5% പലിശയ്ക്ക് വായ്പ എന്നത് KSIDC വഴി നടപ്പിലാക്കുന്ന വി മിഷൻ പദ്ധതി ഉറപ്പാക്കും.
സംസ്ഥാന സർക്കാരിന്റെ പുതിയ തീരുമാനം അനുസരിച്ചു നിലവിൽ വായ്‌പയെടുത്തവർക്കു തിരിച്ചടവിന് അനുവദിച്ച മൊറട്ടോറിയം ആറ് മാസത്തിൽ നിന്ന് ഒരു വർഷമാക്കി.
ബിസിനസ് ഇൻകുബേറ്റർ സെന്ററുകളിൽ വനിതാ സംരംഭകർക്ക് 50% വായ്പാ ഇളവ് നല്കാൻ തീരുമാനമായിട്ടുണ്ട്. ആദ്യ പടിയായി കോഴിക്കോട്ടെ ഇൻകുബേഷൻ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ വനിതാ സംരംഭകർക്ക് ഏപ്രിൽ ഒന്നുമുതൽ 50 ശതമാനം വാടകയിളവും പ്രഖ്യാപിച്ചു.
വനിതാ സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തിന് തിരിച്ചടയ്ക്കേണ്ടതില്ലാത്ത 5 ലക്ഷം രൂപ ഗ്രാന്റ്പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കുന്ന സഹകരണ സംഘങ്ങള്‍ക്കും നിലവില്‍ പ്രവര്‍ത്തനം നിലച്ചവയുടെ ആധുനികവത്കരണം, വിപുലീകരണം എന്നിവയ്ക്കും ഈ ഗ്രാന്റ് ലഭിക്കും. ബാങ്കുകളില്‍നിന്ന് വായ്പ ലഭിക്കാനും പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാനും വ്യവസായ വകുപ്പ് സഹായിക്കും.
സംസ്ഥാനത്ത് തുടക്കമിട്ട സംരംഭങ്ങൾ നിലനിർത്താൻ ത്രിതല സംവിധാനം ഒരുക്കും.
സംരംഭകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്ന സംരഭക ക്ലിനിക്കുകൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇതിലൊന്ന്. നിലവിൽ എല്ലാ ജില്ലയിലും ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. സംരംഭങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ അറിയിച്ചാൽ ഈ ക്ലിനിക്കുകളിൽ പരിഹാരം നിർദേശിക്കും. തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഇന്റേണുകൾ എല്ലാ സംരംഭങ്ങളും സന്ദർശിച്ച് പ്രശ്‌നങ്ങൾ മനസിലാക്കി പരിഹാരം നിർദേശിക്കുകയാണ് രണ്ടാമത്തെ സംവിധാനം. നിർമിത ബുദ്ധി അധിഷ്‌ഠിതമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ലിങ്കേജ് മാതൃകയാണ് മൂന്നാമത്തേത്. സംരംഭങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ മുൻകൂട്ടിത്തന്നെ മനസിലാക്കാൻ ഈ സംവിധാനം വഴി സാധിക്കും. സംരംഭകരുടെ പരാതികളിൽ 30 ദിവസത്തിനുള്ളിൽ പരിഹാരം കാണാൻ വ്യവസായ വകുപ്പ് ഓൺലൈൻ പരാതി പരിഹാര പോർട്ടൽ തയ്യാറാക്കിയിട്ടുണ്ട്.
സർവകലാശാലകളുടെയും കോളേജുകളുടെയും അധികമുള്ള ഭൂമിയിൽ വ്യവസായങ്ങൾ ആരംഭിക്കാൻ പദ്ധതി തയ്യാറാക്കും. സർവകലാശാലകളുടെ ഗവേഷണ ഫലങ്ങളുമായി ബന്ധപ്പെട്ട ഉൽപ്പനങ്ങളുടെ വ്യവസായങ്ങൾക്കായിരിക്കും ഇവിടെ മുൻഗണന നൽകുക.
എട്ടു സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകി. പൊതുമേഖലാ സ്ഥാപനങ്ങളുടെയും അധിക ഭൂമിയിൽ വ്യവസായ പാർക്കുകൾ തുടങ്ങാൻ നടപടി ആരംഭിച്ചു. സഹകരണ വകുപ്പ് എല്ലാ ജില്ലകളിലും വ്യവസായ പാർക്കുകൾ ആരംഭിക്കും. ഈ വർഷം എട്ട് പാർക്ക് ആരംഭിക്കും. സംരംഭക വർഷം പദ്ധതി വിജയിച്ചതിനു കാരണം വകുപ്പുകളുടെ ഏകോപനമാണ് എന്ന് വ്യവസായ മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി.
സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് ഇങ്ങനെ കുറിക്കുന്നു
“സ്ത്രീശാക്തീകരണത്തിൻ്റെ മറ്റൊരുഘട്ടത്തിലേക്കാണ് കേരളത്തിലെ സ്ത്രീകൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി 40,000ത്തിലധികം വനിതകൾ സംരംഭകരായത് ഈ മാറ്റത്തിൻ്റെ ഉദാഹരണമാണ്. സ്ത്രീസമത്വവും സ്ത്രീശാക്തീകരണവും ലക്ഷ്യമായി കാണുന്ന സർക്കാരിന് അഭിമാനം കൂടിയാണ് സംരംഭകവർഷം പദ്ധതിയിലെ സ്ത്രീകളുടെ പ്രകടനം.
സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന സ്ത്രീകൾ മറ്റുള്ള സ്ത്രീകൾക്കുകൂടി പ്രചോദനമാകുകയാണ്. ഇത്തരത്തിൽ സ്വന്തം കാലിൽ നിൽക്കാനായി സംരംഭകലോകത്തേക്ക് കടന്നുവരാനാഗ്രഹിക്കുന്ന സ്ത്രീകൾക്കാവശ്യമായ പ്രോത്സാഹനം നൽകാൻ സർക്കാർ എപ്പോഴും കൂടെയുണ്ടാകും എന്ന ഉറപ്പ് കൂടിയാണ് കെ എസ് ഐ ഡി സി വഴി നടപ്പിലാക്കുന്ന വി മിഷൻ പദ്ധതിയിലൂടെയും ജില്ലാ വ്യവസായ കേന്ദ്രം പദ്ധതികളിലൂടെയും പ്രഖ്യാപിക്കുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനും സംരംഭകലോകത്തേക്ക് കടന്നുവരുന്നതിനും നിങ്ങൾക്ക് വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക. സർക്കാർ ഒപ്പമുണ്ട്”