500 കോടി വരുമാന മികവും, IPO എന്ന സ്വപ്നവുമായി വൈദ്യരത്നം
500 കോടി വരുമാന മികവിലേക്കെന്ന ലക്ഷ്യവുമായി മുന്നോട്ടു പോകുകയാണ് കേരളത്തിലെ തൃശൂർ ആസ്ഥാനമായുള്ള പ്രമുഖ ആയുർവേദ ഗ്രൂപ്പായ ‘വൈദ്യരത്നം’. ഇതിനോടൊപ്പം ഏഴു വർഷത്തിനുള്ളിൽ പ്രാഥമിക ഓഹരി വിൽപ്പന (ഐ.പി.ഒ.) നടത്തി ഓഹരികൾ സ്റ്റോക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നു വൈദ്യരത്നം . ആയുർവേദ ചികിത്സാ രംഗത്തു പ്രവർത്തിക്കുന്ന കമ്പനി ഇതിനു മുന്നോടിയായി ന്യൂട്രാസ്യൂട്ടിക്കൽസ് രംഗത്തേക്ക് ചുവടുവെക്കുമെന്ന് എക്സിക്യുട്ടീവ് ഡയറക്ടർമാരായ ഡോ. യദു നാരായണൻ മൂസ്സും ഡോ. കൃഷ്ണൻ മൂസ്സും പറഞ്ഞു.
ന്യൂട്രാസ്യൂട്ടിക്കൽ രംഗത്തേക്ക് ചുവടുവെക്കുന്നതിന്റെ ഭാഗമായി ബൃഹത്തായ ഗവേഷണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ആയുർവേദ ഉത്പന്നങ്ങളിൽ നൂതന ആശയങ്ങൾ കൊണ്ടുവരാനും പദ്ധതിയുണ്ട്.
നടപ്പ് സാമ്പത്തിക വർഷം 240 കോടി രൂപ വരുമാനം നേടാനും 2030 ഓടെ അതിന്റെ ഇരട്ടി വരുമാനം നേടാനും ശ്രമിക്കുന്നു.
2029-30 സാമ്പത്തിക വർഷത്തോടെ, 500 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ 150-200 കോടി രൂപ ന്യൂട്രാസ്യൂട്ടിക്കൽസ് ഉൾപ്പെടെയുള്ള പുതിയ ഉത്പന്ന നിരയിൽ നിന്നായിരിക്കുമെന്നും ഇരുവരും വ്യക്തമാക്കി.
എന്താണ് ന്യൂട്രാസ്യൂട്ടിക്കൽസ്
വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന ശാരീരിക ഗുണങ്ങളുള്ള പദാർത്ഥങ്ങളാണ് ന്യൂട്രാസ്യൂട്ടിക്കൽസ്. ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രായമാകൽ പ്രക്രിയ വൈകിപ്പിക്കുന്നതിനും, വിട്ടുമാറാത്ത രോഗങ്ങൾ തടയുന്നതിനും, ആയുർദൈർഘ്യം വർദ്ധിപ്പിക്കുന്നതിനും, ശരീരത്തിന്റെ ഘടനയെ അല്ലെങ്കിൽ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനും ന്യൂട്രാസ്യൂട്ടിക്കൽസ് ഉപയോഗിക്കാം.
99 വർഷം പഴക്കമുള്ള ‘വൈദ്യരത്നം’സ്ഥാപനം സമഗ്രമായ അഷ്ടവൈദ്യ പാരമ്പര്യം പിന്തുടരുന്ന ഒരേയൊരു ആയുർവേദ ഗ്രൂപ്പാണ്. 1924-ൽ തൃശ്ശൂരിലെ തൈക്കാട്ടുശ്ശേരിയിൽ എളേടത്ത് തൈക്കാട്ട് നീലകണ്ഠൻ മൂസ്സാണ് ഇത് ആരംഭിച്ചത്.
പുതിയ ഉൽപ്പന്നങ്ങളും സേവനങ്ങളും, ഗവേഷണത്തിലും വികസനത്തിലും പുതുക്കിയ ശ്രദ്ധ, ശൃംഖല വികസിപ്പിക്കൽ, ജീവിതശൈലി രോഗങ്ങളിൽ പ്രത്യേക ശ്രദ്ധ, ന്യൂട്രാസ്യൂട്ടിക്കൽസ് വിഭാഗത്തിൽ പ്രവേശിക്കൽ എന്നിവ പ്ലാനിലെ പ്രധാന ഘടകങ്ങളിൽ ഉൾപ്പെടുന്നു,
വന്ധ്യതയിലേക്കും മാതൃ പരിചരണത്തിലേക്കും ഒരു ചുവടുവെപ്പ് എന്നതിന്റെ ഭാഗമായി ഈ വർഷം ആദ്യം ഫെർട്ടിലിറ്റി ആൻഡ് മാതൃ പരിചരണ സ്ഥാപനം ആരംഭിച്ചിട്ടുണ്ട്.
സ്പോർട്സ് മെഡിസിൻ മേഖലയിലേക്ക് വൻതോതിൽ കടന്നുകയറാനും വൈദ്യരത്നം പദ്ധതിയിടുന്നുണ്ട്.
സ്പോർട്സ് മെഡിസിൻ മേഖലയിൽ ഗവേഷണ-വികസന സംഘം പ്രവർത്തനത്തിന്റെ വിപുലമായ ഘട്ടങ്ങളിലാണ്.
