തിരുവനന്തപുരം: മാലിന്യ സംസ്ക്കരണത്തിന് ആധുനിക സംവിധാനങ്ങൾ ലഭ്യമാക്കുന്നതിൽ സ്റ്റാർട്ടപ്പുകൾ, സംരംഭങ്ങൾ, ഏജൻസികൾ എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഹരിത കര്‍മ്മസേനയെ കേരളത്തിന്‍റെ ബ്രാന്‍ഡഡ് സംരംഭമാക്കി മാറ്റാന്‍ കഴിയണം.
സ്വയംപര്യാപ്തമായ ഒരു സുസ്ഥിര സംവിധാനം സജ്ജമാക്കുക എന്നതാണ് മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ലക്ഷ്യമെന്ന് മാലിന്യമുക്തം നവകേരളം പദ്ധതിയുടെ രണ്ടാം ഘട്ട കാമ്പയിനിന്‍റെ ഭാഗമായുള്ള ദ്വിദിന ശില്‍പ്പശാല വെര്‍ച്വലായി ഉദ്ഘാടനം ചെയ്യവേ മന്ത്രി ചൂണ്ടിക്കാട്ടി.
ഇനോക്കുലം, മറ്റ് ഉപാധികള്‍ എന്നിവ ലഭ്യമാക്കുന്നതില്‍ പുതിയ സംരംഭങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഏജന്‍സികള്‍ എന്നിവയുടെ സാധ്യത ജില്ലകളില്‍ ഏകോപിപ്പിക്കണം. സാനിറ്ററി മാലിന്യങ്ങള്‍ അന്നന്നു തന്നെ ശേഖരിച്ച് സംസ്കരിക്കാനുമുള്ള സംവിധാനം എല്ലാ ജില്ലകളിലും ഉറപ്പാക്കണം. തദ്ദേശ സ്ഥാപന തലത്തില്‍ സാങ്കേതികസഹായം നല്‍കുന്നതിനായുള്ള ടെക്നിക്കല്‍ ഹെല്‍പ്പ്ഡെസ്ക്കിന്‍റെ പ്രവര്‍ത്തനം രണ്ടാംഘട്ടത്തില്‍ സജീവമാക്കണം.
ഒരു തദ്ദേശ സ്ഥാപന പരിധിയില്‍ ഉണ്ടാകുന്ന ഉറവിട മാലിന്യങ്ങള്‍ അവിടത്തന്നെ സംസ്കരിക്കാനും മാലിന്യങ്ങള്‍ താത്കാലികമായി സൂക്ഷിക്കുന്നതിന് ആധുനിക സംവിധാനങ്ങള്‍ ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. അതിനു സ്റ്റാർട്ടപ്പുകളുടെയും, സംരംഭങ്ങളുടെയും സാദ്ധ്യതകൾ തേടണം. ക്ലീന്‍ കേരള കമ്പനി വഴി അജൈവ മാലിന്യം ശേഖരിക്കുന്നതില്‍ മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ട്. പുന:ചംക്രമണ സാധ്യമായ 1000 ടണ്‍ പ്ലാസ്റ്റിക്ക് ശേഖരിച്ച് സംസ്കരണത്തിനായി കൈമാറാന്‍ ആദ്യഘട്ടത്തില്‍ സാധിച്ചു. സ്വകാര്യ ഏജന്‍സികള്‍ വഴി ശേഖരിക്കുന്നതിന്‍റെ കണക്കും ശേഖരിക്കേണ്ടതുണ്ട്.
ഓരോ തദ്ദേശ സ്ഥാപന പരിധിയിലും ഉണ്ടാകുന്ന അജൈവ പാഴ്വസ്തുക്കള്‍ കൃത്യമായ ഇടവേളകളില്‍ ശാസ്ത്രീയമായി ശേഖരിക്കാനും തരംതിരിക്കാനും സംസ്കരണത്തിനായി ബന്ധപ്പെട്ട ഏജന്‍സിക്ക് കൈമാറാനുമുള്ള അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തണമെന്ന് മന്ത്രി പറഞ്ഞു. മാലിന്യ ശേഖരണത്തിൽ പുരോഗതിയുണ്ടായെങ്കിലും തരംതിരിക്കലില്‍
ആ പുരോഗതി ഉണ്ടായിട്ടില്ല. ഇത് കുറവായി കാണണം. ഇക്കാര്യത്തില്‍ ഹരിതകര്‍മ്മ സേനയ്ക്ക് ആവശ്യമായ പരിശീലനം നല്‍കണമെന്നും മന്ത്രി പറഞ്ഞു.
