സ്വർണ്ണക്കടത്ത് സമാന്തര സമ്പദ് വ്യവസ്ഥ
വേൾഡ് ഗോൾഡ് കൗൺസിലിന്റെ ജ്വല്ലറി ഡിമാൻഡ് ആൻഡ് ട്രേഡ് റിപ്പോർട്ട് പ്രകാരം ലോക സ്വർണ വിപണിയിൽ രണ്ടാംസ്ഥാനമാണ് ഇന്ത്യക്ക്. 2022ൽ മാത്രം ഇറക്കുമതി ചെയ്തത് 611 ടൺ സ്വർണമാണ്. ഒന്നാംസ്ഥാനത്തുള്ള ചൈന ഇറക്കിയത് 673 ടണ്ണും. വിമാനവും കപ്പലും വഴിയെത്തുന്ന കള്ളക്കടത്ത് സ്വർണം കൂടി ചേർത്താൽ ഇന്ത്യൻ വിപണിയുടെ വാർഷിക വലുപ്പം ആയിരം ടൺ കവിയും. ഇതിന്റെ സിംഹഭാഗവും കേരളത്തിലേക്കാണ് ഒഴുകുന്നത്. ഇനി പറയുന്നത് നാഷണൽ സാമ്പിൾ സർവേ ഓർഗനൈഷസേഷന്റെ ഉപഭോക്തൃ സർവേ റിപ്പോർട്ട്. കേരളത്തിന്റെ ഗ്രാമീണ മേഖലയിൽ സ്വർണം വാങ്ങാനുള്ള പ്രതിമാസ ആളോഹരി ചെലവ് 209 രൂപയാണ്. രണ്ടാംസ്ഥാനത്തുള്ള ഗോവയിലിത് 34 രൂപമാത്രം. തമിഴ്നാട്ടിൽ 22 ഉം. നഗര മേഖലയിലും കേരളമാണ് മുന്നിൽ. 190 രൂപ. എന്നാൽ, ഇതൊന്നും സംസ്ഥാനത്തിന്റെ നികുതി വകുപ്പിന്റെ കണക്കുമായി ഒരിക്കലും യോജിക്കാറില്ല. കാരണം മലയാളിക്ക് പച്ചവെള്ളം പോലെ അറിയാം. കേരളത്തിലേക്ക് ഒഴുകുന്ന കടത്ത് സ്വർണ്ണം ഒരു സമാന്തര സമ്പദ് വ്യവസ്ഥയാണെന്ന്!
പിടിച്ചാലും കടത്തും, എന്നാൽ കടത്തുന്നതെല്ലാം പിടിക്കുന്നില്ല!
മൃദുവും തിളക്കമുള്ളതുമായ മഞ്ഞലോഹമാണ് സ്വർണ്ണം. വിലയേറിയ ലോഹമായ ഈ സ്വർണം നാണയമായും, ആഭരണങ്ങളായും മനുഷ്യൻ ഉപയോഗിക്കുന്നു. ഇതുമാത്രമല്ല മദ്ധ്യകാലത്ത് സ്വർണ്ണം ആരോഗ്യദായകമായ ഔഷധമായി കണക്കാക്കിയിരുന്നു. ഇന്നും ഇന്ത്യയിൽ കുട്ടികൾക്ക് സ്വർണ്ണം ഔഷധമായി നൽകുന്നുണ്ട്. സ്വർണ്ണത്തിന്റെ സങ്കരങ്ങൾ പുതിയ പല്ലുകൾ ഉണ്ടാക്കി വച്ചു പിടിപ്പിക്കാൻ ഉപയോഗിക്കുന്നു. ഉയർന്ന വൈദ്യുത ചാലകതയുള്ളതിനാൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ വൈദ്യുതവാഹിയായി സ്വർണ്ണം ഉപയോഗിക്കുന്നു. ഉപഗ്രഹങ്ങളുടെ നിർമിതിയിലും സ്വർണം അവശ്യ ഘടകമാണ്. എന്തിനേറെ നമ്മുടെ നാട്ടിൽ വിജയികൾക്ക് നൽകുന്നതും സ്വർണ്ണമെഡലാണ്.
