ഇന്ത്യയിലെ ഗോതമ്പു പാടങ്ങളെല്ലാം വിളഞ്ഞു മറിഞ്ഞു സ്വർണ നിറത്തിൽ തിളങ്ങി നിൽക്കുന്നു. രാജ്യത്തെ ഭക്ഷ്യ സുരക്ഷ മുൻ നിർത്തി കയറ്റുമതിക്ക് നിയന്ത്രണമാണിപ്പോൾ.
അങ്ങനെ ഇന്ത്യ ഗോതമ്പ് ഉല്പാദനത്തിൽ സ്വയംപര്യാപ്തതയിലേക്കെത്തിക്കുവാനുള്ള ശ്രമങ്ങളാണിപ്പോൾ.

2022-ൽ 111.32 ദശലക്ഷം ടൺ ഗോതമ്പ് ഉൽപ്പാദനമാണ് ഇന്ത്യ ലക്ഷ്യമിട്ടത്. എന്നാൽ അന്തിമഉത്പാദനം 106.84 ദശലക്ഷം ടണ്ണിൽ കൂടുതലായിരുന്നില്ല. ഈ 2023 ൽ, 112 ദശലക്ഷം ടൺ ഗോതമ്പ് ഉൽപ്പാദനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്, കഴിഞ്ഞ വർഷത്തേക്കാൾ 5% കൂടുതലാണ് പ്രതീക്ഷകൾ.
അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി (അപെഡ) പ്രോത്സാഹനം നൽകുന്ന കാർഷികോത്പന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞ സാമ്പത്തികവർഷം (2022-23) 8.74 ശതമാനം വർദ്ധിച്ച് 2,672 കോടി ഡോളറിൽ (2.19 ലക്ഷം കോടി രൂപ) എത്തി. 2021-22ൽ കയറ്റുമതി 2,457 കോടി ഡോളറായിരുന്നു (2.01 ലക്ഷം കോടി രൂപ).

ബസുമതി അരി, ധാന്യങ്ങൾ, പാലുത്പന്നങ്ങൾ, നിലക്കടല എന്നിവയുടെ കയറ്റുമതി മൂല്യം കൂടി. അതേസമയം ഗോതമ്പ്, ഇറച്ചി, പൂക്കൾ എന്നിവയുടെ കയറ്റുമതി കുറഞ്ഞു.
കേന്ദ്ര സർക്കാർ 2022-23ലേക്കായി ഉന്നമിട്ട വരുമാനം 2,356 കോടി ഡോളറായിരുന്നു (1.93 ലക്ഷം കോടി രൂപ). ബസുമതി അരി, ധാന്യങ്ങൾ, പാലുത്പന്നങ്ങൾ, നിലക്കടല എന്നിവയ്ക്ക് ലഭിച്ച മികച്ച ഡിമാൻഡിന്റെ പിൻബലത്തിൽ ഈ ലക്ഷ്യം മറികടക്കാൻ കാർഷിക മേഖലയ്ക്ക് കഴിഞ്ഞുവെന്ന് അപെഡ വ്യക്തമാക്കി.
അരിയും ഗോതമ്പും

ബസുമതി അടക്കമുള്ള അരി കയറ്റുമതിയാണ് കഴിഞ്ഞവർഷത്തെ വരുമാനത്തിൽ 1,114 കോടി ഡോളറും (91,350 കോടി രൂപ) സ്വന്തമാക്കിയത്. 2021-22ൽ ഇത് 967 കോടി ഡോളറായിരുന്നു (79,200 കോടി രൂപ).
ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനായി കഴിഞ്ഞവർഷം കേന്ദ്രം ഗോതമ്പ് കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇത്, ഗോതമ്പ് കയറ്റുമതി 7.24 മില്യൺ ടണ്ണിൽ നിന്ന് 4.69 മില്യൺ ടണ്ണായി കുറയാനിടയാക്കി.

