ഇന്ത്യയിൽ ഒരു മെഗാ മാരത്തോണിന്റെ ഒരുക്കങ്ങളിലാണ് Reliance ജിയോ. 2026 ൽ ഈ മത്സരത്തിൽ ഒന്നാമതായി എത്തുമെന്ന ആത്മവിശ്വാസവും കൈമുതലാണ്. എന്നിട്ടു വേണം Jio ക്ക് മറ്റു രാജ്യങ്ങളിലെ ടെലികോം വിപണിയിലേക്ക് ഓടിക്കയറാൻ.
റിലയൻസ് ജിയോ 2026 സാമ്പത്തിക വർഷത്തോടെ വരുമാന വിപണി വിഹിതം (RMS) 47 ശതമാനമായി വർദ്ധിപ്പിച്ച് 500 മില്യൺ വരിക്കാരുടെ എണ്ണം കടക്കുമെന്ന് സാൻഫോർഡ് സി. ബേൺസ്റ്റൈൻ റിപ്പോർട്ട് പറയുന്നു.
ജിയോ വിപണി വിഹിതം നേടുന്നത് തുടരുമെന്നും 2025 സാമ്പത്തിക വർഷത്തോടെ 490-500 ദശലക്ഷം വരിക്കാരെ സ്വന്തമാക്കുമെന്നും 2026 സാമ്പത്തിക വർഷത്തോടെ ഇത് 506 ദശലക്ഷമായി ഉയർത്തുമെന്നും ആഗോള ബ്രോക്കറേജ് സ്ഥാപനമായ സാൻഫോർഡ് സി. ബേൺസ്റ്റൈൻ കണക്കാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ ജിയോ 6.4 ദശലക്ഷം വരിക്കാരെ നേടി. അങ്ങനെ മൊത്തം വരിക്കാരുടെ എണ്ണം 439.3 ആയി ഉയർത്തി.
ജിയോ പ്ലാറ്റ്ഫോമിലെ 33% ഓഹരികൾക്കായി അന്താരാഷ്ട്ര നിക്ഷേപകർ $20 ബില്യൺ നിക്ഷേപിച്ചു. ഇതിൽ 18% മെറ്റാ , ഗൂഗിൾ പോലുള്ള പ്രധാന നിക്ഷേപകരും (Meta, Google) 15% സ്വകാര്യ ഇക്വിറ്റി നിക്ഷേപകരും -Vista, KKR, Silverlake, PIF തുടങ്ങിയവർ ഉൾപ്പെടുന്നു. സാധാരണ സ്വകാര്യ ഇക്വിറ്റി നിക്ഷേപകരുടെ ഹോൾഡിംഗ് കാലയളവ് 4 വർഷമാണ്.
ജൂൺ/ജൂലൈ മാസങ്ങളിലെ (RIL) എജിഎമ്മിൽ ചില നിക്ഷേപകർ കൂടുതലായെത്തുമെന്ന് ബേൺസ്റ്റൈൻ പ്രതീക്ഷിക്കുന്നു.
വോഡഫോൺ ഐഡിയയുടെ തുടർച്ചയായ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ 2026 ഓടെ ഇന്ത്യയുടെ ടെലികോം മേഖല കൂടുതൽ ഏകീകരിക്കും എന്നാണ് പ്രതീക്ഷ. കൂടാതെ രാജ്യത്തെ മുൻനിര ടെലികോം കമ്പനികളായ ജിയോയും എയർടെലും യഥാക്രമം 48%, 35% വിപണി ഓഹരികൾ നേടുമെന്ന് കണക്കാക്കുന്നു.
ഇനിയും വളരുന്ന മൊബൈൽ സേവനങ്ങൾ
ബേൺസ്റ്റൈൻ റിപ്പോർട്ട് അനുസരിച്ച്, ഉയർന്ന ഡിജിറ്റൽ/ഡാറ്റ ഉപഭോഗത്തിനിടയിലും മൊബൈൽ സേവനങ്ങൾക്ക് ഇന്ത്യയിൽ ഇനിയും വളർച്ചയ്ക്ക് വലിയ സാധ്യതകൾ ഉണ്ട്. യുവാക്കളുടെ എണ്ണം സ്മാർട്ട്ഫോൺ / ഇന്റർനെറ്റ് ന്റെ ഉപയോഗത്തിലുള്ള വർദ്ധനവ് എന്നിവ ഇതിന് സഹായകമായ ഘടകങ്ങളാണ്.
ഇന്ത്യയിലെ 620 ദശലക്ഷം സ്മാർട്ട്ഫോൺ ഉപയോക്താക്കളിൽ 80 % വും ടയർ 2+ മേഖലകളിൽ നിന്നാണ്. $0.15/GB എന്ന ലോകത്തിലെ ഏറ്റവും കുറഞ്ഞ 4G ഡാറ്റാ നിരക്കും, 10 GB/മാസം എന്ന ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിശീർഷ ഡാറ്റ ഉപഭോഗവും ഇന്ത്യയിലാണ്.