ഹരിത കര്‍മ്മസേനയെ കേരളത്തിന്‍റെ ബ്രാന്‍ഡഡ് സംരംഭമാക്കി മാറ്റാന്‍ കഴിയണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സേനാംഗങ്ങള്‍ക്ക് ശാസ്ത്രീയ പരിശീലനവും ആവശ്യമായ ഉപകരണങ്ങള്‍, യൂണിഫോം, വാഹനങ്ങള്‍, ന്യായമായ വേതനം എന്നിവയും ഉറപ്പാക്കണം. കേവലം മാലിന്യം ശേഖരിക്കുന്നവര്‍ എന്നല്ലാതെ കേരളത്തിലെ ഒരു സാനിറ്റേഷന്‍ വര്‍ക്ക് ഫോഴ്സ് എന്ന നിലയിലേക്ക് അവരെ ആധുനികവത്കരിക്കാനാകണം. വീടുകളില്‍ നിന്ന് ആഴ്ചയിലൊരിക്കലെങ്കിലും മാലിന്യം ശേഖരിക്കുന്നുവെന്ന് ഉറപ്പാക്കുകയും ആളുകളുമായുള്ള ഇടപെടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സേനാംഗങ്ങളെ പരിശീലിപ്പിക്കുകയും വേണം. വിതരണം ചെയത ബയോബിന്നുകള്‍ ആളുകള്‍ ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങളുടെ ഡിജിറ്റല്‍ മോണിറ്ററിങ് ശക്തിപ്പെടുത്തുകയും ഏതു കാലാവസ്ഥയിലും പ്രവര്‍ത്തിക്കുന്ന ഒരു തൊഴില്‍ശക്തിയായി ഹരിത കര്‍മ്മസേനയെ മാറ്റിയെടുക്കുകയും വേണം. കാമ്പയിനിന്‍റെ ഒന്നാംഘട്ടത്തില്‍ 3997 പുതിയ ഹരിത സേനാംഗങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഒരു വാര്‍ഡില്‍ രണ്ടു പ്രവര്‍ത്തകര്‍ എന്ന ലക്ഷ്യം കൈവരിക്കാനായിട്ടില്ല. ഇതിന് 40000 പേര്‍ വേണം. ഇപ്പോള്‍ ഏതാണ്ട് 31000 അംഗങ്ങളാണുള്ളത്. ഈ കുറവ് പരിഹരിക്കണം. യൂസര്‍ ഫീ എല്ലാ മാസവും ഹരിതകര്‍മ്മ സേനയ്ക്ക് നല്‍കാത്തവരില്‍ നിന്ന് കെട്ടിട നികുതിക്കൊപ്പം കുടിശ്ശികയായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പിരിച്ചെടുക്കാമെന്ന ഉത്തരവ് നല്‍കിയിട്ടുണ്ട്. ഒന്നാംഘട്ട പ്രവര്‍ത്തനത്തിലൂടെ വാതില്‍പ്പടി മാലിന്യ ശേഖരണം 80 ശതമാനത്തിലേക്ക് ഉയര്‍ത്താനായി. ഇത് 100 ശതമാനമാക്കണമെന്നും മന്ത്രി പറഞ്ഞു.
2024 മാര്‍ച്ചോടെ കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള പൗരന്മാരുടെ പങ്ക് നിര്‍ണായകമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ പറഞ്ഞു. ‘മാലിന്യമുക്തം നവകേരളം: അടിയന്തിര ഘട്ടം- നേട്ടങ്ങള്‍, പരിമിതികള്‍’ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍.
“സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതില്‍ പൊതുജനങ്ങളുടെ പൂര്‍ണ സഹകരണവും പിന്തുണയും ആവശ്യമാണ്. പരിസരം വൃത്തിയായി സൂക്ഷിക്കേണ്ട സന്ദേശം വീടുകളിലെത്തിക്കാന്‍ കുട്ടികളുടെ ഹരിതസഭയിലൂടെ പ്രോത്സാഹിപ്പിക്കണം. അടുത്തിടെ നടന്ന ആദ്യ ഹരിതസഭയില്‍ രണ്ട് ലക്ഷത്തോളം പേര്‍ പങ്കെടുത്തതില്‍ 78.53% സ്ത്രീകളായിരുന്നു. ഭാവിയിലെ ഹരിതസഭകളില്‍ പുരുഷന്മാരുടെ പങ്കാളിത്തം വര്‍ധിക്കണം.”
മാലിന്യ നിര്‍മ്മാര്‍ജ്ജന വിഷയത്തില്‍ ആദ്യം വ്യക്തികള്‍ മാറുകയും ഈ മാറ്റം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുകയുമാണ് വേണ്ടതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി രാജമാണിക്കം പറഞ്ഞു.
പ്ലാനിംഗ് ബോര്‍ഡ് അംഗം ജിജു പി. അലക്സ്, കെ.എസ്.ഡബ്ല്യു.എം.പി പ്രൊജക്ട് ഡയറക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ള കെ., കെ.എസ്.ഡബ്ല്യു.എം.പി ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ യു.വി ജോസ്, ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ടി ബാലഭാസ്ക്കരന്‍, കില ഡയറക്ടര്‍ ജനറല്‍ ജോയ് ഇളമണ്‍, ക്ലീന്‍ കേരള കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജി.കെ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ല ജോയിന്‍റ് ഡയറക്ടര്‍മാര്‍, നവകേരളം, ശുചിത്വ മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍മാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ മിഷന്‍, കില ഫെസിലിറ്റേറ്റര്‍മാര്‍, ആര്‍.ജി.എസ്.എ കോര്‍ഡിനേറ്റര്‍മാര്‍, കിലയിലെ ആര്‍പിമാര്‍, കെ.എസ്.ഡബ്ല്യു.എം.പി സോഷ്യല്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദഗ്ധര്‍ തുടങ്ങിയവരാണ് ദ്വിദിന ശില്‍പ്പശാലയില്‍ പങ്കെടുത്തത്.
Local Self-Government Minister MB Rajesh called for the involvement of start-ups, enterprises, and agencies in modernizing waste management systems. He proposed making Harita Karmasena a renowned enterprise in Kerala. The Garbage-Free New Kerala Project aims to establish a self-sustaining sustainable system, and a two-day workshop was inaugurated virtually as part of its second phase campaign.