ലക്ഷം കോടികളുടെ കളികളുമായി ഇന്ത്യ കുതിക്കുകയാണ്. ഒന്നിന് പുറകെ ഒന്നായി ഇന്ത്യൻ ധനകാര്യ – നിർമാണ- വില്പന വിപണികൾ ലക്ഷം കോടികളുടെ ലാഭ പരിധി കടന്നിരിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനകരം തന്നെയായിരുന്നു 2022 സാമ്പത്തിക വർഷമെന്ന് വ്യക്തം.
അടുത്തിടെ പുറത്തിറക്കിയ കണക്കുകൾ പ്രകാരം മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഇന്ത്യൻ തദ്ദേശീയ പ്രതിരോധ നിർമാണ സാമഗ്രികളുടെ ഇറക്കുമതി മൂല്യം ഒരു ലക്ഷം കോടി കഴിഞ്ഞിരുന്നു.
തൊട്ടു പിന്നാലെ വരുന്ന വാർത്തകൾ
മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ പൊതുമേഖലാ ബാങ്കുകളുടെ കൂട്ടായ ലാഭം ഒരു ലക്ഷം കോടി രൂപ കവിഞ്ഞു എന്നതാണ്
അതിനു പിന്നാലെ ഇതാ വരുന്നു കണക്കുകൾ മേല്പറഞ്ഞവയെ എല്ലാം കടത്തിവെട്ടികൊണ്ട് ഇന്ത്യൻ ഇ-കൊമേഴ്സ് വിപണി മുന്നേറി എന്നാണ്. ഇന്ത്യയുടെ ഇ-കൊമേഴ്സ് വിപണിയുടെ മൊത്തം വിൽപനമൂല്യം (Gross Merchandise Value/GMV) കഴിഞ്ഞ സാമ്പത്തികവർഷം 6,000 കോടി ഡോളർ (ഏകദേശം 4.92 ലക്ഷം കോടി രൂപ) കടന്നു.
ഇന്ത്യക്കു അഭിമാനിക്കാൻ ഇനിയെന്ത് വേണം. നടപ്പു സാമ്പത്തികവർഷവും ഇതിന്റെ വീര്യം ചോരാതെ മൂല്യം നിലനിർത്തിക്കൊണ്ടു പോകുകയാണ് വേണ്ടത്.
ലാഭത്തിലാകാതിൽ പൊതു മേഖലാ ബാങ്കുകൾ
മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ പൊതുമേഖലാ ബാങ്കുകളുടെ കൂട്ടായ ലാഭം ഒരു ലക്ഷം കോടി രൂപ കവിഞ്ഞു എന്നാണ് പുറത്തു വരുന്ന കണക്കുകൾ.
മൊത്തം വരുമാനത്തിന്റെ പകുതിയോളം വിപണിയിൽ മുൻനിരയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) സംഭാവന ആണ്.
12 പൊതുമേഖലാ ബാങ്കുകൾ 2021-22ൽ നേടിയ 66,539.98 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ മൊത്തം ലാഭത്തിൽ 57 ശതമാനം വർധന രേഖപ്പെടുത്തി.
2017-18ൽ മൊത്തം 85,390 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തിയതിൽ നിന്നുമാണീ ഉയർച്ചയെന്നോർക്കണം. രാജ്യം പിന്തുടരുന്ന സാമ്പത്തിക നയങ്ങൾ യഥാവിധി തന്നെയെന്ന് വ്യക്തമാക്കുകകൂടിയാണീ ഫലങ്ങൾ. പൊതുമേഖലാ ബാങ്കുകളുടെ സാമ്പത്തിക സാഹചര്യം ഏറെ മെച്ചപ്പെട്ട് 2022-23ൽ ലാഭം 1,04,649 കോടിയാകുന്ന സ്ഥിതിയെത്തിയെന്ന് വരുമാന ഫലങ്ങൾ വിലയിരുത്തിക്കൊണ്ട് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ പിഎസ്ബി-കളുടെ പുനർമൂലധനവത്കരണത്തിനായി 3,10,997 കോടി രൂപ സർക്കാർ നിക്ഷേപിച്ചു. വായ്പാ അച്ചടക്കം, സാങ്കേതിക വിദ്യയുടെ അവലംബം, ബാങ്കുകളുടെ സംയോജനം എന്നിവയെല്ലാം ഈ നേട്ടത്തിന് കാരണമായി എന്നാണ് വിലയിരുത്തൽ.
2022-23ൽ എസ്ബിഐ 50,232 കോടി രൂപയുടെ വാർഷിക ലാഭം റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇത് മുൻ സാമ്പത്തിക വർഷത്തേക്കാൾ 59 ശതമാനം വർധനയാണ്. ബാങ്ക് ഓഫ് മഹാരാഷ്ട്ര 126 ശതമാനംഎന്ന ഏറ്റവും ഉയർന്ന അറ്റാദായ വളർച്ച നേടി . 2,602 കോടി രൂപയാണ് ബാങ്കിൻറെ അറ്റാദായം.
