സൈബർ കുറ്റകൃത്യങ്ങൾ, സൈബർ ആക്രമണങ്ങൾ, മലീഷ്യസ് ഫയൽ ആപ്ലിക്കേഷൻ, സൈബർ ബുള്ളിയിങ്, ഡാറ്റാ ചോർത്തൽ, ഓൺലൈൻ ഗെയിമിംഗ് പിന്നെ ജോലിത്തട്ടിപ്പും, അത്ര ചെറുതല്ലാത്ത, സർവസാധാരണമായ ബാങ്കിംഗ് തട്ടിപ്പും. ടെക്നോളജി നല്ലതിനായി ലോകത്തു ഉപയോഗിക്കപ്പെടുന്നതിനൊപ്പം തന്നെ ഇത്തരം നിയന വിരുദ്ധ പ്രവർത്തനങ്ങൾക്കും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന കാലമാണിത്.
ടെക്നോളജിയുടെ സാദ്ധ്യത മനസിലാക്കി അതിൽ നേട്ടമുണ്ടാക്കുന്നവരുടെ എണ്ണം വലുതാണ്. എന്നാൽ ഇതിൽ ഒരു വിഭാഗം ചെയ്തുകൂട്ടുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ മൂലം അതിലേറെ പേർ സൈബർ രംഗത്ത് കാലിടറി വീഴുന്നുണ്ട്. ചില സമയങ്ങളിൽ നാം പോലുമറിയാതെ നാം തന്നെ സൈബറിടങ്ങളിൽ പ്രതികളായി മാറുന്ന കാലമാണിത്. ചിലപ്പോൾ നാമറിയാതെ തന്നെ നമ്മെ ചൂഷണം ചെയ്തു പണം കൊയ്യുന്ന വിദ്യ നടപ്പാക്കുന്നവരും ഏറെ. കുറച്ച് മുൻകരുതലുകളും ജാഗ്രതയും പുലർത്തിയാൽ, ഒരൽപം സൈബർ തട്ടിപ്പുകളെ പറ്റി അവബോധമുണ്ടാക്കിയാൽ, നമുക്ക് ചുറ്റും സർവ സാധാരണമായ സൈബർ കുറ്റകൃത്യങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാം.
അന്താരാഷ്ട്ര കുറ്റവാളികൾ വരെ ഉൾപ്പെട്ട ചെറുതും വലുതുമായ നൂറുകണക്കിന് കുറ്റകൃത്യങ്ങളാണ് കേരളത്തിൽ നിത്യേന റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നൈജീരിയ പോലുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് പോലും വിരിക്കുന്ന സൈബർ വലകളിൽ മലയാളി ചെന്ന് വീഴുന്നു എന്നതാണ് കഷ്ടം. ബാങ്കിംഗ് തട്ടിപ്പുകളും കൊച്ചുകുട്ടികളെപ്പോലും ചൂഷണം ചെയ്യുന്ന ചൈൽഡ് പോണോഗ്രഫിയുമാണ് ഇതിൽ ഏറ്റവും വലിയ വില്ലന്മാർ. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അക്രമങ്ങളും സാമ്പത്തിക ചൂഷണവുമാണ് ഇതിൽ ഏറ്റവും അപകടകരം.
ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 2019ൽ 3,94,499 ആയിരുന്ന സൈബർ കുറ്റകൃത്യങ്ങൾ 2023 വർഷത്തിൽ ഇതുവരെ ആയപ്പോൾ 13,91,457 ആയി ഉയർന്നിരിക്കുന്നു. സംസ്ഥാനത്തെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകളിലെ ക്രൈം സ്റ്റാറ്റിക്സ് പ്രകാരം 800 ലധികം ക്രൈം കേസുകളാണ് കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
സൈബർ കുറ്റകൃത്യം ഇന്ത്യയിൽ
ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെ കണക്ക്
- 2019 – 3,94,499
- 2020 – 11,58,208
- 2021 – 14,02,809
- 2023 – 13,91,457
സൈബർ കുറ്റകൃത്യം
കമ്പ്യൂട്ടറുമായോ കമ്പ്യൂട്ടർ ശൃംഖലയുമായോ ബന്ധപ്പെട്ട മോഷണം, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് സൈബർ കുറ്റകൃത്യങ്ങളായി കണക്കാക്കപ്പെടുന്നത്. ഈ കുറ്റകൃത്യങ്ങൾ അന്വേഷിക്കുവാൻ സംസ്ഥാനത്തു സൈബർ പോലീസ് സ്റ്റേഷനുകൾക്ക് തന്നെ രൂപം നൽകിയിട്ടുണ്ട്. കമ്പ്യൂട്ടർ വഴി വ്യാജരേഖ ചമയ്ക്കൽ, അത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കൽ എന്നിവയെല്ലാം സൈബർ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരും. സംസ്ഥാനത്തു നടക്കുന്ന മറ്റു കൃമി കേസുകളിലും ഇത്തരം സൈബർ നിയമങ്ങൾ പ്രകാരമുള്ള കൃത്യങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവയും സൈബർ വകുപ്പുകൾ ചുമത്തപ്പെടാവുന്ന കുറ്റകൃത്യങ്ങളാണ്.
മലീഷ്യസ്ഫയൽ ആപ്ലിക്കേഷൻ
നിങ്ങളുടെ സ്മാർട്ട്ഫോണിലോ കമ്പ്യൂട്ടറിലോ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതിനായി സന്ദേശങ്ങൾ, ഗെയിമിംഗ്, ഇ-മെയിൽ, വെബ്സൈറ്റ് തുടങ്ങിയവയുടെ തെറ്റായ ഫയലുകൾ അയയ്ക്കുന്ന രീതി. അശ്രദ്ധ കൊണ്ടോ, അറിവില്ലായ്മ കൊണ്ടോ ഈ മെയ്ലുകളോ, സൈറ്റോ നമ്മൾ സന്ദർശിച്ചാൽ നമ്മുടെ വിവരങ്ങൾ സ്വമേധയാ തട്ടിപ്പുകാരുടെ കൈയിൽ ചെന്നെത്തും.
ഇത്തരത്തിൽ വ്യക്തികളെ കബളിപ്പിച്ച് കമ്പ്യൂട്ടർ ഉപയോഗിച്ചോ അല്ലാതെയോ വിവരങ്ങൾ കൈക്കലാക്കി സ്വന്തം താത്പര്യങ്ങൾക്കായി ഉപയോഗിക്കുന്ന സോഷ്യൽ എൻജിനീയറിംഗ് ഇന്ന് വ്യാപകമാണ്. . സാങ്കേതികവിദ്യ ഉപയോഗിക്കാതെ വ്യക്തികൾ പരസ്പരം ഫോണിലൂടെയോ ഇ-മെയിലിലൂടെയോ ചാറ്റ് വഴിയോ സംസാരിച്ച് പാസ്വേഡ്, സ്വകാര്യ വിവരങ്ങൾ തുടങ്ങിയവ കൈക്കലാക്കി നേട്ടമുണ്ടാക്കും.
ഡാറ്റാ മോഷണം
മറ്റുള്ളവരുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗപ്പെടുത്തി സാമ്പത്തിക നേട്ടമുണ്ടാക്കുന്ന തട്ടിപ്പാണിത്. നിർഭാഗ്യവശാൽ നമ്മുടെ വിവരശേഖരണം നടത്തുന്ന സ്വകാര്യ ഏജൻസികൾ, ഗ്രോസ്സറികൾ, ഓൺലൈൻ പ്ലാറ്റുഫോമുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവരെല്ലാം ഈ തട്ടിപ്പിന്റെ ഭാഗമാകും. ഇവരുടെ പക്കലുള്ള ഉപഭോക്താവിന്റെ വിവരങ്ങൾ മറ്റു സാമ്പത്തിക ഇടപാടുകൾക്ക് നിഷ്പ്രയാസം തട്ടിപ്പുകാർ വിനിയോഗിക്കും.
