ഇന്ത്യയിൽ ഐടി ഹാർഡ്വെയറിനായുള്ള 17,000 കോടി രൂപയുടെ ഉൽപ്പാദനാധിഷ്ഠിത ആനുകൂല്യ പദ്ധതിക്ക്-Production Linked Incentive Scheme PLI- 2.0 കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത് വിരൽ ചൂണ്ടുന്നത് ഇന്ത്യ ഒരു പ്രധാന ഇലക്ട്രോണിക്സ് നിർമ്മാണ രാജ്യമായി ഉയർന്നു വരുന്നു എന്നതിന്റെ സൂചനകളിലേക്കാണ്. ഒപ്പം ആഗോള ഇലക്ട്രോണിക്സ് നിർമ്മാണ ആവാസവ്യവസ്ഥ ഇന്ത്യയിലേക്ക് വരുന്നു എന്നതിന്റെ വ്യക്തമായ സൂചനകളും നൽകുന്നുണ്ട് PLI- 2.0
മൊബൈൽ ഫോണുകളുടെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ നിർമ്മാതാവായി ഇന്ത്യ മാറികഴിഞ്ഞിരിക്കുകയാണ്. . മൊബൈൽ ഫോണുകളുടെ കയറ്റുമതി ഈ വർഷം 11 ബില്യൺ യുഎസ് ഡോളർ എന്ന (ഏകദേശം 90,000 കോടി രൂപ) പ്രധാന നാഴികക്കല്ല് പിന്നിട്ടു.
കേന്ദ്ര സർക്കാർ നേരത്തെ പ്രഖ്യാപിച്ച മൊബൈൽ ഫോണുകൾക്കായുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിന്റെ (പിഎൽഐ) വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ഐടി ഹാർഡ്വെയറിനായുള്ള പിഎൽഐ സ്കീം 2.0 ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്.
PLI സ്കീം 2.0 പ്രധാന സവിശേഷതകൾ:
ഐടി ഹാർഡ്വെയറിനായുള്ള PLI 2.0 സ്കീമിൽ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഓൾ-ഇൻ-വൺ പിസികൾ, സെർവറുകൾ, അൾട്രാ സ്മോൾ ഫോം ഫാക്ടർ ഉപകരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു.
- പദ്ധതിയുടെ ബജറ്റ് വിഹിതം 17,000 കോടി രൂപ.
- PLI 2.0 പദ്ധതിയുടെ കാലാവധി 6 വർഷമാണ്.
- പദ്ധതി പ്രകാരം പ്രതീക്ഷിക്കുന്ന ഉൽപ്പാദന വർദ്ധനവ് 3.35 ലക്ഷം കോടി രൂപ.
- പ്രതീക്ഷിക്കുന്ന ഇൻക്രിമെന്റൽ നിക്ഷേപം 2,430 കോടി രൂപ
- 75,000 വർദ്ധിത നേരിട്ടുള്ള തൊഴിലവസരങ്ങളാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്
എന്തുകൊണ്ട് PLI 2.0 പദ്ധതി
എല്ലാ ആഗോള പ്രമുഖരുടെയും വിശ്വസ്ത വിതരണ ശൃംഖല പങ്കാളിയായി ഇന്ത്യ ഉയർന്നുവരുന്നു. വൻകിട ഐടി ഹാർഡ്വെയർ കമ്പനികൾ ഇന്ത്യയിൽ ഉൽപ്പാദന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിൽ അതീവ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രാജ്യത്തിനകത്ത് നല്ല ഡിമാൻഡുള്ള ശക്തമായ ഐടി സേവന വ്യവസായം ഇതിന് കൂടുതൽ പിന്തുണ നൽകുന്നു.
മിക്ക പ്രമുഖ ഹാർഡ്വെയർ ഉൽപ്പാദന സ്ഥാപനങ്ങളും തങ്ങളുടെ ഉൽപ്പാദനം ഇന്ത്യയിൽ തന്നെ ശക്തിപ്പെടുത്തി ഇന്ത്യയ്ക്കുള്ളിലെ ആഭ്യന്തര വിപണി കയ്യടക്കാനും ഇന്ത്യയെ ഹാർഡ്വെയർ ഉൽപ്പന്നങ്ങളുടെ കയറ്റുമതി കേന്ദ്രമാക്കാനും ആഗ്രഹിക്കുന്നു.
ഐടി ഹാർവെയർ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ ഇന്ന് പ്രഖ്യാപിച്ച ഉൽപ്പാദനാധിഷ്ഠിത ആനുകൂല്യ പദ്ധതി 300 ബില്യൺ ഡോളറിന്റെ ഇലക്ട്രോണിക്സ് നിർമ്മാണ ദൗത്യത്തിന് ഉത്തേജകമാകും എന്ന് ഇലക്ട്രോണിക്സ്, ഐ ടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു . ഇൻഡ്യയുടെ “ട്രില്യൺ ഡോളർ ഡിജിറ്റൽ സമ്പദ് വ്യവസ്ഥ” എന്ന ലക്ഷ്യത്തിലെത്താൻ പദ്ധതി പ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
“മൊബൈൽ ഫോൺ നിർമ്മാണ മേഖലയിൽ നേരത്തെ പ്രഖ്യാപിക്കപ്പെട്ട ഉൽപ്പാദനാധിഷ്ഠിത ആനുകൂല്യ പദ്ധതിയുടെ വിജയത്തിന് ശേഷം, ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കാനും വലിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും ആകർഷിക്കാനും ലക്ഷ്യമിടുന്ന ഐടി ഹാർഡ്വെയർ മേഖലയ്ക്കായി സർക്കാർ ഇപ്പോൾ പിഎൽഐ 2.0 പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ഹാർഡ്വെയർ കമ്പനികൾക്ക് അവരുടെ നിർമ്മാണത്തിനായി ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനും ഉൽപ്പാദനം വിപുലപ്പെടുത്തുന്നതിനും പ്രോത്സാഹനം നൽകും.
കൂടാതെ തങ്ങളുടെ സിസ്റ്റങ്ങളിലും ഉൽപ്പന്നങ്ങളിലും ഇന്ത്യയിൽ രൂപകല്പന ചെയ്ത ബൗദ്ധിക സംവിധാനങ്ങൾ സംയോജിപ്പിക്കുന്ന ഉപകരണ നിർമ്മാതാക്കൾക്കും (OEMs) ഇത് പ്രോത്സാഹനം നൽകും. ആഗോള ഇലക്ട്രോണിക്സ് വിതരണ ശൃംഖലയിൽ ഇന്ത്യയെ നിർണായക റോളിലേക്കുയർത്തും. അതിവേഗം വളരുന്നതും ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ നിർമ്മാണത്തിനുള്ള വിശ്വസനീയവുമായ അടിത്തറ കെട്ടിപ്പടുക്കുന്നതിൽ വിജയിച്ചതിന് ശേഷം, ഇന്ത്യയുടെ ഇലക്ട്രോണിക്സ് ആവാസവ്യവസ്ഥ കൂടുതൽ വിപുലപ്പെടുത്തുന്നതിലാണ് രാജ്യം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആ പ്രയത്നത്തിന് ഈ ആനുകൂല്യം വേഗമേറ്റും”.