മാലിന്യമിട്ടാൽ 1 വർഷം തടവും അരലക്ഷം പിഴയും
കൊച്ചി മോഡൽ മാലിന്യ സംസ്കരണ-നിരീക്ഷണ സംവിധാനം സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഒരുങ്ങുന്നു. മാലിന്യ സംസ്കരണ നിയമം കർശനമായി സംസ്ഥാനത്തൊട്ടാകെ നടപ്പാക്കും. ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കരുതെന്ന് ഉറച്ച നിലപാടിലാണ് വകുപ്പ്. നിയമം ലംഘിക്കുന്നവർക്ക് തടവും പിഴയും നേരിടേണ്ടി വരും. കൊച്ചിയിലെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തുടക്കമിട്ട ബോധവൽക്കരണ, മാലിന്യ പരിപാലന നിയമനടപ്പാക്കൽ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും.
മാലിന്യ സംസ്കരണ നിയമം പാലിക്കാതിരിക്കുകയോ ലംഘിക്കുകയോ ചെയ്താൽ ആറുമാസം മുതൽ ഒരുവർഷംവരെ തടവും 10,000 മുതൽ 50,000 രൂപവരെ പിഴ ശിക്ഷയും ലഭിക്കും. ലംഘനം തുടരുന്ന ഓരോ ദിവസത്തേക്കും 1000 രൂപയിൽ കുറയാത്ത തുക പിഴ തദ്ദേശ സ്ഥാപനത്തിൽ ഒടുക്കേണ്ടി വരും.
മാലിന്യ സംസ്കരണത്തിൽ അനാസ്ഥയും കാലതാമസവും വരുത്തുന്ന തദ്ദേശ സ്ഥാപനങ്ങൾക്കെതിരെയും നിയമപ്രകാരമുള്ള നടപടിയുണ്ടാകും.
100 ചതുരശ്രമീറ്ററിൽ കൂടുതൽ തറവിസ്തീർണമുള്ള വീടുകൾ, ലൈസൻസോടെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, ക്ലബ്ബുകൾ, കല്യാണ മണ്ഡപങ്ങൾ, ഹാളുകൾ, മാളുകൾ, റീട്ടെയിൽ സ്ഥാപനങ്ങൾ, ഷോപ്പിങ് മാളുകൾ, തുണിക്കടകൾ, തിയേറ്ററുകൾ, പഴം-പച്ചക്കറി വിൽപ്പനക്കടകൾ, മത്സ്യ-മാംസ വിൽപ്പനക്കടകൾ, വ്യാപാരകേന്ദ്രങ്ങൾ, ആശുപത്രികൾ, ചന്തകൾ, കാന്റീനുകൾ, കാറ്ററിങ് യൂണിറ്റുകൾ, സ്റ്റേഷനറിക്കടകൾ, ബേക്കറികൾ, നിർമാണശാലകൾ എന്നിവിടങ്ങളിൽ ജൈവ-അജൈവമാലിന്യം തരംതിരിക്കാൻ സംവിധാനം ഉണ്ടായിരിക്കണം.
തരംതിരിക്കുന്ന ജൈവമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാതിരിക്കുകയോ അജൈവമാലിന്യം തദ്ദേശസ്ഥാപനങ്ങൾ ഏർപ്പെടുത്തിയ ഏജൻസികൾക്ക് കൈമാറുകയോ ചെയ്യാതിരുന്നാൽ ശിക്ഷ നടപ്പാക്കും. നിർമാണസമയത്തുതന്നെ മാലിന്യസംസ്കരണ സംവിധാനം ഇല്ലാത്തവയ്ക്ക് പ്രവർത്തനാനുമതിയോ ലൈസൻസോ കെട്ടിട നമ്പറോ നൽകരുതെന്നും തദ്ദേശവകുപ്പ് നിർദേശം നൽകി.
സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിൽ നിശ്ചിതസമയത്തിനകം ഈ സൗകര്യം ഒരുക്കിയില്ലെങ്കിൽ ലൈസൻസും കെട്ടിട നമ്പറും പ്രവർത്തനാനുമതിയും റദ്ദാക്കും.
നിയമം കർശനം: കൊച്ചിയിൽ തുടക്കമിട്ടു
ഏപ്രിൽ 10 മുതൽ കൊച്ചി ക്ലീനാകുമോ?
കൊച്ചി കോർപറേഷനിലും ഇതര നഗരസഭകളിലും എല്ലാ വീടുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സന്ദർശനം തുടരുകയാണ്. ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കാൻ ആവശ്യമായ സാങ്കേതിക പിന്തുണയും ഉപദേശവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ലഭ്യമാക്കും. ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചട്ടപ്രകാരം എല്ലാവർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നോട്ടീസും നൽകും.
ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ എൻ.എസ്.എസ് വളണ്ടിയർമാർ, ആശാ പ്രവർത്തകർ, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവരുടെ സംഘമാണ് ബോധവൽകരണ പ്രവർത്തനം നടത്തുന്നത്.
ഇതിനു ശേഷവും മാലിന്യ സംസ്കരണ നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയുണ്ടാകും. ഉറവിട മാലിന്യ സംസ്കരണത്തിനുള്ള സൗകര്യങ്ങൾ വീടുകളിലുണ്ടോ, ഉണ്ടെങ്കിൽ അവ കൃത്യമായാണോ പ്രവർത്തിക്കുന്നത് എന്ന് പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകും. ഹരിതകർമ്മ സേനാംഗങ്ങൾ അപര്യാപ്തമായ തദ്ദേശ സ്ഥാപനങ്ങൾ ഉടൻ ആ കുറവ് നികത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മെറ്റീരിയൽ കളക്ഷൻ സെന്ററുകളുടെ (എം.സി.എഫ്) എണ്ണം കുറവുള്ള തദ്ദേശ സ്ഥാപനങ്ങൾ അടിയന്തരമായി അവ സ്ഥാപിക്കാനുള്ള നടപടിയെടുക്കണം.
തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ ദുരന്തനിവാരണ നിയമം അനുസരിച്ച് നടപടി.
കൊച്ചിയിലെ ഫ്ലാറ്റുകൾ, അപ്പാർട്മെന്റ് കോംപ്ലക്സുകൾ, ഹോട്ടൽ, റെസ്റ്റാറന്റ് എന്നിവക്ക് ചട്ടപ്രകാരമുള്ള മാലിന്യസംസ്കരണ സംവിധാനം ഏർപ്പെടുത്താനുള്ള നോട്ടീസ് നൽകിത്തുടങ്ങി. ചട്ടം അനുശാസിക്കുന്ന നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് തദ്ദേശ വകുപ്പ് കർശന നിർദേശം നൽകി. തദ്ദേശ സ്ഥാപനങ്ങൾ യഥാസമയം തീരുമാനമെടുക്കാതിരുന്നാൽ കാലതാമസം ഒഴിവാക്കാനായി ദുരന്തനിവാരണ നിയമം അനുസരിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ എംപവേഡ് കമ്മിറ്റിയോട് നിർദേശിച്ചു.
ഏപ്രിൽ 10നകം കൊച്ചിയിൽ സമ്പൂർണ ഉറവിട സംസ്കരണം യാഥാർഥ്യമാക്കും
ഏപ്രിൽ പത്തിനകം കൊച്ചിയിലെ മുഴുവൻ വീടുകളിലും ഉറവിട മാലിന്യ സംസ്കരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കർമ്മപദ്ധതി ആവിഷ്കരിച്ച് മുന്നോട്ട് പോകുന്നത്. പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ മാലിന്യമുക്തമായി പ്രഖ്യാപിക്കും.