യുകോ ബാങ്കിൻറെ അറ്റാദായം 100 % ഉയർന്ന് 1,862 കോടി രൂപയായി. ബാങ്ക് ഓഫ് ബറോഡയുടെ വരുമാനം 94 ശതമാനം വർധിച്ച് 14,110 കോടി രൂപയിലെത്തി.
പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) ഒഴികെയുള്ള, മറ്റ് പൊതുമേഖലാ ബാങ്കുകളെല്ലാം നികുതിക്കു ശേഷമുള്ള ലാഭത്തിൽ വാർഷിക വർധന രേഖപ്പെടുത്തി.
ഡൽഹി ആസ്ഥാനമായ പിഎൻബിയുടെ വാർഷിക അറ്റാദായം 2021-22ലെ 3,457 കോടി രൂപയിൽ നിന്ന് 2023 മാർച്ചിൽ അവസാനിച്ച വർഷത്തിൽ 27 ശതമാനം ഇടിവോടെ 2,507 കോടി രൂപയായി.
ബാങ്ക് ഓഫ് ബറോഡ (14,110 കോടി രൂപ), കാനറ ബാങ്ക് (10,604 കോടി രൂപ) എന്നിവയാണ് 10,000 കോടി രൂപയിൽ കൂടുതൽ വാർഷിക ലാഭം റിപ്പോർട്ട് ചെയ്ത മറ്റു പിഎസ്ബികൾ.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 51 % (1,582 കോടി രൂപ) വളർച്ച രേഖപ്പെടുത്തി. പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് 26 % (1,313 കോടി രൂപ), ഇന്ത്യൻ ഓവർസീസ് ബാങ്ക് 23 % (2,099 കോടി രൂപ), ബാങ്ക് ഓഫ് ഇന്ത്യ 18 % (4,023 കോടി രൂപ), ഇന്ത്യൻ ബാങ്ക് 34 % (5,282 കോടി രൂപ), യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 61 %(8,433 കോടി രൂപ) എന്നിങ്ങനെ മറ്റു പൊതുമേഖലാ ബാങ്കുകൾ തങ്ങളുടെ വാർഷിക ലാഭ വളർച്ച രേഖപ്പെടുത്തി.
കുതിച്ചുയർന്നു ഇന്ത്യൻ ഇ കൊമേഴ്സ്
ഇന്ത്യയുടെ ഇ-കൊമേഴ്സ് വിപണിയുടെ മൊത്തം വിൽപനമൂല്യം (Gross Merchandise Value/GMV) കഴിഞ്ഞ സാമ്പത്തികവർഷം 6,000 കോടി ഡോളർ (ഏകദേശം 4.92 ലക്ഷം കോടി രൂപ) കടന്നു.
2021-22ലെ 4,900 കോടി ഡോളറിനേക്കാൾ (4.01 ലക്ഷം കോടി രൂപ) 22.5 ശതമാനമാണ് വളർച്ചഎന്ന് റെഡ്സീർ റിസർച്ച് ആൻഡ് അനാലിസിസിന്റെ റിപ്പോർട്ട് വ്യക്തമാക്കി.
അതേസമയം, ഇ-കൊമേഴ്സ് വിപണിയുടെ വാർഷിക വളർച്ചാനിരക്ക് കുറയുകയാണ്. കൊവിഡ് ലോക്ക്ഡൗണിൽ ഇ-ഷോപ്പിംഗിലെ വളർച്ച 140 ശതമാനത്തോളമായിരുന്നു. 2019-20ലെ വിൽപന മൂല്യം മുൻവർഷത്തേക്കാൾ 13.6 ശതമാനം വളർച്ചയോടെ 2,500 കോടി ഡോളറായിരുന്നു (2.05 ലക്ഷം കോടി രൂപ).
കോവിഡ് കാലം ഇ കൊമേഴ്സ് മേഖലയിലുണ്ടാക്കിയ ഉണർവ്, ഇ-കൊമേഴ്സ് മേഖലയിലേക്ക് കൂടുതൽ കമ്പനികളുടെ കടന്നുവരവ്, നിലവാരവും മുൻ ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും വിലയിരുത്തി ഉത്പന്നങ്ങൾ കണ്ടെത്താമെന്ന ഗുണം എന്നിങ്ങനെ നിരവധി ഘടകങ്ങളാണ് ഇ-കൊമേഴ്സ് വിപണിയുടെ അതിവേഗ വളർച്ചയ്ക്ക് സഹായകമാകുന്നത് എന്നും റിപ്പോർട്ടിലുണ്ട്.
കോവിഡിന് ശേഷം ഇത് 2020-21ൽ 44 % വർദ്ധിച്ച് 3,600 കോടി ഡോളറായി (2.95 ലക്ഷം കോടി രൂപ). 2021-22ലാകട്ടെ വളർച്ചാനിരക്ക് 36.1 %മായി കുറഞ്ഞു മൂല്യം 4,900 കോടി ഡോളറിലുമെത്തി.
Indian indigenous defense materials under the Make in India project have surpassed Rs 1 lakh crore in import value. Public sector banks collectively earned over Rs 1 lakh crore in profit for the fiscal year. Additionally, India’s e-commerce market achieved a gross merchandise value (GMV) of $6,000 crore (roughly Rs. 4.92 lakh crore) in the previous financial year.