ഇന്ത്യയിലെ കാർഷികോത്പന്നങ്ങളുടെ മുഖ്യവിപണി ബംഗ്ലാദേശ്, യു.എ.ഇ., വിയറ്റ്നാം, അമേരിക്ക, നേപ്പാൾ, മലേഷ്യ, സൗദി, ഇൻഡോനേഷ്യ, ഇറാൻ, ഈജിപ്റ്റ് എന്നിവയാണ്.
ഗോതമ്പിൽ പ്രതീക്ഷ
2022-23 വിള വർഷത്തിൽ (ജൂലൈ-ജൂൺ) രാജ്യത്തിന്റെ ഗോതമ്പ് ഉൽപ്പാദനം 112.74 ദശലക്ഷം ടൺ എന്ന പുതിയ റെക്കോർഡ് സൃഷ്ടിക്കുമെന്ന് വിലയിരുത്തൽ.
മൊത്തത്തിലുള്ള ഭക്ഷ്യധാന്യ ഉൽപ്പാദനം 330.53 ദശലക്ഷം ടണ്ണായിരിക്കുമെന്നും കൃഷി മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
കൃഷി മന്ത്രാലയം ഈ വിള വർഷത്തിൽ പുറത്തിറക്കിയ മൂന്നാമത്തെ മുൻകൂർ നിഗമനം അനുസരിച്ച് രാജ്യത്തിന്റെ മൊത്തത്തിലുള്ള ഗോതമ്പ് ഉൽപ്പാദനം ഈ വർഷം സർക്കാർ നിശ്ചയിച്ച 112 ദശലക്ഷം ടൺ എന്ന ലക്ഷ്യത്തെ മറികടക്കും. പ്രധാന ശീതകാല വിളയായ ഗോതമ്പിന്റെ വിതയ്ക്കൽ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് രാജ്യത്ത് ആരംഭിച്ചത്. ഈ വർഷം ജൂൺ 15-ഓടെ വിളവെടുപ്പ് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വിളവെടുപ്പ് കാലയളവിലെ കാലവർഷക്കെടുതികൾക്കിടയിലും ഈ നേട്ടം കൈവരിക്കാനായെന്നാണ് വിലയിരുത്തുന്നത്.
പ്രധാന ഗോതമ്പ് ഉൽപ്പാദന സംസ്ഥാനങ്ങളിലെ ഉഷ്ണ തരംഗങ്ങൾ കാരണം 2021-22 വിള വർഷത്തിൽ ഗോതമ്പ് ഉൽപ്പാദനം 107.74 ദശലക്ഷം ടണ്ണായി കുറഞ്ഞിരുന്നു. എന്നാൽ അതിനു മുമ്പ് 2020-21 വിള വർഷത്തിൽ ഗോതമ്പ് ഉൽപാദനത്തിൽ 109.59 ദശലക്ഷം ടൺ എന്ന റെക്കോർഡ് നേടിയിരുന്നു.

മൊത്തം ഭക്ഷ്യധാന്യ ഉൽപ്പാദനം 2022-23 വിള വർഷത്തിൽ 330.53 ദശലക്ഷം ടൺ എന്ന റെക്കോഡ് തലത്തിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു. മുൻ വിള വർഷത്തിലെ യഥാർത്ഥ ഉൽപ്പാദനം 315.61 ദശലക്ഷം ടണ്ണായിരുന്നു.
ഈ വർഷം സാധാരണ മൺസൂൺ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കാക്കുന്നത്. ഇന്ത്യയുടെ ഗ്രാമീണ സമ്പദ്വ്യവസ്ഥയെയും കാർഷിക മേഖലയെയും സംബന്ധിച്ചിടത്തോളം മൺസൂൺ ലഭ്യത ഏറെ പ്രധാനപ്പെട്ടതാണ്.

ഗോതമ്പ് ഉൽപ്പാദനം മികച്ച നിലയിൽ എത്തിയത് വരുന്ന മാസങ്ങളിൽ ഗ്രാമീണ മേഖലയിലെ ഉപഭോഗത്തിലും ചെലവിടലിലും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Efforts are underway to ensure India’s self-sufficiency in wheat production as all the wheat fields across the country flourish in a stunning golden hue. With recent restrictions on exports, the focus has shifted towards prioritizing the nation’s food security.