ഇന്ത്യയിലെ ജനസംഖ്യാ വർദ്ധനവ് അപകടകരമായ നിലയിലാണ്. രാജ്യത്തിൻറെ സാമ്പത്തിക നിലയെ തന്നെ തകിടം മറിക്കുന്ന അഭൂതപ്പൂർവ്വമായ വളർച്ചയാണ് ജനസംഖ്യയിൽ. ഇതോടൊപ്പം വിദ്യാഭ്യാസത്തിനും, തുടർന്നുള്ള തൊഴിൽ ഭദ്രതക്കുമായി യുവാക്കൾ ഇന്ത്യവിടുന്ന കണക്കുകളും കുത്തനെ ഉയരുകയാണ്. രാജ്യത്തിൻറെ സാമ്പത്തിക സന്തുലിതാവസ്ഥയെ ഇത് ഗുരുതരമായി ബാധിക്കും. ജനതയുടെ വർക് ഫോഴ്സിന്റെ അനുപാതത്തിൽ സാരമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. രാജ്യത്തിൻറെ സാങ്കേതികമായ മുന്നേറ്റത്തിന് സാരമായി തടയിടും ഈ ജനസംഖ്യാ വർദ്ധനവ്.
നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ താമസിയാതെ ചൈനയെ മറിക്കടക്കും. 2011- സെന്‍സസിനുശേഷം അനൗദ്യോഗികമായ കണക്കുകള്‍പ്രകാരം ഇന്ത്യന്‍ ജനസംഖ്യ ഏതാണ്ട് 140 കോടിയോളമുണ്ടെന്നാണ് സൂചന. ചൈനയുമായുള്ള താരതമ്യത്തില്‍ ഇന്ത്യന്‍ ജനതയുടെ 40 ശതമാനവും 25 വയസ്സില്‍ താഴെയുള്ളവരാണ്. എന്നാല്‍, ഇന്ത്യയുടെ ലേബര്‍ ഫോഴ്സ് പങ്കാളിത്ത നിരക്ക് 46% മാത്രമാണ്. ഫീമെയില്‍ ലേബര്‍ ഫോഴ്സ് ആകട്ടെ 18% മാത്രവും. കൂടാതെ ജനസംഖ്യ വര്‍ദ്ധിക്കുന്നതോടെ തൊഴിലിലായ്മയും വിഭവശേഷിക്ഷാമവും വര്‍ധിക്കും. ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചേക്കാം.
യുവാക്കൾ കൂട്ടത്തോടെ ഇന്ത്യ വിടുന്നത് സ്ഥിതിഗതികൾ ഇതിലും രൂക്ഷമാക്കും .യുവാക്കള്‍ കൂട്ടത്തോടെ നാടു വിടുന്നതോടെ ജനസംഖ്യയുടെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്നതില്‍ തെല്ലും സംശയം വേണ്ട. മെച്ചപ്പെട്ട ജീവിതനിലവാരവും സാമ്പത്തികഭദ്രതയും ഉറപ്പിക്കാനാണ് കൂടുതല്‍ ചെറുപ്പക്കാരും വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നത്. ഇത് ഇന്ത്യയില്‍ ഇല്ലാതാകുംതോറും വിദേശത്തേക്ക് ചേക്കേറുന്നവരുടെ എണ്ണം ഇനിയും കൂടും. തൊഴില്‍ എടുക്കാന്‍ പ്രാപ്തരായ യുവാക്കളുടെ എണ്ണം കൂടുന്നത് ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയേ ഉള്ളു. എന്നാല്‍, മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ ചൈനയുടെ അവസ്ഥയാകും ഇന്ത്യയേയും കാത്തിരിക്കുക
ചൈനയിൽ സംഭവിക്കുന്നതെന്ത്?
വിവാഹപ്രായം’ കഴിഞ്ഞിട്ടും പുര നിറഞ്ഞുനില്ക്കുന്ന യുവാക്കളുടെ എണ്ണം വര്‍ധിക്കുകയാണ് ചൈനയില്‍. താങ്ങാനാകാത്ത പുരുഷധനമാണ് ഒരു കാരണം. വധുവും കുടുംബവും ആവശ്യപ്പെടുന്ന ഭീമമായ തുക നല്‍കാനാവാത്തതിനാല്‍ പുരുഷന്മാര് വിവാഹം തന്നെ വേണ്ടെന്ന് വെക്കുകയാണ്. അതിനാല്‍തന്നെ കഴിഞ്ഞ മാസം പുരുഷധനം നിരുത്സാഹപ്പെടുത്തണമെന്ന ഉത്തരവ് ചൈന പുറപ്പെടുവിച്ചു.