ഈ പാവം സ്വർണത്തെയാണ് ലോകാവസാനത്തിനും യുദ്ധങ്ങൾക്കും വരെ കാരണം എന്ന് പറഞ്ഞു മനുഷ്യലോകം കുറ്റപ്പെടുത്തുന്നതു. അതിനൊപ്പം “പൊന്നു പോലെ” എന്ന് ഓമനിച്ചു വിളിച്ചു ശരീരത്തിൽ അണിയുന്നതും. അതിനൊരു മടിയുമില്ല അല്ലേ. പണ്ട് കാലത്തു രാജാക്കന്മാർ സ്വർണം കൊണ്ട് കിരീടം പണിതു തലയിലണിഞ്ഞു അധികാരം കാട്ടും, ഇഷ്ടക്കാർക്കു സമ്മാനമായി സ്വർണം വാരിക്കോരിക്കൊടുക്കും, പോരാഞ്ഞു സ്വർണത്തിനായി പല രാജ്യങ്ങളോടും പടവെട്ടുകയും, കൂട്ട കുരുതികൾ നടത്തുകയും ചെയ്യും.
ഇന്നോ ! സ്വർണം തന്നെ താരം. കേൾക്കുന്ന വാർത്തകളോ?……
- ഒമാനില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽനിന്നും 1072 ഗ്രാം സ്വര്‍ണം പോലീസ് പിടിച്ചെടുത്തു.
- ഷാർജയിൽനിന്നും വന്ന യാത്രക്കാരനിൽനിന്നും 661 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി
- കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; മൂന്ന് കേസുകളിലായി രണ്ട് കോടി രൂപയുടെ സ്വര്‍ണം പിടികൂടി
- കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണ്ണവില 1 ഗ്രാം ₹5,570
- രാജ്യത്തു സ്വർണ വില കുതിക്കുന്നു, പവന് വില ₹44,560
ഒരു തരി സ്വർണത്തിനു വേണ്ടി പാവപ്പെട്ടവരും, ഇടത്തരക്കാരും നെട്ടോട്ടമോടുമ്പോൾ കരിപ്പൂരിൽ ഏറ്റവും ഒടുവിൽ പിടിയിലായത് ഈ വര്‍ഷം കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന 20-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണ്. ഈ മിന്നുന്ന പൊന്ന് കേരളത്തിൽ ഉണ്ടാക്കുന്ന പുകിൽ ചില്ലറയൊന്നുമല്ല. കേരളത്തിൽ മിന്നുകപോലും ചെയ്യാത്ത പലതും പൊന്നായി മാറുന്ന കാഴ്ചയാണ് സ്വർണ വിപണിയിൽ നടക്കുന്നത്. നികുതി വെട്ടിച്ചുള്ള സ്വർണം വിൽക്കലും വാങ്ങലും ഒരു ഭാഗത്ത്, അതിനൊപ്പം എത്ര കൈയോടെ പിടിച്ചാലും പിന്നെയും കരിപ്പൂരും കൊച്ചിയും അടക്കം വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തുന്നവർ ഇനിയും പിന്മാറാൻ ഒരുക്കമല്ല.
2022-23 ൽ ഇന്ത്യയുടെ ഔദ്യോഗിക സ്വർണ്ണ ഇറക്കുമതി ഏകദേശം 24% ഇടിഞ്ഞ് 35 ബില്യൺ ഡോളറിലെത്തി, വില ഉയരുകയും രൂപ ദുർബലമാകുകയും ചെയ്തു. 2022-23 ലെ ആദ്യ 11 മാസങ്ങളിൽ ഏകദേശം 4,000 കിലോ കള്ളക്കടത്ത് സ്വർണ്ണം കണ്ടെത്തി, ഇത് നാല് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
ജിഎസ്ടി വകുപ്പിന്റെ കണക്കനുസരിച്ച് 2021–-22ൽ സംസ്ഥാനത്ത് നികുതി ഒടുക്കിയ സ്വർണത്തിന്റെ വിറ്റുവരവ് 37,394 കോടി രൂപയാണ്. 2020–-21ൽ ഇത് 32,443 കോടിയായിരുന്നു. ജിഎസ്ടിക്കു മുന്നേ മൂല്യവർധിത നികുതി കാലത്ത് ശരാശരി വാർഷിക സ്വർണ വിറ്റുവരവ് 40,000 കോടി രൂപയായിരുന്നു. ഇനി കണക്കിൽ പെടാത്ത കണക്കുകൾ കേട്ടാൽ കേരളം ഞെട്ടും!
