“വ്യാജനായ നീ എന്നെ കേന്ദ്രത്തെ കൊണ്ട് കള്ളനെന്നു വിളിപ്പിച്ചു, പിൻവലിപ്പിച്ചു സേഫിനുള്ളിലാക്കി. ശരിക്കും നീയല്ലേ കള്ളൻ, വ്യാജനും?”
നമ്മുടെ 2000 രൂപ നോട്ട് 500 രൂപയോട് ചോദിച്ചതാണിത്.
കാരണമുണ്ട്. രാജ്യത്ത് പ്രചാരത്തിലുള്ള നോട്ടുകളിൽ 2000 രൂപയുടെ നോട്ടുകളേക്കാൾ വ്യാജ നോട്ടുകൾ 500 രൂപയുടേതാണെന്ന് സാക്ഷാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. മെയ് 19 ന് പിൻവലിക്കപ്പെട്ട 2000 രൂപയുടെ 9806 വ്യാജ നോട്ടുകളാണ് ആർബിഐ തിരിച്ചറിഞ്ഞത്.
500 രൂപയുടെ വ്യാജ നോട്ടുകളുടെ എണ്ണം 14.4 ശതമാനം വർധിച്ചതായാണ് ആർബിഐ പറയുന്നത്. 2023 സാമ്പത്തിക വർഷത്തിൽ 91,110 വ്യാജ 500 രൂപ നോട്ടുകൾ കണ്ടെത്തി. റിസർവ് ബാങ്കിനെ വരെ പറ്റിച്ചു ഈ വ്യാജൻ 500 രൂപ. 2022-23 സാമ്പത്തിക വർഷത്തിൽ ബാങ്കിംഗ് മേഖലയിൽ കണ്ടെത്തിയ മൊത്തം കള്ളനോട്ടുകളുടെ 4.6 ശതമാനം റിസർവ് ബാങ്കിന് പലയിടങ്ങളിൽ നിന്നായി ലഭിച്ചവയാണ്. ബാക്കി 95.4 ശതമാനം മറ്റ് ബാങ്കുകളിലുമാണ് കണ്ടെത്തിയത്. 78,699 വ്യാജ 100 രൂപ നോട്ടുകളും 27,258 വ്യാജ 200 രൂപ നോട്ടുകളും സമാന വർഷത്തിൽ കണ്ടെത്തിയതായി RBI റിപ്പോർട്ട് ചെയ്തു.

500ന് കൂട്ട് 20 രൂപയും
മുൻവർഷത്തെ അപേക്ഷിച്ച് കള്ളനോട്ടുകളിൽ 20, 500 രൂപയുടെ വർധനവുണ്ടായിട്ടുണ്ട്. 20 രൂപയുടെ കള്ളനോട്ടുകളിൽ 8.4 ശതമാനവും 500 രൂപ നോട്ടുകളിൽ 14.4 ശതമാനവുമാണ് വർധന. അതേസമയം 2000 രൂപ നോട്ടുകളുടെ കള്ളപ്പണത്തിൽ 27.9 ശതമാനം കുറവുണ്ടായതായും ആർബിഐ ചൂണ്ടിക്കാട്ടുന്നു. അതേസമയം, 2023 മാർച്ച് 31 വരെ പ്രചാരത്തിലുണ്ടായിരുന്ന ബാങ്ക് നോട്ടുകളുടെ മൊത്തം മൂല്യത്തിന്റെ 87.9 ശതമാനമാണ് 500, 2000 രൂപ നോട്ടുകളുടെ വിഹിതം. അളവിന്റെ കാര്യത്തിൽ ഏറ്റവും കൂടുതൽ 500 രൂപ നോട്ടുകളാണ്. 37.9 ശതമാനമാണ് വിപണിയിലെ വിഹിതം. 2023 മാർച്ച് 31 വരെ പ്രചാരത്തിലുണ്ടായിരുന്ന മൊത്തം നോട്ടുകളുടെ 19.2 ശതമാനവും 10 രൂപ നോട്ടുകളായിരുന്നു.

