ലഹരി വിമുക്തപ്രവര്‍ത്തനങ്ങളില്‍ സാങ്കേതികവിദ്യ പരിഹാരം തേടി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിച്ച ഹാക്കത്തോൺ വൻ വിജയമായി. 30 മണിക്കൂര്‍ നീണ്ടു നിന്ന ദേശീയ ഹാക്കത്തോണ്‍ കാസര്‍കോഡ് കേന്ദ്ര സര്‍വകലാശാല, KSUM, ജില്ലാപഞ്ചായത്ത്, എക്സൈസ് വകുപ്പ് എന്നിവ സംയുക്തമായാണ് സംഘടിപ്പിച്ചത്. ഹാക്കത്തണില്‍ ഒന്നാം സ്ഥാനം ലഭിച്ച അമല്‍ജ്യോതി കോളേജിലെ അണ്‍സെര്‍ട്ടണിറ്റി ടീമിന്റെ പരിഹാര നിര്‍ദ്ദേശങ്ങൾക്കാണ്.
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇരയുടെ സ്വകാര്യതയും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെടുന്നവരുടെ വിവരം ചോരുന്നതും. ഈ വെല്ലുവിളികള്‍ ഫലപ്രദമായി നേരിടുന്നതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങളാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീന് ലേണിംഗ്, ബ്ലോക്ക് ചെയിന്‍ തുടങ്ങിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിര്‍വാണ എന്ന പേരിലുള്ള സോഫ്റ്റ്വെയറിലൂടെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയത്. അമല്‍ജ്യോതി കോളേജിലെ നെബിന്‍ മാത്യു ജോണ്‍, സാം സ്റ്റീഫന്‍ തോമസ്, വിവേക് മനോജ് കുമാര്‍, സമീല്‍ ഹസന് എന്നിവരാണ് പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ച സംഘത്തിലുള്ളത്.


ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെയും ലഹരിവിമുക്ത ചികിത്സയിലുള്ളവരുടെയും വിവരങ്ങള്‍ എന്‍ക്രിപ്റ്റഡ് രീതിയിലാണ് സോഫ്റ്റ് വെയറില്‍ ശേഖരിക്കുക. ഇതിന്റെ പൂര്‍ണമായ സ്വകാര്യത ഉറപ്പാക്കും. ഈ വിവരം കൈകാര്യം ചെയ്യുന്നവര്‍ക്ക് പോലും വ്യക്തിവിവരങ്ങള്‍ ലഭിക്കാത്ത രീതിയുള്ള സുരക്ഷയാണ് മെഷീന് ലേണിംഗും ബ്ലോക്ക് ചെയിനും വഴി തയ്യാറാക്കുന്നത്.
പുറത്ത് നിന്ന് ഒരു തരത്തിലും ഹാക്ക് ചെയ്യാന്‍ പറ്റാത്ത വിധത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. സാമൂഹ്യമാധ്യമങ്ങള്‍ വഴി ലഹരി പ്രചരിപ്പിക്കുന്നതും വെറുപ്പ് പ്രചരിപ്പിക്കുന്നതുമൊക്കെ കണ്ടെത്താനുള്ള നിര്‍മ്മിതബുദ്ധി സംവിധാനങ്ങള്‍ ഇതിലുണ്ട്.




സ്വന്തം വിവരം വെളിവാക്കാതെ ആര്‍ക്കു വേണമെങ്കിലും ലഹരി പ്രവര്‍ത്തനങ്ങളെക്കുറിച്ച് എക്സൈസ്, പോലീസ്, തുടങ്ങിയ ഏജന്‍സികള്‍ക്ക് വിവരം നല്‍കാം.
ഇത്തരം വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കാനുള്ള സംവിധാനവും ഒരുക്കിയിരിക്കുന്നു.
പൊതു സ്ഥലങ്ങളില്‍ ക്യു ആര് കോഡ് സംവിധാനം ഉപയോഗിച്ച് ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള ബോധവത്കരണം നടത്തും. സാമൂഹ്യമാധ്യമങ്ങളിലൂടെ നിരന്തരമായി ലഹരിവിമോചന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ സാധിക്കും. ലഹരി വിമുക്ത കേന്ദ്രങ്ങള്‍, കൗണ്‍സിലര്‍മാര്‍, പരിശീലനം, ബോധവത്കരണം തുടങ്ങിയ എല്ലാക്കാര്യങ്ങളും സമഗ്രമായി ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.



ലഹരി വിതരണവും ഉപയോഗവും നടക്കുന്നത് മെഷീന് ലേണിംഗ് സംവിധാനം ഉപയാഗിച്ചു തിരിച്ചറിയുകയും റിപ്പോര്‍ട്ട് ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്ന സാങ്കേതികത വികസിപ്പിച്ച ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ തിങ്ക് സോബെര്‍, ആളുകളുടെ വ്യക്തി വിവരങ്ങള്‍ മറച്ചു വെച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനോടൊപ്പം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ ആധികാരികത സാങ്കേതികത ഉപയോഗിച്ച് വിലയിരുത്തുന്ന പരിഹാരവുമായി കേരള ഡിജിറ്റല്‍ സര്‍വകലാശാലയിലെ ആക്സസ് ഡിനൈഡ്, (മുക്തി), ഏതൊരു സാധാരണക്കാരും വളരെ എളുപ്പത്തില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും അധികാരികള്‍ക്ക് അതിവേഗത്തില്‍ നടപടി എടുക്കാനും സഹായിക്കുകയും അതെ സമയം ലഹരിക്കെതിരെ ഫലപ്രദമായ പ്രചാരണവും നടത്താന്‍ സഹായിക്കുന്ന ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളേജിലെ ട്രിനോമിയല്‍സ്, ബ്ലോക്ക് ചെയിന്‍ സാങ്കേതികത ഉപയോഗിച്ച് വ്യക്തി വിവരങ്ങള്‍ ശേഖരിക്കാതെ റിപ്പോര്‍ട്ട് ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യുന്ന ആളുകള്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കാനും സഹായിക്കുന്ന തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളേജിലെ ബഗ്സ് ബൗണ്ടി എന്നിവയുമാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തിയ മറ്റ് ടീമുകള്‍.


വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പരിഹാരനിര്‍ദ്ദേശങ്ങളാണ് ഹാക്കത്തണില്‍ ടീമുകള്‍ക്ക് മുന്നില്‍ വച്ചത്. കേന്ദ്രസര്‍വകലാശാലയിലെ പബ്ലിക് അഡ്മിനിസ്ട്രേഷന് വകുപ്പാണ് വിവരശേഖരണം നടത്തിയത്.

കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. എച്ച്. വെങ്കിടേശ്വരലു വിജയികളെ പ്രഖ്യാപിച്ചു. കാസര്‍കോഡ് ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷാനവാസ് പാദൂര്‍, CUK ഡയറക്ടര്‍ പ്രൊഫ. അളഗു മാണിക്കവേലു, പ്രൊഫ. വി ബി സമീര്‍ കുമാര്‍, പ്രൊഫ. ജോസഫ് കോയിപ്പള്ളി, KSUM ടെക്നിക്കല്‍ ഓഫീസര്‍ വരുണ്‍ ജി തുടങ്ങിയവര്‍ പങ്കെടുത്തു