ആപ്പിൾ CEO ടിം കുക്ക് എല്ലാ ദിവസവും രാവിലെ 5 മണിക്ക് ഉണരും. വ്യായാമത്തിനാണെന്നു കരുതിയാൽ തെറ്റി. അതിരാവിലെ എണീറ്റാലുടൻ ടിം ചെയ്യുക ആപ്പിൾ ഉൽപ്പന്നങ്ങളുടെ ഉപഭോക്താക്കളിൽ നിന്നുള്ള കുറിപ്പുകളും ഇമെയിലുകളും വായിക്കുകയാണ്.

അങ്ങനെയാണ് തന്റെ ദിവസം ആരംഭിക്കുന്നതെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് ഒരു അഭിമുഖത്തിൽ പറഞ്ഞു. ഉപഭോക്തൃ അവലോകനങ്ങൾ വായിക്കുന്നത് താൻ ആസ്വദിച്ചും അവരുടെ കാഴ്ചപ്പാടുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുമാണ് തന്റെ പ്രവർത്തനമെന്ന് ടിം കുക്ക് പറയുന്നു.
“എനിക്കും ചില പരാതികൾ ലഭിക്കുന്നു. അവ ഏറെയും രസകരമാണ്. ഞങ്ങളുടെ ഉപയോക്താക്കൾ എന്താണ് ചിന്തിക്കുന്നത്, അവർക്ക് എന്ത് തോന്നുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ നിലകൊള്ളാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു ദിവസം ആരംഭിക്കാനുള്ള മികച്ച മാർഗമാണിത്,” അദ്ദേഹം പറഞ്ഞു.

” ആളുകളുടെ ജീവിതത്തെ സമ്പന്നമാക്കുന്ന സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന ബിസിനസ്സിലാണ് നിങ്ങൾ എങ്കിൽ, നിങ്ങളുടെ സ്ഥാപനം എന്താണ് ചെയ്യുന്നതെന്ന് അറിയണം, ആളുകൾ അതിനെക്കുറിച്ച് എങ്ങനെ ചിന്തിക്കുന്നുവെന്ന് മനസിലാക്കിയിരിക്കണം. തനിക്ക് ഉപഭോക്താക്കളിൽ നിന്ന് വിമർശനങ്ങൾ ലഭിക്കുന്നുണ്ടെന്നും എന്നാൽ അത് ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കില്ലെന്നും പകരം ഉപഭോക്താക്കളുടെ മനസ്സിലുള്ളത് എന്താണെന്ന് നന്നായി മനസ്സിലാക്കാൻ കമ്പനിയെ സഹായിക്കുന്നു”
കുക്ക് ഒരു അഭിമുഖത്തിൽ പറഞ്ഞു


ആപ്പിൾ സിഇഒ ടിം കുക്ക് രാജ്യത്തെ ആദ്യത്തെ രണ്ട് റീട്ടെയിൽ സ്റ്റോറുകളായ ആപ്പിൾ ബികെസി, ആപ്പിൾ സാകേത് എന്നിവയുടെ ഉദ്ഘാടനത്തിനായി ഇന്ത്യയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട് . Apple BKC എന്ന പേരിൽ ഇന്ത്യയിലെ ആദ്യത്തെ റീട്ടെയിൽ സ്റ്റോർ മുംബൈയിൽ ഏപ്രിൽ 18 ന് തുറക്കുമെന്ന് ആപ്പിൾ പ്രഖ്യാപിച്ചു. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് മാളിലാണ് സ്റ്റോർ സ്ഥിതി ചെയ്യുന്നത്. രണ്ടാമത്തെ ആപ്പിൾ സാകേത് ഏപ്രിൽ 20 ന് ന്യൂഡൽഹിയിൽ തുറക്കും.

17%ൽ നിന്നും 50% ലേക്ക്
ആപ്പിൾ 2022-ൽ കയറ്റുമതിയിൽ 17 % വർദ്ധനയോടെ ഇന്ത്യയിൽ 4 % വിപണി വിഹിതം പിടിച്ചെടുത്തു. പിന്നീടങ്ങോട്ട് ആപ്പിളിന്റേത് ഒരു കുതിച്ചു ചാട്ടമായിരുന്നു. 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സ്മാർട്ട്ഫോൺ കയറ്റുമതി 10 ബില്യൺ യുഎസ് ഡോളർ (82,000 കോടി രൂപ) കടന്നിരിക്കുന്നു. ഇന്ത്യയുടെ സ്മാർട്ട് ഫോൺ മൊത്തം കയറ്റുമതിയുടെ 50 %വും ആപ്പിളിന്റെ ‘മേക്ക് ഇൻ ഇന്ത്യ’ സ്മാർട്ട്ഫോണുകൾക്കവകാശപെട്ടതാണ്. മൊബൈൽ കയറ്റുമതിയുടെ 40 % സാംസങ് കരസ്ഥമാക്കിയപ്പോൾ , കയറ്റുമതി വിഹിതത്തിന്റെ ബാക്കി 10 % മറ്റ് സ്മാർട്ട്ഫോൺ പ്ലെയറുകളുമാണ്
2022-ൽ ആപ്പിൾ, 79 ശതമാനം ഐഫോണുകളും ഉൾപ്പെടുന്ന സൂപ്പർ പ്രീമിയം (50,000 രൂപ-1 ലക്ഷം രൂപ) സ്മാർട്ട്ഫോൺ വിഭാഗത്തിലെ 6 ബില്യൺ ഡോളറിന്റെ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ നിന്നും കയറ്റി അയച്ചു.