2022 ൽ വെറും 51 ദിവസങ്ങളിലാണ് ഇന്ത്യ ശാന്തമായിരുന്നത്.
പരിസ്ഥിതി വിശകലന വിദഗ്ധൻ E P Anil എഴുതുന്നു
കഴിഞ്ഞ വർഷത്തെ 365 ൽ 86% ദിവസങ്ങളിലും ഇന്ത്യ, കാലാവസ്ഥാ വ്യതിയാനത്തിന്റെ തിരിച്ചടികൾ നേരിട്ടു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 2022 ലെ 365 ദിവസങ്ങളിൽ 314 ദിനങ്ങളിലും ഇന്ത്യയിൽ അതിരൂക്ഷമായ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്.
2022 ജനുവരി 1 മുതൽ ഡിസംബർ 31വരെയുള്ള സംഭവങ്ങളിൽ 3,026 പേർ കൊല്ലപ്പെട്ടു. 19.6 ലക്ഷം ഹെക്ടർ കൃഷിയെ ബാധിച്ചു. 4.23 ലക്ഷം വീടുകൾ തകർന്നു. 69,900 മൃഗങ്ങൾ കൊല്ലപ്പെടുകയും ചെയ്തു. ഇന്ത്യ ലാേകത്തെ പ്രധാന കാലാവസ്ഥ ദുരന്തങ്ങളുടെ ഹോട്ട് സ്പോട്ടിലൊന്നിൽ പെടുന്നു എന്ന് സൂചിപ്പിക്കുന്നതാണ് കഴിഞ്ഞ 314 ദിവസങ്ങളിൽ രാജ്യത്ത് സംഭവിച്ച കാലാവസ്ഥ തിരിച്ചടികൾ.
കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്ന പസഫിക് ദ്വീപ സമൂഹങ്ങൾ, ആഫ്രിക്കൻ തീരങ്ങൾ കഴിഞ്ഞാൽ വലിയ തിരിച്ചടി നേരിടുന്ന രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടും. നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്ഥാൻ തുടങ്ങിയവയൊക്കെ സമാന അവസ്ഥയിലാണ്. ഏറ്റവും അധികം കാലാവസ്ഥാ വ്യതിയാനത്താൽ തിരിച്ചടി നേരിടുന്ന രാജ്യങ്ങൾ വംശീയ കലാപങ്ങളുടെ കൂടി ഇടങ്ങളായത് അവിചാരിതമല്ല.
നോട്രഡാം സർവ്വകലാശാലയുടെ പഠനത്തിൽ
- ഗൗരവതരമായ തിരിച്ചടി നേരിടുന്നതിൽ ഒന്നാം സ്ഥാനകാരായ ചാഡ്, വെള്ളപ്പൊക്കവും ക്ഷാമവും കൊണ്ട് പൊറുതി മുട്ടുന്നു. സൈനിക ഏറ്റുമുട്ടലുകളും ശക്തമാണ്.
- സോമാലിയ വരൾച്ചയിലാണ്.80 ലക്ഷം ആളുകൾ പട്ടിണിയിലും. മറു വശത്ത് യുദ്ധവും.
- 11 വർഷമായി യുദ്ധം നടക്കുന്ന സിറിയയിൽ 2023ഫെബ്രുവരി വരൾച്ചയും ഭൂമി കുലുക്കവും ജനങ്ങൾ ബുദ്ധിമുട്ടിലും.
- നാലാം സ്ഥാനത്തുള്ള കോംഗോ റിപ്പബ്ലിക് മലേറിയ, എബോള പിടിയിലാണ്. വൻ തോതിൽ വനനശീകരണം പുരോഗമി ക്കുന്ന നാട്ടിൽ കലാപങ്ങൾ ശക്തമാണ്.
- അഫ്ഗാനിസ്ഥാനിൽ ഒരു വശത്ത് വരൾച്ച,മറുവശത്ത് വെള്ളപ്പൊക്കം , താലിബാൻ ഭരണവും.
- കാലാവസ്ഥ ദുരന്ത പട്ടികയിൽ അടുത്ത സ്ഥാനത്തുള്ളത് ഏറ്റവും പ്രായം കുറഞ്ഞ ദക്ഷിണ സുഡാൻ. ഇവിടെ സംഭവിച്ച വെള്ളപ്പൊക്കം 9 ലക്ഷം പേരെ വഴിയാധാരമാക്കി. ഈ പട്ടികയിൽ നൈജീരിയ, എത്യോപ്യ, ബംഗ്ലാദേശ് എന്നിവ പെടുന്നു.
ജർമ്മൻ വാച്ച് നടത്തിയ മറ്റൊരു പഠനത്തിൽ ജപ്പാൻ, ഫിലിപ്പൈൻസ്, ജർമ്മനി, മഡഗാസ്കർ, ഇന്ത്യ, ശ്രീലങ്ക, കെനിയ, ഫിജി, ഹെയ്ത്തി എന്നീ രാജ്യങ്ങൾ പ്രതിസന്ധിയിലാണ് എന്നു സൂചിപ്പിച്ചു.
കാലാവസ്ഥാ തിരിച്ചടികൾ 2018 ൽ ഇന്ത്യയ്ക്ക് 12.8 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായിട്ടാണ് കണക്കുകൾ. 16700 കോടി തൊഴിൽ ദിനങ്ങൾ കുറച്ചു. 1990 മുതലുള്ള 10 വർഷത്തിൽ 40% വർധന ഇവിടെ രേഖപ്പെടുത്തി.
അന്തരീക്ഷ ഊഷ്മാവ് വർധന 2.5 ഡിഗ്രിയായാൽ 10 മുതൽ 12% തൊഴിൽ ക്ഷമത കുറയും. 2.5 ന് മുകളിൽ ചൂട് കൂടിയാൽ ക്ഷമത 15% ത്തിലധികം ചുരുങ്ങും. ഈ അവസ്ഥ തുടർന്നാൽ 2100 ൽ രാജ്യത്തെ GDP യിൽ 3 മുതൽ10% എങ്കിലും കുറവുണ്ടാകും. 2050 ആകുമ്പോൾ 6 ലക്ഷം കോടി ഡോളറിന്റെ തിരിച്ചടി സംഭവിക്കാം. അത് ബാധിക്കുക മുഖ്യമായും സാധാരണ ക്കാരെയും സർക്കാരിന്റെ വരുമാനത്തെയുമാകും.