ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ റീട്ടെയിൽ സ്റ്റോർ മുംബൈയിൽ തുറക്കുന്നു.
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ വേൾഡ് ഡ്രൈവ് മാളിലാണ് ആദ്യത്തെ ആപ്പിൾ സ്റ്റോർ വരുന്നത്. മുംബൈയിലെ റീട്ടെയിൽ സ്റ്റോറിന്റെ ചിത്രം പുറത്തുവിട്ടെങ്കിലും തുറക്കുന്നതിന്റെ ഔപചാരിക തീയതി ആപ്പിൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആപ്പിളിന്റെ രണ്ടാമത്തെ റീട്ടെയിൽ സ്റ്റോർ വരും ദിവസങ്ങളിൽ ഡൽഹിയിൽ തുറക്കുമെന്നാണ് റിപ്പോർട്ടുകൾ.
ന്യൂയോർക്ക്, ദുബായ്, ലണ്ടൻ, ടോക്കിയോ എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ആപ്പിളിന് 500-ലധികം സ്റ്റോറുകളുണ്ട്. ഓരോ സ്റ്റോറും “ഒരു ടൗൺ സ്ക്വയർ പോലെ തോന്നിക്കുന്ന തരത്തിലാണ്” പുനർരൂപകൽപ്പന ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മൂല്യവത്തായ ടെക് കമ്പനി വിപുലീകരണം വേഗത്തിലാക്കുകയും ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുകയാണ്. ഐഫോൺ നിർമാണത്തിൽ രാജ്യത്ത് തകർപ്പൻ വളർച്ച കൈവരിച്ച സമയത്താണ് ആപ്പിൾ ആപ്പിൾ സ്റ്റോർ ഇന്ത്യയിലേക്ക് വരുന്നത്. സ്മാർട്ട്ഫോണുകളുടെ, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയാണ് ഇന്ത്യ. സ്മാർട്ട്ഫോൺ വിഭാഗത്തിൽ മുൻ നിരയിൽ വളരാൻ ഇന്ത്യ ആപ്പിളിന് വളരെയധികം സാധ്യതകൾ നൽകുന്നു. ഇന്ത്യയിലെ വളർന്നുവരുന്ന മധ്യവർഗം കമ്പനിയുടെ വിലയേറിയ സ്മാർട്ട്ഫോണുകൾക്കും കമ്പ്യൂട്ടറുകൾക്കും ആകർഷകമായ ടാർഗെറ്റ് ഗ്രൂപ്പാണ്.
ചൈനയിൽ നിന്ന് കൂടുതൽ നിർമാണം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് മാറ്റാൻ ആപ്പിളും നിരന്തരമായ ശ്രമത്തിലായിരുന്നു. കേന്ദ്രത്തിന്റെ പ്രാദേശിക ഉൽപ്പാദന പ്രോത്സാഹനവും സാമ്പത്തിക പ്രോത്സാഹനങ്ങളും ആപ്പിളിന്റെ പ്രധാന തായ്വാൻ വിതരണ പങ്കാളികളായ ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പിനെയും പെഗാട്രോൺ കോർപ്പറേഷനെയും വിസ്ട്രോൺ കോർപ്പറേഷനെയും രാജ്യത്തെ ഐഫോൺ നിർമാണം വർധിപ്പിക്കാൻ നയിച്ചു.