പിൻവലിച്ചെങ്കിലും 2000 രൂപ ലീഗൽ ടെൻഡറായി തുടരുമെന്ന് കേന്ദ്രബാങ്ക് അറിയിച്ചിരുന്നു. അതേസമയം 10 രൂപ, 100 രൂപ, 2000 രൂപ നോട്ടുകൾ യഥാക്രമം 11.6 ശതമാനം, 14.7 ശതമാനം, 27.9 ശതമാനം കുറഞ്ഞു.
നോട്ട് പ്രിന്റിംഗ് പ്രസുകളോട് 24 മണിക്കൂറും പ്രവർത്തിക്കാൻ ആവശ്യപ്പെട്ടിരിക്കയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2000 രൂപ പിൻവലിച്ച സാഹചര്യത്തിൽ കൂടുതൽ 500 രൂപ നോട്ടുകൾ ബാങ്കുകളിൽ എത്തിക്കാനാണ് ഇത്. 2000 രൂപ തിരിച്ചു നൽകാൻ തയ്യാറായി ഉപഭോക്താക്കൾ കൂട്ടമായി ബാങ്കുകളിൽ എത്തുകയാണ്. എന്നാൽ 2,000 രൂപ നോട്ടുകൾ മാറ്റാൻ തിരക്കുണ്ടെങ്കിലും നിക്ഷേപിക്കാനെത്തുന്നവർ കുറവാണെന്ന് റിപ്പോർട്ട് പറയുന്നു. 2018 ലും സമാനമായി കറൻസി അച്ചടി പ്രസുകൾ 24 മണിക്കൂർ പ്രവർത്തിച്ചിരുന്നു.

എങ്ങിനെ തിരിച്ചറിയാം 500 രൂപയുടെ വ്യാജനെ?
ആർബിഐ ഗവർണറുടെ ഒപ്പിന് പകരം ഗാന്ധിജിക്ക് സമീപം പച്ച വരകളുള്ള 500 രൂപ കറൻസി നോട്ടുകൾ വരെ വ്യാജമാണ് എന്നാണ് അടുത്തിടെ പ്രചരിച്ചത്. എന്നാലിത്തരം പ്രചാരണങ്ങൾ റിസർവ് ബാങ്ക് നിഷേധിച്ചിരുന്നു. സാധാരണക്കാർക്ക് വ്യാജ കറൻസിയെ തിരിച്ചറിയാനും ഇവ കയ്യിലെത്തിയാൽ എന്ത് ചെയ്യണമെന്നും അറിയില്ല. 500 രൂപ നോട്ടിന്റെ ഔദ്യോഗിക വലുപ്പം 66 മില്ലി മീറ്റർ നീളവും 150 മില്ലി മീറ്റർ വീതിയുമാണ്. സ്റ്റോൺ ഗ്രേ എന്ന് വിളിക്കുന്ന മങ്ങിയ ചാര നിറമാണ് നോട്ടീന്റേത്. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തെ ചിത്രീകരിക്കുന്ന ചെങ്കോട്ടയുടെ ചിത്രം നോട്ടിന്റെ പിൻ ഭാഗത്തുമുണ്ട്. 500 എന്ന് സാധാരണ ഇംഗ്ലീഷ് അക്കത്തിൽ എഴുതിയതിന് പുറമേ ദേവനാഗരി ഭാഷയിലും നോട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കളർ ഷിഫ്റ്റ് വിൻഡോ വഴി സുരക്ഷിതമാക്കിയ ഭാരത്, ആർബിഐ എന്നിവ ലിഖിതങ്ങൾ നോട്ടിലുണ്ട്. നോട്ട് ചെരിച്ചാൽ ത്രെഡിന്റെ നിറം പച്ചയിൽ നിന്ന് നീലയിലേക്ക് മാറും.

