ജോർജ്ജ് ബെർണാഡ് ഷാ പറഞ്ഞത് ശരിയാണ്, “ഭക്ഷണത്തോടുള്ള സ്നേഹത്തേക്കാൾ ആത്മാർത്ഥമായ സ്നേഹം വേറെയില്ല. ഭക്ഷണക്കാര്യത്തിൽ ഇന്ത്യക്കാരെക്കാൾ അമേരിക്കക്കാർ വളരെ മുന്നിലാണ്. കാരണം അവർ അവരുടെ പ്രിയപ്പെട്ട വിഭവങ്ങളെ അടിസ്ഥാനമാക്കി നിരവധി ദിവസങ്ങൾക്ക് പേരിട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു വിഭവമാണ് ഗ്രിൽഡ് ചീസ് സാൻഡ്വിച്ച്.
214 ഡോളർ ഏകദേശം 17,500 രൂപ വിലയുളള ചീസാണ് ന്യൂയോർക്കിലെ ജനപ്രിയ റെസ്റ്റോറന്റുകളിൽ ഒന്നായ Serendipity 3′ അവതരിപ്പിച്ചത്. നാഷണൽ ഗ്രിൽഡ് ചീസ് ഡേയ്ക്കു വേണ്ടിയാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ സാൻഡ്വിച്ച്, ന്യൂയോർക്ക് റെസ്റ്റോറന്റ് ‘പുനരവതരിപ്പിച്ചത്.


23 കാരറ്റ് സ്വര്‍ണം കൂടി ചേര്‍ത്ത് തയ്യാറാക്കുന്നു എന്നതിനാലാണ് സാൻഡ്വിച്ചിന് ഇത്രയധികം വില. കൂടാതെ, സാൻഡ്വിച്ചിൽ ഉപയോഗിക്കുന്ന ചീസ് ഒരു കിലോയ്ക്ക് 100 ഡോളറിന് അടുത്താണ് വില. ചില പ്രത്യേക പശുക്കളുടെ പാലിൽ നിന്ന് ഉണ്ടാക്കുന്ന ‘Caciocavallo Podolico Cheese’ കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഈ പ്രത്യേക പശുക്കൾ ഏകദേശം 25,000 മാത്രമേയുള്ളൂ. മെയ്, ജൂൺ മാസങ്ങളിൽ മാത്രം ചുരത്തുന്ന പശുക്കളാണിവ.

പെരുംജീരകം, ലൈക്കോറൈസ്, ചൂരൽച്ചെടി, ലോറൽ ബേ, വൈൽഡ് സ്ട്രോബെറി തുടങ്ങിയ ശക്തമായ സുഗന്ധമുള്ള പുല്ലുകൾ ഭക്ഷിച്ചുകൊണ്ട് സ്വതന്ത്രമായി മേയുന്ന പശു, ഈ സുഗന്ധദ്രവ്യങ്ങൾ പാലിൽ നിറയ്ക്കുന്നു, ഇത് ഈ ചീസ് ലോകത്തിലെ ഏറ്റവും മികച്ചതും അപൂർവവുമായ ഒന്നാക്കി മാറ്റുന്നു.

ഈ രുചികരമായ ഓവർ-ദി-ടോപ്പ് സാൻഡ്വിച്ച് ഓർഡർ ചെയ്യാൻ 48 മണിക്കൂർ മുൻകൂർ ബുക്കിംഗ് ആവശ്യമാണ്. പരിമിത കാലത്തേക്ക് മാത്രമാണ് ഓഫർ. 2014 മുതല്‍ ലോകത്തിലെ ഏറ്റവും വില കൂടിയ സാൻഡ്വിച്ചിനുള്ള ഗിന്നസ് പുരസ്കാരം കരസ്ഥമാക്കിയിട്ടുള്ള റെസ്റ്റോറന്റാണിത്. സാൻഡ്വിച്ചിന് മാത്രമല്ല ഏറ്റവും വില കൂടിയ ഫ്രഞ്ച് ഫ്രൈസ്, മില്‍ക്ക് ഷെയ്ക്ക് എന്നിവയ്ക്കുള്ള ലോക റെക്കോര്‍ഡും ഈ റെസ്റ്റോറന്റിന് ലഭിച്ചിട്ടുണ്ട്.