ജലീഷ് പീറ്റർ
(ലേഖകൻ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പബ്ലിക് റിലേഷൻസ് ഓഫീസറാണ്. 1994 മുതൽ കരിയർ ഗൈഡൻസ് രംഗത്ത് പ്രവർത്തിക്കുന്നു.)
ദുരന്തങ്ങളെ മുൻകൂട്ടി അറിയണം; നേരിടണം തൊഴിൽ സാധ്യതകൾ അനവധിയാണ്
സുനാമി ദുരന്തം ലോകത്തെ പിടിച്ചുകുലുക്കിയപ്പോൾ ഉയർന്നുകേട്ട ഒരു പേരാണ് ‘ഡിസാസ്റ്റർ മാനേജ്മെന്റ്’. ദുരന്തമെത്തിയപ്പോൾ ഏവരും ഓർത്തു ‘ഡിസാസ്റ്റർ മാനേജ്മെന്റ് വിദഗ്ധരുണ്ടായിരുന്നെങ്കിൽ’. ദുരിതങ്ങൾ ലോകത്തെ വിട്ടൊഴിയാതെ നിൽക്കുകയാണ്. യുദ്ധങ്ങൾ, കൊറോണ, ഭൂകമ്പം, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, മലയിടിച്ചിൽ, ബോട്ട് അപകടം, സുനാമി … ഇങ്ങനെ ഒട്ടേറെ ദുരിതങ്ങൾ കടന്നുപോയി. ഇവിടെയാണ് ഡിസാസ്റ്റർ മാനേജ്മെന്റ് വിദഗ്ധരുടെ സേവനം വേണ്ടത്.
എന്താണ് ഡിസാസ്റ്റർ മാനേജ്മെൻറ്?
ഡിസാസ്റ്റർ മാനേജ്മെന്റ് നിത്യജീവിതത്തിൽ നാമോരോരുത്തരും നിർവഹിക്കാറുണ്ട്. മറ്റുള്ളവരെ സഹായിക്കാനുള്ള ഉറച്ച മനസുണ്ടെങ്കിൽ എത്ര വിഷമം പിടിച്ച സന്ദർഭത്തിലും ഒട്ടും വിരസതയില്ലാതെ ദിവസം മുഴുവൻ ജോലിചെയ്യാൻ കഴിയും.
അത്യാഹിതങ്ങളും പ്രകൃതിക്ഷോഭങ്ങളും സംഭവിക്കുമ്പോൾ ദുരന്തഭൂമിയിൽ ജീവിതം സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരാൻ നടത്തുന്ന അടിയന്തര പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും കാര്യനിർവഹണത്തിന്റെ ചുമതല നിർവഹിക്കുകയുമാണ് ഡിസാസ്റ്റർ മാനേജ്മെന്റ് ചെയ്യുന്നത്. പ്രകൃതിക്ഷോഭങ്ങൾ മൂലം അത്യാഹിതങ്ങൾ അടിക്കടി സംഭവിക്കുന്ന ആദ്യത്തെ പത്ത് രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയുമുണ്ട്. ഇവിടത്തെ ഭൂരിഭാഗം ദുരന്തങ്ങളും പ്രവചനാതീതമാണ്. നിനച്ചിരിക്കാതെ വന്നെത്തുന്ന മഹാദുരന്തങ്ങളെ നേരിടാനും പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനും ഡിസാസ്റ്റർ മാനേജ്മെന്റ് രംഗത്തെ പ്രഫഷണലുകൾക്ക് കഴിയും.
ദുരന്തങ്ങളെ മുൻകൂട്ടി അറിയണം; നേരിടണം
ഡിസാസ്റ്റർ മാനേജ്മെന്റിന് പ്രധാനമായും രണ്ടു തലങ്ങളുണ്ട്. അത്യാഹിതങ്ങൾക്ക് മുമ്പുള്ള മാനേജ്മെന്റും അത്യാഹിതങ്ങൾക്കു ശേഷമുള്ള മാനേജ്മെന്റും. അത്യാഹിതങ്ങൾക്ക് മുമ്പുള്ള മാനേജ്മെന്റിനെ ‘റിസ്ക് മാനേജ്മെന്റ്’ എന്നു വിളിക്കുന്നു. ഇതിന് മൂന്നു ഘടകങ്ങളുണ്ട്.
- വിപത്ത് തിരിച്ചറിയുക
- വിപത്ത് കുറയ്ക്കുക
- വിപത്ത് നീക്കം ചെയ്യുക.