കേരളത്തിൽ അനധികൃത മേഖലയിൽ വർഷം രണ്ടുലക്ഷം കോടി രൂപയുടെ സ്വർണ വ്യാപാരം നടക്കുന്നെന്നാണ് കേരള ജ്വല്ലേഴ്സ് അസോസിയേഷൻസ് കോ ഓർഡിനേഷൻ കമ്മിറ്റി അവകാശപ്പെടുന്നത്. 2021-22 ലെ വാർഷിക വിറ്റുവരവ് 1,01,668.96 കോടി രൂപയാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും പറയുന്നു. അഞ്ചുവർഷത്തെ ശരാശരി വില 44,659 രൂപയായിട്ടും കഴിഞ്ഞവർഷം 37,394 കോടി രൂപയുടെ നികുതി മാത്രമാണ് ഈ മേഖലയിൽനിന്ന് ലഭിച്ചത്.
കേന്ദ്ര സർക്കാർ ഇറക്കുമതിച്ചുങ്കം കുത്തനെ ഉയർത്തിയതും ജിഎസ്ടിയിൽ സ്വർണത്തിന് ഈവേ ബിൽ ഒഴിവാക്കിയതും കള്ളക്കടത്തുകാർക്ക് ചാകരയായി.
പഴുതടച്ച സുരക്ഷ, അതിനെ വെല്ലുന്ന കടത്തുകാർ
കള്ളപ്പണം വെളുപ്പിക്കാന്‍ സ്വര്‍ണത്തിലേക്ക് വന്‍തോതില്‍ പണമൊഴുകുന്നുണ്ടെന്ന സംശയങ്ങളുടെ ചുവടുപിടിച്ച് നിരീക്ഷണങ്ങളും പരിശോധനകളും കേന്ദ്രം ഊര്‍ജിതമാക്കി. പുറമേ, 2002ലെ പണംതിരിമറി തടയല്‍ നിയമവും (പി.എം.എല്‍.എ/PMLA) സ്വര്‍ണവ്യാപാര രംഗത്ത് കര്‍ശനമാക്കിയിട്ടുണ്ട്. കേന്ദ്ര ഏജൻസികൾ സുരക്ഷ ഒരുക്കുന്ന വിമാനത്താവളം, തുറമുഖം, ട്രെയിൻ വഴിയെല്ലാം എന്നിട്ടും കണക്കില്ലാത്ത സ്വർണമാണ് ഒഴുകുന്നത്. അനധികൃത സ്വര്‍ണ വില്പന, നികുതി വെട്ടിപ്പ്, കള്ളപ്പണം എന്നിവ സംബന്ധിച്ച പരിശോധനകളുടെ ഭാഗമായി കഴിഞ്ഞ ദിവസം കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ നിരവധി സ്വര്‍ണ വ്യാപാരശാലകളില്‍ കേന്ദ്ര ജി.എസ്.ടി ഉദ്യോഗസ്ഥര്‍ മാരത്തണ്‍ റെയ്ഡ് നടത്തി.
സ്വര്‍ണം വാങ്ങിയാലും പിഎംഎല്‍എ പിടികൂടും
സ്വര്‍ണം വാങ്ങുന്നത് 10 ലക്ഷമോ അതിലധികമോ തുകയ്ക്കാണെങ്കില്‍ ഇനി മുതൽ യാത്രക്കാരും പണംതിരിമറി തടയല്‍ നിയമപ്രകാരം (പി.എം.എല്‍.എ) അന്വേഷണം നേരിട്ടേക്കാം. 10 ലക്ഷം രൂപയ്ക്കോ അതിലധികമോ തുകയ്ക്ക് ആഭരണങ്ങള്‍ വാങ്ങുന്നവരുടെ രേഖകള്‍ വാങ്ങി സൂക്ഷിക്കണമെന്ന് വ്യാപാരികള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉപഭോക്താവ് എത്ര തവണകളായാണ് തുക നല്‍കിയത്, എങ്ങനെ നല്കി, തീയതി, ഉപഭോക്താവിന്റെ തിരിച്ചറിയല്‍ രേഖകള്‍ തുടങ്ങിയവ അഞ്ചുവര്‍ഷത്തേക്ക് സൂക്ഷിക്കണമെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഓഡിറ്റ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് പുറത്തിറക്കിയ സര്‍ക്കുലറിലെ നിര്‍ദേശം. സംശയകരമെന്ന് തോന്നുന്നവരുടെ വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോ (ഇ.ഡി) ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിനോ കൈമാറണം.