ഓൺലൈൻ ഗെയിമിംഗ്
മുതിർന്നവരും കുട്ടികളും ഒരുപോലെ കബളിപ്പിക്കപ്പെടുന്നതാണ് ഓൺലൈൻ ഗെയിമിംഗ്. നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയായിരിക്കും ഇവയുടെ തട്ടിപ്പ്. ഇതുവഴി ഓൺലൈൻ ചതിയും സൈബർ ബുള്ളിയിങ്ങും അനധികൃത സന്ദേശ കൈമാറ്റവും വ്യാപകമായി നടക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം.
ഓൺലൈൻ ഗെയിമിൽ വ്യാപൃതരായിരിക്കുന്നവർ മറ്റു കായിക വിനോദങ്ങളെ മറക്കുകയും കമ്പ്യൂട്ടറിലും മൊബൈൽ ഫോണിലും കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്യും. ആദ്യം ഗെയിമിംഗിൽ തുടങ്ങി ഗെയിമിംഗ് ചാറ്റിങ്ങിലും ഗ്രൂപ്പുകളിലും സമയം ചെലവഴിക്കും. ഇതുവഴി നിങ്ങളുടെ ആരോഗ്യപരവും മാനസികവും സാമൂഹികവുമായ പ്രശ്നങ്ങൾക്കും വഴിതെളിയിക്കും.
ഓൺലൈൻ ഗെയിമിൽ എല്ലാവരും ഒരേ സ്വഭാവക്കാരായിരിക്കില്ല. അശ്ലീല സംസാരങ്ങളോ മോശം പെരുമാറ്റമോ ഉണ്ടായേക്കാം.
സൈബർ ക്രിമിനലുകളും ഓൺലൈൻ ഗെയിമുകളിൽ പതിയിരിക്കുന്നുണ്ട്. ഗെയിമിംഗ് ഐഡിയകൾ കൈമാറുന്നതിനോടൊപ്പം വ്യക്തിഗത വിവരങ്ങളും ചോർത്തപ്പെടാം.
മെസേജായോ പരസ്യമായോ ഇ – മെയിൽ വഴിയോ എത്തുന്ന സൗജന്യ ഗെയിമുകളുടെ ലിങ്കുകൾ ഇൻസ്റ്റാൾ ചെയ്താൽ സ്വകാര്യ വിവരങ്ങൾ എളുപ്പത്തിൽ ചോർത്താനാവും. ഫോൺനമ്പർ, പേര്, വയസ്, ജനനത്തീയതി, ബാങ്ക് വിവരങ്ങൾ തുടങ്ങിയവ ഇതുവഴി ചോർന്നുകൊണ്ടിരിക്കും.
വിജയികൾക്ക് കോയിനുകളോ പോയിന്റോ വാഗ്ദാനം ചെയ്ത് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ആവശ്യപ്പെടുന്ന തട്ടിപ്പുകാർ ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്.
എങ്ങനെ സുരക്ഷിതരാകാം
പാസ്വേഡുകൾ സുരക്ഷിതമാക്കുക. 123 പോലുള്ള പാസ്വേഡുകൾ നൽകാതിരിക്കുക.അനാവശ്യമായ ഇ-മെയിലുകളും സമൂഹമാദ്ധ്യമ സന്ദേശങ്ങളും അവഗണിക്കുകയോ നശിപ്പിക്കുകയോ ചെയ്യുക.
ഭാഗ്യക്കുറികളും പണമിടപാടുകളും, വലിയ കമ്പനികളുടെ ഓഫറുകളും സമ്മാനങ്ങളും സംബന്ധിച്ച അറിയിപ്പുകൾ ഒഴിവാക്കുക.
പരിചയക്കാരെ മാത്രം നിങ്ങളുടെ സമൂഹമാദ്ധ്യമ സുഹൃദ് പട്ടികയിൽ ഉൾപ്പെടുത്തുക.
സമൂഹമാദ്ധ്യമങ്ങളിൽ ജനനത്തീയതി, വിലാസം, ഫോൺ നമ്പർ തുടങ്ങി ഒരു സ്വകാര്യ വിവരവും പങ്കുവയ്ക്കാതിരിക്കുക.
കമന്റ് വഴിയോ പോസ്റ്റുകൾ വഴിയോ വ്യക്തിഗത വിവരങ്ങൾ ഷെയർ ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.