ഏതു വിപത്തിനെയും നേരിടുന്നതിനു വേണ്ട പ്രഥമവും പ്രധാനവുമായ നടപടി വിപത്തിനെ തിരിച്ചറിയുന്നതിൽ നിന്നുമാണ് ആരംഭിക്കുന്നത്. അത്യാഹിതത്തിന്റെ സ്വഭാവത്തെയും ദൈർഘ്യത്തെയും സ്ഥലകാലങ്ങളെയും ആസ്പദമാക്കി മാത്രമേ അതിനെ വിലയിരുത്താ നാവുകയുള്ളൂ. അത്യാഹിതം നടന്ന സ്ഥലത്തെ ജനങ്ങളിൽനിന്നും ലഭിക്കുന്ന വിവര ങ്ങളുടെയും കെട്ടിട സമുച്ചയങ്ങളുടെ അവസ്ഥയെയും പരിഗണിച്ചുകൊണ്ടു മാത്രമേ ഒരു ഡിസാസ്റ്റർ മാനേജർക്ക് പ്രവർത്തിക്കാനാവുകയുള്ളൂ.
ഇങ്ങനെ എത്തിച്ചേരുന്ന ശാസ്ത്രീയ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് വിപത്തുകളെ തരണം ചെയ്യാൻ പാകത്തിലുള്ള പ്രോജക്ടുകൾ ആവിഷ്കരിക്കുന്നത്. അത്യാഹിതങ്ങൾക്ക് കൂടുതൽ സാധ്യതയുള്ള മേഖലകളിൽ പ്രവർത്തിച്ചുകൊണ്ട് അവയുടെ സാധ്യതകളെ മനസിലാക്കി നേരിടുന്നതിനാവശ്യമായ മുൻകരുതലുകളെടുക്കാൻ ഡിസാസ്റ്റർ മാനേജ്മെന്റ് സഹായകമാണ്. മനുഷ്യ വിഭവശേഷി, സാമ്പത്തികം എന്നിങ്ങനെ ഘടനാപരമായ സംഗതികളും ഡിസാസ്റ്റർ മാനേജ്മെന്റിന്റെ പരിധിയിൽ വരുന്നു.
നിങ്ങൾക്കും ഡിസാസ്റ്റർ മാനേജ്മെന്റ് വിദഗ്ദ്ധരാകാം
വാസ്തവത്തിൽ ഡിസാസ്റ്റർ മാനേജ്മെന്റിന്റെ പ്രസക്തിയും പ്രാധാന്യവും കൂടുന്നത് അത്യാഹിതത്തിന് ശേഷമാണ്. അത്യാഹിതം തകർത്തെറിഞ്ഞവ, പുനർ നിർമിച്ചുകൊണ്ട് ജനജീവിതം സാധാരണ നിലയിലെത്തിക്കുന്നതിനായി പ്രവർത്തിക്കുകയാണ് ഡിസാസ്റ്റർ മാനേജ്മെന്റ് രംഗത്തുള്ളവരുടെ പ്രധാന ചുമതല. അത്യാഹിതം സംഭവിച്ച സ്ഥലത്ത് ആവശ്യമായ എല്ലാ സഹായങ്ങളും യഥാസമയം ലഭ്യമാക്കാൻ വേണ്ടുന്ന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. ഡോക്ടർമാർ, നേഴ്സുമാർ, സിവിൽ എൻജിനീയർമാർ, ആർക്കിടെക്ടുകൾ, ടെലികമ്യൂണിക്കേഷൻ സ്പെഷലിസ്റ്റുകൾ, ഇലക്ട്രീഷ്യൻമാർ തുടങ്ങി അത്യാഹിത ഭൂമിയിൽ അടിയന്തര സേവനം നൽകുന്ന പ്രഫഷണലുകൾക്ക് നേതൃത്വം നൽകുന്നത് ഡിസാസ്റ്റർ മാനേജർമാരാണ്.
അത്യാഹിതത്തിന്റെ ആഴവും പരപ്പും അളന്ന് അതിന്റെ സ്വഭാവത്തെ നിർണയിക്കുക, നാശനഷ്ടങ്ങൾ കണക്കാക്കുക എന്നിവ ഡിസാസ്റ്റർ മാനേജ്മെന്റ് ചെയ്യുന്നു. സാധാരണയായി അത്യാഹിതത്തെ വിലയിരുത്തുന്നത് ഒന്നിലധികം സ്വതന്ത്ര സംഘടനകളായതുകൊണ്ട് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകാം. ഡിസാസ്റ്റർ മാനേജ്മെന്റ് ഈ രംഗത്ത് ഏകാത്മക സമീപനം രൂപവത്കരിക്കുന്നു.
