ലോകത്തെ വിസ്മയിപ്പിക്കാനായി ദുബായിൽ മറ്റൊരു കൃത്രിമ ദ്വീപ് കൂടി വരുന്നു. പാം ജബല്‍ അലി എന്ന പേരില്‍ നിര്‍മിക്കുന്ന കൃത്രിമ ദ്വീപിന്റെ നിർമാണത്തിന് ദുബായ് ഭരണകൂടം തയ്യാറെടുക്കുകയാണ്.
അതിമനോഹരമായ വെള്ളച്ചാട്ടങ്ങൾ, വിശാലമായ ഹരിത ഇടങ്ങൾ, അതുല്യമായ വാട്ടർഫ്രണ്ട് അനുഭവങ്ങൾ എന്നിവ പാം ജബല്‍ അലി നൽകും. ദുബായിലെ പ്രശസ്തമായ കൃത്രിമദ്വീപുകളായ പാം ജുമൈറയ്ക്കും പാം ദേരയ്ക്കും പിന്നാലെയാണ് പാം ജബല്‍ അലി ദ്വീപ് വരുന്നത്. മൊത്തം 13.4 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന, പാം ജുമൈറയുടെ ഇരട്ടി വലിപ്പമുള്ളതായിരിക്കും പുത്തൻ പാം ജബൽ അലി. 80 ലേറെ ഹോട്ടലുകളും റിസോർട്ടുകളും പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഊർജ്ജ ആവശ്യകതയുടെ 30 ശതമാനവും പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽ നിന്നാകും.

പാം ജബൽ അലിയുടെ ഫ്യൂച്ചറിസ്റ്റിക് ഡെവലപ്മെന്റ് മാസ്റ്റർപ്ലാനിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്കി. ദുബൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് മാസ്റ്റർ ഡെവലപ്പർ നഖീലാണ് ഈ പ്രൊജക്റ്റ് ഏറ്റെടുത്തിരിക്കുന്നത്. പദ്ധതി ദുബായിലേക്ക് ഏകദേശം 110 കിലോമീറ്റര്‍ തീരപ്രദേശം കൂട്ടിച്ചേര്‍ക്കും. ഇത് ഏകദേശം 35,000 കുടുംബങ്ങള്‍ക്ക് കടലോര ആഡംബര ജീവിതം നൽകുമെന്നും അധികൃതര്‍ അറിയിച്ചു.



പാം ജബൽ അലി നഗര അടിസ്ഥാന സൗകര്യങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും ലോകത്തെ പ്രമുഖ മെട്രോപോളിസുകളിൽ ഒന്നായി നഗരത്തെ ഏകീകരിക്കുകയും ചെയ്യും. അഭിവൃദ്ധി പ്രാപിക്കുന്ന ഒരു ആഗോള ബിസിനസ്സ്, ടൂറിസം ഹബ് എന്ന നിലയിൽ ദുബായിയുടെ മത്സരശേഷിയും പ്രശസ്തിയും കൂടുതൽ വളരും, ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. എമിറേറ്റിന്റെ വിപുലീകരണത്തിന് അടിവരയിടുന്ന ജബൽ അലി മേഖലയിൽ ഒരു പുതിയ വളർച്ചാ ഇടനാഴിയുടെ തുടക്കവും ഈ പദ്ധതി അടയാളപ്പെടുത്തുന്നു.