കടത്താൻ വിമാനങ്ങളും ജീവനക്കാരും റെഡി
2022-23 ലെ ആദ്യ 11 മാസങ്ങളിൽ ഇന്ത്യയിൽ ഏകദേശം 4,000 കിലോ കള്ളക്കടത്ത് സ്വർണ്ണം പരിശോധനയിൽ കണ്ടെത്തി, ഇത് നാല് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. കസ്റ്റംസ്, റവന്യു ഇന്റലിജൻസ് ഡിപ്പാർട്ട്മെന്റിന്റെ കണക്കുകൾ പ്രകാരം, ഈ കള്ളക്കടത്ത് സ്വർണ്ണത്തിന്റെ 63 ശതമാനവും വിമാനത്താവളങ്ങളിൽ നിന്നുമാണ് കണ്ടെടുത്തത്. ഇതിനൊപ്പം 2022-23ൽ സ്വർണം കടത്തുമ്പോൾ പിടിക്കപ്പെട്ട വ്യോമയാന ജീവനക്കാരുടെ കേസുകൾ ഇരട്ടിയായി. 2022 ഏപ്രിലിനും 2023 ഫെബ്രുവരിക്കും ഇടയിൽ വിമാനക്കമ്പനികളിലെയും വിമാനത്താവളങ്ങളിലെയും 29 ജീവനക്കാരെ കള്ളക്കടത്ത് കേസുകളിൽ ഉൾപ്പെട്ടതിന് അറസ്റ്റ് ചെയ്തു. ഏവിയേഷൻ ജീവനക്കാർ ഉൾപ്പെട്ട ഏറ്റവും കൂടുതൽ കേസുകൾ കണ്ടെത്തിയത് ചെന്നൈ വിമാനത്താവളത്തിൽ നിന്നുമാണ്. ഇവിടെ 9 കിലോയിലധികം കള്ളക്കടത്ത് സ്വർണം ഉൾപ്പെട്ട ഏഴ് വ്യത്യസ്ത കേസുകളിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. അഞ്ച് കേസുകളിലായി 32 കിലോയോളം സ്വർണം കടത്താൻ സഹായിച്ച എട്ട് ക്യാബിൻ ക്രൂവും ഗ്രൗണ്ട് സ്റ്റാഫും മുംബൈ വിമാനത്താവളത്തിൽ പിടിയിലായി.
സ്വർണ്ണക്കടത്ത് പിടിച്ചിട്ടും അറസ്റ്റ് ഇനിയുമായിട്ടില്ല
“സ്വർണ്ണം കടത്താൻ ശ്രമിച്ച ചില കേസുകളിൽ ക്യാബിൻ ക്രൂവിന്റെയും എയർപോർട്ട് ജീവനക്കാരുടെയും പങ്കാളിത്തം വർദ്ധിക്കുന്നുണ്ട്. 2022-23ൽ എയർപോർട്ട്, എയർലൈൻ ജീവനക്കാർ ഉൾപ്പെട്ടതായി കണ്ടെത്തിയ 29 കള്ളക്കടത്ത് കേസുകളിൽ ആറ് കേസുകളിൽ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. അഹമ്മദാബാദ്, ന്യൂഡൽഹി, ബംഗളൂരു വിമാനത്താവളങ്ങളിൽ ഓരോ കേസും കോഴിക്കോട് വിമാനത്താവളത്തിൽ എട്ട് കിലോയിലധികം കള്ളക്കടത്ത് സ്വർണവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളും ഇതിൽ ഉൾപ്പെടുന്നു.” റവന്യു ഇന്റലിജൻസ് വൃത്തങ്ങൾ വെളിപ്പെടുത്തുന്ന കണക്കുകളും ഭയാനകമാണ്.
കൊല്ലും കൊലയും സ്വർണത്തിനുവേണ്ടി, തുമ്പുമില്ല, കേസുമില്ല
ഏതാനും വര്‍ഷങ്ങള്‍ക്കിടെ സ്വര്ണക്കടത്തുകാര് കൊലപ്പെടുത്തിയ ക്യാരിയർമാർക്കും, നാട്ടിലെ ചെറു ഇടപാടുകാർക്കും കണക്കില്ല. സ്വര്‍ണം കടത്തുന്നതിനിടെ ഉണ്ടായ അപകടമരണങ്ങളും സ്വര്‍ണക്കടത്ത് സംഘങ്ങളുടെ ഭീഷണിയും പീഡനവും കാരണം ആത്മഹത്യ ചെയ്തവരും എല്ലാം ഇതില്‍ കൂടുതല്‍. തുമ്പില്ലാത്ത തിരോധാനങ്ങള്‍ വേറെയും. കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുളള സ്വര്‍ണക്കടത്ത് നേരത്തെ തന്നെ സജീവമാണ്, പ്രത്യേകിച്ച് മലബാറില്‍. പക്ഷേ, സ്വര്‍ണക്കടത്തും കടത്തുപൊട്ടിക്കലും പകതീര്‍ക്കലും എല്ലാം മുന്‍കാലങ്ങളേക്കാള്‍ സജീവമായത് ഈ അടുത്തകാലത്താണ്.
