിച്ചു.180 പേർക്ക് കേരള ബാങ്ക് വഴിയും 16 പേർക്ക് മറ്റ് ധനകാര്യ സ്ഥാപനങ്ങൾ വഴിയും വായ്പ ലഭ്യമാകും.
ഇത് കേരളത്തിന്റെ തനതു പദ്ധതി : പി. ശ്രീരാമകൃഷ്ണൻ
തിരിച്ചെത്തുന്ന പ്രവാസികൾക്കായി നോർക്ക റൂട്ട്സ് നടപ്പാക്കുന്നതുപോലെയുള്ള പദ്ധതികൾ മറ്റൊരു സംസ്ഥാനങ്ങളിലുമില്ലെന്നും നോർക്കയുടെ പുനരധിവാസ പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃകയാണെന്നും നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.
നോർക്ക റൂട്ട്സും കേരള ബാങ്കും സംയുക്തമായി ചെറുതോണിയിൽ സംഘടിപ്പിച്ച പ്രവാസി ലോൺ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നോർക്കയുടെ സംരംഭകത്വ പദ്ധതികൾ കേരളത്തിലെ പ്രവാസികൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നുണ്ട്. സംരംഭത്തിന്റെ പ്രധാന്യവും സംരംഭകരുടെ പ്രായോഗികാനുഭവങ്ങളും പ്രചരിപ്പിക്കുന്നതിനായി സംരംഭകത്വ സന്ദേശയാത്ര നടത്തുമെന്നും പി.ശ്രീരാമകൃഷ്ണൻ അറിയിച്ചു.
Around Twelve Thousand non-resident enterprises have been started in Kerala through Norka Department (NDPREM), a resettlement project implemented by the Government of Kerala through NORKA ROOTS.