” ഞങ്ങളുടെ 2030 പദ്ധതി പ്രകാരം വന്ധ്യത, സ്പോർട്സ്, ജീവിതശൈലി രോഗങ്ങൾ തുടങ്ങിയ ചികിത്സയുടെ പുതിയ വിഭാഗങ്ങളിൽ പ്രവേശിച്ച് വിറ്റുവരവ് 500 കോടി രൂപയായി ഇരട്ടിയാക്കാൻ ലക്ഷ്യമുണ്ട്. കൂടാതെ പുതിയ മെഡിക്കൽ ഉൽപ്പന്നങ്ങൾ, പ്രത്യേകിച്ച് ന്യൂട്രാസ്യൂട്ടിക്കൽസ് പുറത്തിറക്കിക്കൊണ്ടും ഇത് സാധ്യമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ,”വൈദ്യരത്നം ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ അഷ്ടവൈദ്യൻ ഡോ. യദു നാരായണൻ മൂസ്, അഷ്ടവൈദ്യൻ ഡോ. കൃഷ്ണൻ മൂസ് എന്നിവർ പറഞ്ഞു.
“വരും ദിവസങ്ങളിൽ ഗ്രൂപ്പിന്റെ വിപുലീകരണവും ആസൂത്രണം ചെയ്യുന്നു. ഡൽഹി, മുംബൈ, ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഗ്രൂപ്പിന് നേരിട്ട് സാന്നിധ്യമുണ്ട്. വടക്കൻ, പടിഞ്ഞാറൻ മേഖലകളിൽ കുറച്ച് സ്ഥലങ്ങൾ കൂടി ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്, മഹാരാഷ്ട്രയിലെ ജയ്പൂർ, കോലാപൂർ, പൂനെ എന്നിവയും ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളുമാണ് ഉടനടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.” ഡോ. കൃഷ്ണൻ മൂസ് പറഞ്ഞു.
“ജീവിതശൈലി പ്രശ്നങ്ങളുമായി പൊതുവെ ബന്ധപ്പെട്ടിരിക്കുന്ന മേഖലകളിൽ സഹായം തേടുന്ന യുവാക്കളെ, പ്രത്യേകിച്ച് ഐടി, മാനേജ്മെന്റ് മേഖലകളിലെ പ്രൊഫഷണലുകളെ ഞങ്ങൾ സ്വീകരിക്കുന്നു. പ്രമേഹരോഗികൾക്ക് പുറമെ, രക്താതിമർദ്ദം, ഉറക്കമില്ലായ്മ, ഇറിറ്റബിൾ ബവൽ സിൻഡ്രോം എന്നിവയും വർദ്ധിച്ചുവരുന്നതായി ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. യുവാക്കൾക്ക്, അഷ്ടവൈദ്യ സമ്പ്രദായത്തിൽ ഈ രോഗങ്ങൾക്ക് ഫലപ്രദമായ പ്രതിവിധികളുണ്ട്” ഡോ. യദു നാരായണൻ മൂസ് പറഞ്ഞു.
ഔഷധസസ്യങ്ങൾ ലഭ്യമാക്കുന്നതിലെ ബുദ്ധിമുട്ട് നിലവിലുണ്ട്. അസംസ്കൃത വസ്തുക്കളുടെ വിതരണം ഉറപ്പാക്കാൻ മറ്റു സംസ്ഥാനങ്ങളിലെ, പ്രത്യേകിച്ച് ഉത്തരാഖണ്ഡിലെയും ഹിമാചൽ പ്രദേശിലെയും കർഷകരുമായി കരാറിൽ ഏർപ്പെടുകയാണ് ഗ്രൂപ്പ്.
ഹിമാചലിലെ ബഡ്ഡിയിലെ 100 കിടക്കകളുള്ള വൃന്ദാവൻ ആയുർവേദ ആശുപത്രി പ്രവർത്തനക്ഷമമാക്കാനുള്ള കരാറിൽ ഗ്രൂപ്പ് ഏർപ്പെട്ടു കഴിഞ്ഞു. താമസിയാതെ
റിയാദിൽ 100 കിടക്കകളുള്ള ആയുർവേദ ആശുപത്രി സ്ഥാപിക്കാൻ സൗദി ഗവൺമെന്റുമായി ധാരണാപത്രത്തിൽ ഏർപ്പെടും.
വൈദ്യരത്നം തൃശൂർ ആസ്ഥാനത്ത് NABH അംഗീകൃത 100 കിടക്കകളുള്ള ചികിത്സാ സൗകര്യവും , 150 കിടക്കകളുള്ള മെഡിക്കൽ കോളേജും പ്രവർത്തിക്കുന്നു. 2030ഓടെ കിടക്കയുടെ എണ്ണം 450 ആയി ഉയർത്തും.
തൃശ്ശൂരിലെ തൈക്കാട്ടുശ്ശേരി, ചുവന്നമണ്ണ്, തമിഴ്നാട്ടിലെ പൊള്ളാച്ചി എന്നിവിടങ്ങളിലെ മൂന്ന് ഉല്പാദന യൂണിറ്റുകളുടെ ശേഷി ഉടൻ വർദ്ധിപ്പിക്കും. 2030 ഓടെ ആയുർവേദ ചികിത്സാ രംഗത്ത് ഏറെ മുന്നിലെത്തി പ്രാഥമിക ഓഹരി വിൽപ്പനരംഗത്തേക്ക് തിരിയുകയാണ് ലക്ഷ്യം