തൊഴിൽ സാധ്യതകൾ
ദുരന്തനിവാരണ സംവിധാനങ്ങൾ രൂപകല്പന ചെയ്യുന്നതും അവയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതും ഉത്തരവാദിത്തമേറിയ കൃത്യങ്ങളാണ്. സർക്കാർ, പൊതു, സ്വകാര്യ മേഖലകളെ ഏകോപിപ്പിച്ചു പ്രവർത്തിക്കുവാൻ അറിവും നൈപുണിയും മാത്രം പോര, ഉത്സാഹവും ചുറുച്ചുറുക്കും ധൈര്യവും പെട്ടെന്ന് തീരുമാനങ്ങളെടുക്കുവാനുള്ള കഴിവും കൂടിയേ തീരൂ.
അടിയന്തര സേവനങ്ങൾ, നിയമ നിർവ്വഹണ വകുപ്പുകൾ, ദുരിതാശ്വാസ ഗ്രൂപ്പുകൾ, പ്രാദേശിക അധികാരികൾ എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്ര – സംസ്ഥാന സർക്കാർ മേഖലകളിൽ ദുരന്ത നിവാരണ പ്രൊഫഷണലുകൾക്ക് ധാരാളം തൊഴിൽ അവസരങ്ങളുണ്ട്. കൂടാതെ, ദുരന്തനിവാരണ സേവനങ്ങൾ നൽകുന്ന സ്വകാര്യ, എൻ ജി ഒ സ്ഥാപനങ്ങളിലും ഡിസാസ്റ്റർ മാനേജ്മെന്റിൽ വിവിധ തൊഴിലുകൾ ലഭ്യമാണ്. ഐക്യരാഷ്ട്രസഭ, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ, വേൾഡ് ബാങ്ക്, റെഡ് ക്രോസ്സ് പോലുള്ള അന്താരാഷ്ട്ര ഏജൻസികളും ദുരന്തനിവാരണ വിദഗ്ധരെ നിയമിക്കുന്നു. ട്രെയിനികൾ, അസിസ്റ്റന്റുമാർ, വിദഗ്ധർ, ഗവേഷകർ, അനലിസ്റ്റുകൾ, എഞ്ചിനീയർമാർ, മെഡിക്കൽ ഹെൽത്ത് വിദഗ്ധർ, സാമൂഹിക പ്രവർത്തകർ, പരിസ്ഥിതി വിദഗ്ധർ, പുനരധിവാസ വിദഗ്ധർ തുടങ്ങി വിവിധ തലങ്ങളിൽ ഡിസാസ്റ്റർ മാനേജ്മെന്റ് പ്രൊഫഷണലുകളെ നിയമിക്കുന്നു. ദുരന്തനിവാരണ മാനേജ്മെന്റ് ബിരുദധാരികൾക്ക് അഗ്നിശമന – പോലിസ് വകുപ്പുകൾ, ഇൻഷുറൻസ് കമ്പനികൾ, പെട്രോളിയം, കെമിക്കൽ വ്യവസായം, ഖനന വ്യവസായ മേഖലകളിലും തൊഴിൽ ഉറപ്പാണ്.
ദുരന്തനിവാരണ മാനേജ്മെന്റിൽ യോഗ്യത നേടിയവരെ നിയമിക്കുന്ന മുൻനിര സ്ഥാപനങ്ങളിലൊന്നാണ് നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി. കേന്ദ്ര – സംസ്ഥാന സർക്കാരുകളും സ്വകാര്യ സ്ഥാപനങ്ങളും ഡിസാസ്റ്റർ മാനേജ്മെന്റ് വിഭാഗത്തിൽ അനേകം ജോലി സാധ്യതകൾ നൽകുന്നു.
ഇത് സ്വതന്ത്ര നിരീക്ഷണങ്ങളാണ്. ഇവിടെ പങ്കുവെയ്ക്കുന്ന രാഷ്ട്രീയമോ സാമൂഹികമോ ആയ കാഴ്ചപ്പാടുകൾ എഴുത്തുകാരന്റെ തികച്ചും വ്യക്തിപരമായ നിലപാടുകൾ ആകാം. ചാനലിന്റെ നിലപാടുകളെ പ്രതിഫലിപ്പിക്കുന്നതാകണമെന്നില്ല.