കോർപ്പറേറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കിയ സ്ഥാപനങ്ങളുടെ പട്ടിക പ്രഖ്യാപിച്ച് യുഎഇ. 2023 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന കോർപ്പറേറ്റ് നികുതിയുടെ രജിസ്ട്രേഷനിൽ നിന്ന് സ്ഥാപനങ്ങൾക്കും പ്രവാസികൾക്കുമുളള ഇളവുകൾ യുഎഇ ധനമന്ത്രാലയം പ്രഖ്യാപിച്ചു.
30 ലക്ഷം ദിർഹം വരെ വിറ്റുവരവുള്ള ചെറുകിട സംരംഭകരെയാണ് കോർപറേറ്റ് നികുതിയിൽ നിന്ന് ആദ്യ മൂന്നര വർഷത്തേക്ക് ഒഴിവാക്കിയത്. കമ്പനിയുടെ വിറ്റുവരവ് 30 ലക്ഷം ദിർഹത്തിൽ താഴെയും ലാഭം 3.75 ലക്ഷം ദിർഹത്തിനു മുകളിലുമാണെങ്കിലും നികുതി നൽകേണ്ടതില്ല. എന്നാൽ, എല്ലാ കമ്പനികളും കോർപറേറ്റ് ടാക്സിൽ റജിസ്റ്റർ ചെയ്യുകയും റിട്ടേൺ സമർപ്പിക്കുകയും കമ്പനിയുടെ വിറ്റുവരവും ലാഭവും തെളിയിക്കുകയും വേണം.
നോൺ റസിഡന്റ് ആയതും യു എ ഇയിൽ സ്ഥിരം സ്ഥാപനം ഇല്ലാത്തതുമായ ഒരു കമ്പനിക്കും യു എ ഇ കോർപ്പറേറ്റ് ടാക്സ് രജിസ്റ്റർ ചെയ്യുകയോ അടക്കുകയോ ചെയ്യേണ്ടതില്ല. സ്ഥാപനം യുഎഇക്കു പുറത്തും സേവനം യുഎഇക്ക് അകത്തുമാണെങ്കിൽ കോർപറേറ്റ് നികുതിയുടെ പരിധിയിൽ വരില്ല. വാറ്റ്, ഇറക്കുമതി നികുതി എന്നിവ മാത്രമായിരിക്കും ഇവിടെ ബാധകമാകുന്നത്.
375,000 ദിർഹവും അതിനുമുകളിലും വരുമാനമുള്ള കമ്പനികൾക്കും ഫ്രീലാൻസർമാർക്കും 9 ശതമാനം കോർപ്പറേറ്റ് നികുതി ചുമത്തുമെന്ന് യുഎഇ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. അതിനാൽ അവർ നികുതി രജിസ്ട്രേഷനായി എൻറോൾ ചെയ്യേണ്ടതുണ്ട്. യുഎഇയുടെ കോർപ്പറേറ്റ് നികുതി ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലായിരിക്കുമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പറയുന്നു. സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ നിയന്ത്രിത സ്ഥാപനങ്ങൾ, അതുപോലെ തന്നെ എക്സ്ട്രാക്റ്റീവ് ബിസിനസുകൾ, നോൺ എക്സ്ട്രാക്റ്റീവ് പ്രകൃതി വിഭവ ബിസിനസുകൾ എന്നിവയെ കോർപ്പറേറ്റ് നികുതി നിയമത്തിന് കീഴിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ഇവ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല. 2023ലെ 73-ാം നമ്പർ മിനിസ്റ്റീരിയൽ തീരുമാനത്തിന് കീഴിൽ ചെറുകിട-സൂക്ഷ്മ ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കും ഫ്രീലാൻസർമാർക്കും മന്ത്രാലയം ആശ്വാസം പ്രഖ്യാപിച്ചിരുന്നു. കോർപ്പറേറ്റ് നികുതി ഭാരവും പരിപാലനച്ചെലവും കുറച്ചുകൊണ്ട് സ്റ്റാർട്ടപ്പുകൾക്കും മറ്റ് ചെറുകിട ബിസിനസുകൾക്കും പിന്തുണ നൽകുന്നതിന് സ്മോൾ ബിസിനസ് റിലീഫ് ഇനിഷ്യേറ്റിവ് ലക്ഷ്യമിടുന്നത്.