ഗ്രാമങ്ങളില്‍ പിടിമുറുക്കുന്ന മാഫിയ
സ്വര്‍ണക്കടത്തില്‍ ഒറ്റ് കൂടിയതോടെ സുരക്ഷിതമായി സ്വര്‍ണം കടത്താന്‍ പലവഴികള്‍ തേടുകയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മാഫിയാസംഘങ്ങള്‍. ഓരേ ആളെ തന്നെ പലതവണ കാരിയര്‍മാരായി ഉപയോഗിക്കുന്നതില്‍ റിസ്ക് കൂടിയതോടെ മാഫിയകള്‍ ഇതിനായി നടത്തുന്നത് വന്‍ റിക്രൂട്ട്മെന്റാണ്. മാഫിയാതലവന്മാരുടെ മേല്‍നോട്ടത്തില്‍ ഇതിനായി പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
ക്യാരിയർമാർക്കായി പ്രത്യേക റിക്രൂട്ട്മെന്റ്
ജോലിയില്ലാത്തതോ, ലഹരി വസ്തുക്കളോട് കമ്പമുളളവരോ ആയ ചെറുപ്പക്കാരെയാണ് ഇവര്‍ പ്രധാനമായും നോട്ടമിടുന്നത്. സാമ്പത്തിക പ്രശ്നങ്ങളുള്ള ആളുകളേയും വിദേശത്ത് ജോലി അന്വേഷിക്കുന്ന സ്ത്രീകളേയും തേടിയും സംഘം എത്തും. പലപേരുകളിലായുള്ള വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും നാട്ടിലെ മറ്റ് വാട്സാപ്പ് ഗ്രൂപ്പുകളില്‍ കയറിപ്പറ്റി അതുവഴിയും ഒരിക്കല്‍ സ്വര്‍ണം കടത്തി വിജയിച്ചവരെ ഉപയോഗിച്ച് അവരുടെ സുഹൃത്തുക്കളെ കാന്‍വാസ് ചെയ്തും ഒക്കെയാണ് കാരിയര്‍മാരെ കണ്ടെത്തുന്നത്.
ലഹരി ഉപയോഗിക്കുന്നവരെ ലഹരി നല്കി പാട്ടിലാക്കും. സാമ്പത്തിക പ്രശ്നം അനുഭവിക്കുന്നവരുടെ മുന്നില്‍ കടം തീര്‍ക്കാനുള്ള സഹായവുമായും റിക്രൂട്ടര്‍മാര്‍ എത്തും. സ്ത്രീകളെ വീട്ടുജോലിക്കെന്നോ ജോലി അന്വേഷിക്കാനെന്ന് പറഞ്ഞോ കൊണ്ടുപോകും. പണവും, ദുബായ്, ഖത്തര്‍, സൗദി തുടങ്ങിയ സ്ഥലങ്ങളില്‍ ഒരുമാസം താമസിക്കാനുള്ള അവസരവും ആണ് വാഗ്ദാനം. കൂടാതെ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യാനുള്ള വിമാന ടിക്കറ്റ്, സൗജന്യ താമസം, സൗജന്യവിസ എന്നിവയൊക്കെ വച്ച് നീട്ടുമ്പോൾ പലരും മാഫിയക്ക് മുന്നിൽ അടിപ്പെട്ട് പോകും.
കമ്മീഷൻ ലക്ഷങ്ങൾ!