ഭീമമായ ജനസംഖ്യാ ശോഷണത്തിന്റെ വക്കിലാണ് ലോകരാഷ്ട്രങ്ങളില്‍ നല്ലൊരു പങ്കും. പല രാജ്യങ്ങളിലെയും ജനസംഖ്യാനിരക്ക് താഴേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. 2050 ആകുന്നതോടെ യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളിലും ജനസംഖ്യ നേര്‍പകുതിയായി കുറഞ്ഞേക്കുമെന്നാണ് കണക്കുകളില്‍നിന്ന് ലഭിക്കുന്ന സൂചന. യു.എസിലും ഏതാണ്ട് സമാനമായ അവസ്ഥയാണ്.
യു.എന്‍. പുറത്തുവിട്ട കണക്കുപ്രകാരം ചൈന, ജപ്പാന്, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ ഉള്‍പ്പടെ 61 രാജ്യങ്ങള്‍ ജനസംഖ്യശോഷണത്തിന്റെ വക്കിലാണ്. ഇവയില്‍ ചൈനയാണ് ഏറ്റവും ഗുരുതരമായ പ്രതിസന്ധി അനുഭവിക്കുന്നത്.
ജനസംഖ്യ കുറയുന്ന ചൈന
ആറ് പതിറ്റാണ്ടുകള്‍ക്കു ശേഷം, കൃത്യമായി പറഞ്ഞാല്‍ 1962-നുശേഷം, ആദ്യമായി ചൈനയിലെ ജനസംഖ്യയില്‍ കഴിഞ്ഞ വര്‍ഷം ഇടിവു രേഖപ്പെടുത്തി. ചൈനയുടെ നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ കണക്കു പ്രകാരം 2022-ന്റെ അവസാനത്തോടെ 8,50,000 ആളുകളുടെ കുറവാണ് ചൈനയില്‍ ഉണ്ടായത്. 2021-ല്‍ 141.26 കോടി ജനങ്ങളുണ്ടായിരുന്നത് 2022-ന്റെ അവസാനത്തോടെ 141.17 കോടിയായി കുറഞ്ഞു. ജനനനിരക്ക് കുത്തനെ ഇടിഞ്ഞതാണ് ജനസംഖ്യ കുറയാനുള്ള പ്രധാന കാരണം.
പുറത്തു വരുന്ന കണക്കു പ്രകാരം ചൈനീസ് ജനസംഖ്യയുടെ സിംഹഭാഗവും മധ്യവയസ്കരും വയോധികരുമാണ്. ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ആരോഗ്യമുള്ള മനുഷ്യവിഭവശേഷിയാണ് ഏറ്റവും വലിയ കരുത്ത്. അതുകൊണ്ടുതന്നെ സാമ്പത്തികവളര്‍ച്ചയെ ഉള്‍പ്പടെ ഈ വിപരീത ജനസംഖ്യാവളര്‍ച്ച ബാധിക്കുമെന്നത് വ്യക്തമാണ്. അവശരായ പൗരന്മാര് പതിയെ ഭരണകൂടത്തിന് ബാധ്യതയായി മാറുകയും ചെയ്യും. ഇത് സമ്പദ്ഘടനയ്ക്കു ക്ഷീണമാണ്.
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാണ് ചൈന. ചൈനയുടെ ജനസംഖ്യയിലും അത് വഴി സമ്പദ്ഘടനയിലുമുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ആഗോളസാമ്പത്തിക ഘടനയേയും ബാധിക്കും. കായികക്ഷമതയുള്ള യുവാക്കളുടെ കുറവ് ലേബർ ഫോഴ്സിനെ ബാധിക്കും. ഇത് നിര്‍മ്മിത വസ്തുക്കളുടെ ഉത്പാദനത്തേയും കയറ്റുമതിയേയും ബാധിക്കും. ചൈനയില്‍ ഉത്പാദനച്ചെലവ് വര്‍ധിക്കുന്നത് ആഗോളവിപണിയില്‍ ചൈനീസ് ഉത്പന്നങ്ങളുടെ വില വര്‍ദ്ധിക്കുന്നതിനു കാരണമാകും. ഇത് ചൈനയുടെ വ്യാപാരക്കരാറുകാരായ മറ്റു രാജ്യങ്ങളെ പണപ്പെരുപ്പത്തിലേക്കു നയിക്കും.