മെയ്ക് ഇൻ കേരള എന്ന സവിശേഷത എന്തുകൊണ്ട് ചേരുക പൂർണമായും തദ്ദേശീയമായി നിർമ്മിച്ച കൊച്ചി വാട്ടർ മെട്രോയിൽ സർവീസ് നടത്തുന്ന ബോട്ടുകൾക്ക് തന്നെ. ഇത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന കാര്യമാണ്.
ഒരേ സമയം 100 പേർക്ക് യാത്ര ചെയ്യാനും 50 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്നതുമായ രണ്ട് തരം ബോട്ടുകളാണ് കൊച്ചി വാട്ടർ മെട്രോയ്ക്ക് ഉള്ളത്. ഇതിൽ 100 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ബോട്ടുകൾ കൊച്ചിൻ ഷിപ്പ് യാർഡാണ് നിർമ്മിച്ചുനൽകുന്നത്.
നൂതന സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പെടുത്തി നിർമ്മിച്ചിരിക്കുന്ന കൊച്ചി വാട്ടർ മെട്രോ ബോട്ടുകൾക്ക് സർവീസ് ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഇലക്ട്രിക് ബോട്ടുകൾക്കായുള്ള രാജ്യാന്തര പുരസ്കാരമായ “ഗസ്സിസ് ഇലക്ട്രിക് ബോട്ട് അവാർഡ് “ നേടാൻ സാധിച്ചിട്ടുണ്ട് എന്നത് ഇരട്ടി മധുരമായി.
കേരളത്തിന്റെ അഭിമാന പദ്ധതികളിലൊന്നായ വാട്ടർമെട്രോ സർവീസിന് സജ്ജമായതോടെ കൊച്ചിയുടെ ഗതാഗതമേഖലയിലും കേരളത്തിന്റെ വിനോദസഞ്ചാരമേഖലയിലും വലിയ മാറ്റമാണ് സൃഷ്ടിക്കപ്പെടുക. 15 റൂട്ടുകളിലായി സർവീസ് നടത്താനൊരുങ്ങുന്ന വാട്ടർമെട്രോയ്ക്കായ് 38 ജെട്ടികൾ നിർമ്മിക്കുന്നുണ്ട്.
ഇലക്ട്രിക്–ഹൈബ്രിഡ് ബോട്ടുകളാണ് ജല മെട്രോ സർവീസിന് ഉപയോഗിക്കുക. തികച്ചും ഭിന്നശേഷി സൗഹൃദമായിട്ടാണ് ബോട്ടുകളും ടെർമിനലുകളും രൂപകൽപ്പന ചെയ്തിട്ടുള്ളത്. ബാറ്ററിയിലും ഹൈബ്രിഡ് രീതിയിലും പ്രവർത്തിപ്പിക്കാൻ കഴിയുന്ന ബോട്ടെന്ന പുതുമയുണ്ട് കൊച്ചി വാട്ടർ മെട്രോയ്ക്ക്. ഹൈബ്രിഡ് സംവിധാനത്തിലും തികച്ചും പരിസ്ഥിതി സൗഹൃദമായ രീതിയിലാണ് ഈ ബോട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. ലോകത്തിൽ തന്നെ ആദ്യമായാണ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇത്രയും വിപുലമായ ബോട്ട് ശൃംഖല. വളരെ വേഗത്തിൽ ചാർജ് ചെയ്യാവുന്നതും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ ലിഥിയം ടൈറ്റനെറ്റ് അഥവാ ലിഥിയം ടൈറ്റാനിയം ഓക്സൈഡ് ബാറ്ററിയാണ്-lithium-titanate or lithium-titanium-oxide (LTO) – ഇതിൽ ഉപയോഗിക്കുന്നത്. 10-15 മിനിറ്റ് കൊണ്ട് ചാർജ് ചെയ്യാം.
ഇതിനായി ഇന്ത്യയിലെ ഏറ്റവും മികച്ച സൂപ്പർ ചാർജിംഗ് സ്റ്റേഷനുകൾ പത്ത് ടെർമിനലുകളിലുണ്ടാകും. വൈദ്യുതിയും അടിയന്തരഘട്ടങ്ങളിൽ ഡീസൽ ജനറേറ്ററും ഉപയോഗിച്ച് ഇവ പ്രവർത്തിപ്പിക്കാൻ കഴിയും. യാത്രക്കാർ കയറി, ഇറങ്ങുമ്പോൾ പോലും ആവശ്യമെങ്കിൽ ചാർജ് ചെയ്യാനുള്ള സൗകര്യമുണ്ട്. ബാറ്ററി മോഡിൽ 8 നോട്ടും (നോട്ടിക്കൽ മൈൽ പെർ അവർ) ഹൈബ്രിഡ് മോഡിൽ 10 നോട്ടും ആണ് ബോട്ടിന്റെ വേഗത. പരമ്പരാഗത ബോട്ടിനേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും.