അന്‍പതിനായിരം രൂപയിലാണ് കാരിയര്‍മാരുടെ കമ്മീഷന് തുടങ്ങുന്നത്. 10 കിലോ സ്വര്‍ണം എത്തിച്ചാല്‍ ആറ് ലക്ഷം രൂപ വരെ കിട്ടും. ഏറെ നാളായി വിദേശത്ത് കുടുംബസമേതം താമസിക്കുന്നവരില്‍ നാട്ടിലേക്ക് വരുന്നവരെ പത്ത് പവന് സ്വര്‍ണം ആഭരണമായി കൊണ്ടുവരാം എന്ന ഇളവ് ഉപയോഗിച്ച് ആഭരണങ്ങള്‍ കടത്താന്‍ ഉപയോഗിക്കുന്നവരും ഉണ്ട്. പേസ്റ്റ് രൂപത്തില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചും ചെറിയ ഇലക്ട്രോണിക്സ് സാധനങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചുമാണ് കൂടുതലായും സ്വര്‍ണം കടത്തുന്നത്. ഒരു പ്രത്യേകതരം ലായനിയും ഇപ്പോള്‍ ഇതിനായി ഉപയോഗിക്കുന്നുണ്ടെന്ന് ഇത്തരം സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഈ ലായനിയില്‍ നിശ്ചിത സമയം സ്വര്‍ണം സുരക്ഷിതമായി സൂക്ഷിക്കാം. കണ്ടാല്‍ സ്വര്ണംകലര്ന്നിട്ടുണ്ടെന്ന് തിരിച്ചറിയുകയും ഇല്ല. പിന്നീട് ഇതില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ച് എടുക്കാനും പറ്റും.
കടത്താനും, കൈപ്പറ്റാനും വൻ പ്ലാനിംഗ്
ലഗേജുകള്‍ കൊണ്ടുവരുന്ന ബാഗിന്റെ വിവിധ ഭാഗങ്ങളാണ് പിടിക്കപ്പെടാതെ കടത്താനുള്ള മറ്റൊരു മാര്‍ഗം. വിമാനത്താവളങ്ങള്‍ക്ക് പുറത്ത് സുരക്ഷിതമായി എത്തിക്കുന്ന സ്വര്‍ണം മറ്റൊരു സംഘം പുറത്തുവച്ചുതന്നെ കൈപ്പറ്റും. പിന്നീട് ഇത് വേര്‍തിരിച്ചെടുക്കുന്നതും വില്‍ക്കാനുള്ള എളുപ്പത്തിന് ചെറിയ തൂക്കത്തിലേക്ക് മാറ്റുന്നതും രഹസ്യ കേന്ദ്രങ്ങളിൽ. കേരളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളിലും ഉണ്ട് ഇത്തരം കേന്ദ്രങ്ങള്‍. . തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം എത്തിയാല്‍ അത് തിരുവനന്തപുരത്ത് മാത്രമല്ല വില്‍ക്കുക. അയല്‍ജില്ലകളിലേക്കും കന്യാകുമാരി, നാഗര്‍കോവില്‍ വഴി തമിഴ്നാട്ടിലേക്കും സ്വര്‍ണം വില്‍ക്കാനായി കൊണ്ടുപോകും.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സ്വര്‍ണം എത്തുന്നതെങ്കില്‍ വിവിധ മാര്‍ഗങ്ങളിലൂടെ അയല്‍ ജില്ലകളിലേക്കും, കര്‍ണാടകയിലേക്കും തമിഴ്നാട്ടിലേക്കും സ്വര്‍ണം കൊണ്ടുപോകും. കരിപ്പൂരിലും കണ്ണൂരിലും എല്ലാം എത്തുന്ന സ്വര്‍ണവും ഇതുപോലെ തന്നെ പൊതുഗതാഗത മാര്‍ഗങ്ങളുടെ ലഭ്യത അനുസരിച്ച് കോഴിക്കോട് ജില്ലയുടെ പലഭാഗങ്ങളിലേക്കും അയല്‍ ജില്ലകളിലേക്കും മറ്റുസംസ്ഥാനങ്ങളിലേക്കും പോകും.
കടത്തു സ്വർണം വിറ്റ് എന്ത് ചെയ്യും ?
വിവിധ ബിസിനസ്സുകളില്‍ ഷെയറായി ചെറുതുകകളായാണ് കടത്തുകാർ ഇപ്പോള്‍ ഈ പണത്തിന്റെ നിക്ഷേപം കൂടുതലും. നേരിട്ട് നിക്ഷേപിക്കുന്നവരും ബന്ധുക്കൾ വഴി നിക്ഷേപം നടത്തുന്നതും സാധാരണം. ചെറിയ കെട്ടിട നിര്‍മാണ പ്രൊജക്ടുകള്‍ മുതല്‍ ഹോട്ടല്‍ സംരഭങ്ങളിലേക്ക് വരെ ഇങ്ങനെ നിക്ഷേപമെത്തുന്നു.
Every day we hear news of gold smuggling. A very small percentage of smuggling is caught by customs at airports and police outside. Are those caught getting punished? Who smuggles such large amount of gold to Kerala? The bigger question is, if gold smuggling is such a big threat, why isn’t the central government implementing strong security and checks?