ഗാന്ധിജിയുടെ ചിത്രം എല്ലാ കറൻസിയിലുമെന്ന പോലെ മഹാത്മാഗന്ധിയുടെ ചിത്രം 500 രൂപ നോട്ടിലുണ്ട്. ഇലക്ട്രോ ടൈപ്പ് വാട്ടർ മാർക്കോട് കൂടിയാണ് ഈ ചിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. മഹാത്മാഗാന്ധിയുടെ ചിത്രത്തിന് വലതു ഭാഗത്തായി റിസർവ് ബാങ്ക് എംബ്ലവും ആർബിഐ ഗവർണറുടെ ഒപ്പും ഉണ്ടാകും. വലതു ഭാഗത്ത് അശോക സ്തംഭവും നോട്ടിലുണ്ടാകും.
മുകളിൽ ഇടതുവശത്തും താഴെ വലതുവശത്തുമായ ആരോഹണ ക്രമത്തിൽ നമ്പർ പാനൽ, താഴെ വലതുവശത്ത് പച്ചയിൽ നിന്ന് നീല നിറത്തിലേക്ക് മാറാവുന്ന തരത്തിൽ 500 എന്ന രേഖപ്പെടുത്തിയിട്ടും ഉണ്ടാകും. നോട്ടിന്റെ പിറക് ഭാഗത്ത് നോട്ട് പ്രിന്റ് ചെയ്ത വർഷം, സ്വച്ഛ് ഭാരത് ലോഗോ, സ്വച്ഛ് ഭാരത് മുദ്രാവാക്യം എന്നിവ ഉണ്ടാകും. മധ്യഭാഗത്തായി ചെങ്കോട്ടയും ഇതിനോട് ചേർന്ന് ഇടത് ഭാഗത്ത് ഔദ്യോഗിക ഭാഷകളിൽ നോട്ടിന്റെ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ടാകും.

കള്ളനോട്ട് പ്രചരിപ്പിച്ചാൽ ശിക്ഷ
കള്ളനോട്ടുമായി ബന്ധപ്പെട്ട് പരമാധി ലഭിക്കുന്ന ശിക്ഷ ജീവപര്യന്തം തടവാണ്. വ്യാജ കറൻസി ആണെന്ന അറിവോടെ പ്രചരിപ്പിക്കുന്നത് ഐപിസി സെക്ഷൻ 489സി പ്രകാരം ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇതിനൊപ്പം പിഴയും ലഭിച്ചേക്കാം. കുറ്റത്തിന്റെ തോത് അനുസരിച്ച് 7 വർഷം മുതൽ ജീവപര്യന്തം വരെയാണ് ശിക്ഷ ലഭിക്കുക.

കള്ളനോട്ട് ലഭിച്ചാൽ നിങ്ങൾ എന്ത് ചെയ്യും?
കഴിവതും ലഭിക്കുന്ന നോട്ടുകൾ പരിശോധിച്ച ശേഷം മാത്രം സ്വീകരിക്കുക, അതിനുള്ള സാവകാശം പണം നൽകുന്നയാളോട് ആവശ്യപ്പെടുക. ഏതെങ്കിലും ഇടപാടുകൾക്കിടയിൽ നിങ്ങൾ ശ്രദ്ധിക്കാതെ അബദ്ധവശാൽ കയ്യിൽ വ്യാജ നോട്ട് ലഭിച്ചാൽ ബാങ്കിലോ കറൻസി ചെസ്റ്റുകളിലോ മാത്രമെ ഇവ ഏൽപ്പിക്കാൻ പാടുള്ളൂ. നിങ്ങൾ സാരമായി കബളിപ്പിക്കപ്പെടുകയാണെങ്കിൽ തെളിവ് സഹിതം അടുത്തുള്ള പോലീസ് സ്റ്റേഷനെ ബന്ധപെട്ടു തുടർ നടപടികൾ സ്വീകരിക്കണം.

ബാങ്കിന്റെ ATM പോലും സുരക്ഷിതമല്ലേ?
ബാങ്ക് എടിഎമ്മിൽ ആണ് കള്ളനോട്ട് ലഭിക്കുന്നതെങ്കിൽ എടിഎം കൗണ്ടറിലെ സിസിടിവിയിലേക്ക് നോട്ട് കാണുന്ന വിധം പിടിക്കണം. രണ്ടു വശങ്ങളും ഈ രീതിയിൽ ക്യാമറയിൽ വ്യക്തമാകുന്ന രീതിയിൽ പിടിക്കുക. തുടർന്ന് എടിഎമ്മിലെ സെക്യൂരിറ്റി ജീവനക്കാരനെ ഈ വിവരം അറിയിച്ച് കള്ളനോട്ട് ബാങ്കിൽ ഏൽപ്പിക്കാം. എടിഎം ഇടപാടിന്റെ രസീത് കയ്യിലുണ്ടെന്ന് ഉറപ്പിക്കണം. ബാങ്ക് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉപഭോക്താവിന് യഥാർഥ നോട്ട് തിരികെ നൽകും. ATM ൽ നിന്ന് പണം പിൻവലിക്കുമ്പോളും ഓരോ നോട്ടും പരിശോധിക്കണം എന്നർത്ഥം.