ഗതാഗതക്കുരുക്കിൽ പെടാതെ യാത്ര സാധ്യമാക്കാനായി കൊച്ചി വാട്ടർ മെട്രോ തയ്യാറെടുക്കുമ്പോൾ അമ്മമാർക്കായുള്ള ഫീഡർ റൂമുകളുൾപ്പെടെ യാത്രക്കാർക്ക് നിരവധി സൗകര്യങ്ങളും ഈ ബോട്ടുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.
യാത്രക്കാർ ആദ്യം ചെയ്യേണ്ടത് ഇതാണ്.
ക്യു ആർ കോഡുള്ള ടിക്കറ്റോ മെട്രോ റെയിൽ ട്രാവൽ കാർഡോ ഉപയോഗിക്കണം. കൊച്ചി മെട്രോയ്ക്കും വാട്ടർ മെട്രോയ്ക്കും ഒരുമിച്ച് ടിക്കറ്റെടുക്കാം. ടിക്കറ്റ് എടുക്കുന്നത് നൂറുപേരായാൽ പിന്നെ ബോട്ടിലേക്കുള്ള എൻട്രി പോയിന്റിലേക്ക് വഴിയൊരുക്കും. അവിടെയാണ് ഒരു ബോട്ടിലേക്ക് കയറുന്നതിലെ സുരക്ഷിതത്വം നാം തിരിച്ചറിയുക. ഫ്ളോട്ടിംഗ് ജെട്ടിയുടെയും ബോട്ടിന്റെയും കവാടങ്ങൾ എപ്പോഴും ഒരേ നിരപ്പിലാണ്. ഒരു കാലെടുത്തു ബോട്ടിലേക്ക് വച്ചാൽ മതി. ചാടിക്കയറുകയോ ഇറങ്ങുകയോ വേണ്ട. കുഞ്ഞുങ്ങൾക്കുൾപ്പടെയുള്ള 110 ലൈഫ് ജാക്കറ്റുകളും ഉണ്ട്.
മൊത്തത്തിൽ പ്രകൃതി സൗഹൃദമീ ബോട്ടുകൾ
ബാറ്ററിയിലും ഡീസൽ ജനറേറ്ററിലും ഓടുന്ന മെട്രോയുടെ പച്ചയും വെള്ളയും നിറങ്ങൾ പേറുന്ന ഹൈബ്രിഡ് ബോട്ടുകൾ എ.സിയാണ്. വാതിൽ തനിയെ തുറക്കും. ഇലക്ട്രിക് ആയതിനാൽ കാത് തുളക്കുന്നതു പോയിട്ടു മൂളലിന്റെയോ എൻജിൻ ശബ്ദമോ ഇല്ല. ഇരട്ട ഹള്ളായതിനാൽ ഓളങ്ങളിൽ ഉലയില്ല. വിശാലമായ ചില്ലുജാലകങ്ങളിലൂടെ കായൽഭംഗി കൺമുന്നിൽ ആസ്വദിക്കാം. ലോകനിലവാരത്തിലെ ബോട്ടുകളും മെട്രോ റെയിൽ സ്റ്റേഷന് സമാനമായ ടെർമിനലുകളും പരമ്പരാഗത ബോട്ടുകളെയും ജെട്ടികളെയും നിഷ്പ്രഭമാക്കുന്നു. ആകെ 78 ബോട്ടുകൾ ആണ് യാത്രയ്ക്കായി നീറ്റിലിറക്കുക. കൊച്ചി കപ്പൽശാല നിർമിച്ച ഇന്ത്യയിലെ ആദ്യ അലുമിനിയം യാത്രാ ബോട്ടുകളുടെ പേരുകൾ ഏഴിമല, വിഴിഞ്ഞം, ബേക്കൽ, ബേപ്പൂർ, മുസിരിസ് എന്നിങ്ങിനെയാണ് . ബോട്ടുകളുടെ യാത്രാപഥം അൽപ്പം മാറിയാൽ അപ്പോഴറിയും വൈറ്റിലയിലെ കൺട്രോൾ റൂമിൽ. ബോട്ടുകളിൽ തെർമൽ കാമറ, എക്കോ സൗണ്ടർ തുടങ്ങിയ സംവിധാനങ്ങളുണ്ട്.