കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലോകം പ്രാർത്ഥനയിലായിരുന്നു. പക്ഷെ ഫലമുണ്ടായില്ല. ഓഷ്യൻഗേറ്റിന്റെ ടൈറ്റൻ സബ്മേഴ്സിബിളിൽ ടൈറ്റാനിക് കാണാൻ കടലിന്റെ അടിത്തട്ടിലേക്ക് സാഹസിക യാത്ര നടത്തിയ ആ അഞ്ചു പേർക്കായുള്ള നാല് ദിവസം നീണ്ട തിരച്ചിൽ ഒടുവിൽ അവസാനിച്ചു. കടലിനടിത്തട്ടിലെ ദുരന്തമായി നടന്ന സ്ഫോടനത്തിൽ ടൈറ്റനിലെ അഞ്ച് യാത്രക്കാരും മരിച്ചതായി യുഎസ് കോസ്റ്റൽ ഗാർഡ് സ്ഥിരീകരിച്ചു. രക്ഷാ പ്രവർത്തനങ്ങൾക്കായി US, കാനഡ, ഫ്രാൻസ് രാജ്യങ്ങൾ ചെലവിട്ടത് ദശ ലക്ഷകണക്കിന് ഡോളറാണ്.
2023 ജൂൺ 22 വ്യാഴാഴ്ച രാത്രി ഇന്ത്യൻ സമയം ഏകദേശം 9:30 ന് , കാനഡയുടെ ROV തിരച്ചിൽ പ്രദേശത്ത് അവശിഷ്ടങ്ങൾ കണ്ടെത്തി, അത് ടൈറ്റൻ സബ്മേഴ്സിബിളിന്റെ ബാഹ്യ ബോഡിയാണെന്ന് തിരിച്ചറിഞ്ഞു. ജൂൺ 18 ന് ടൈറ്റൻ കടലിലേക്ക് ഇറങ്ങി അരമണിക്കൂറിനുശേഷം സ്ഫോടനം കേട്ടതായി തെളിവ് ലഭിച്ചിരുന്നു. ആശയവിനിമയത്തിനായി ടൈറ്റൻ സ്റ്റാർലിങ്കിന്റെ കണക്ഷനാണ് ആശ്രയിക്കുന്നത്. എന്നാൽ ഒരു മണിക്കൂറിന് ശേഷം ആ നെറ്റ്വർക്കും നഷ്ടപ്പെട്ടു.
യുഎസ് നേവി കോസ്റ്റൽ ഗാർഡ് വ്യാഴാഴ്ച അഞ്ച് യാത്രക്കാരും മരിച്ചതായി പ്രഖ്യാപിച്ചെങ്കിലും അവരുടെ മൃതദേഹങ്ങൾ കണ്ടെത്താനായിട്ടില്ല. ടൈറ്റൻ സബ്മെർസിബിളിന്റെ അവശിഷ്ടങ്ങൾ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ.
മരണമടഞ്ഞവരിൽ ബ്രിട്ടീഷ് ശതകോടീശ്വരൻ ഹാമിഷ് ഹാർഡിംഗ് (58), പാകിസ്ഥാൻ വംശജനായ വ്യവസായി ഷഹ്സാദ ദാവൂദ് (48), ബ്രിട്ടീഷ് പൗരനായ 19 വയസ്സുള്ള മകൻ സുലെമാൻ, ഫ്രഞ്ച് പര്യവേക്ഷകൻ പോൾ-ഹെൻറി നർജിയോലെറ്റ് (77) എന്നിവരും ഓഷ്യൻഗേറ്റ് പര്യവേഷണങ്ങളുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ക്ടൺ റഷും ഉൾപ്പെടുന്നു.
ഇനി എന്ത് ?
1993ലെ പാസഞ്ചർ വെസൽ സേഫ്റ്റി ആക്ട് പ്രകാരം ഓഷ്യൻഗേറ്റിന് പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. ഓഷ്യൻഗേറ്റിന് എതിരെ യാത്രക്കാരുടെ മരണത്തിനും അശ്രദ്ധയ്ക്കും നടപടിക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ ഈ ദൗത്യത്തിൽ ഏർപ്പെടുന്നതിന്റെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ ഓഷ്യൻഗേറ്റിന് ടൈറ്റൻ യാത്രക്കാർ ഒപ്പിട്ടു നൽകിയ ഇളവുകൾ ഉൾപ്പെടെ വിവിധ വെല്ലുവിളികൾ നിയമനടപടികൾക്ക് നേരിടേണ്ടിവരും.
ഓഷ്യൻഗേറ്റ് ഒരു വാഷിംഗ്ടണിലെ Everett ആസ്ഥാനമായ അമേരിക്കൻ കമ്പനിയാണ്. എന്നാൽ ടൈറ്റാനിക്കിലേക്ക് ഡൈവ് ചെയ്യാൻ നയിച്ച ഓഷ്യൻഗേറ്റ് പര്യവേഷണങ്ങൾ ബഹാമാസിൽ ആയിരുന്നു നടന്നത് . ബഹാമാസ് അനുബന്ധ സ്ഥാപനത്തിന് യുഎസ് നിയമത്തെ മറികടക്കാൻ കഴിവുണ്ട്.
വാണിജ്യ ഷിപ്പിംഗിനെ നിയന്ത്രിക്കുന്ന ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന് ചില നടപടികളെടുക്കാം, കൂടാതെ യുഎസ് കോൺഗ്രസും നിയമനിർമ്മാണം നടത്തിയേക്കാം. അത്തരം പര്യവേഷണങ്ങളിൽ ഏർപ്പെടുന്ന കപ്പലുകളെ അവരുടെ തുറമുഖത്ത് ഡോക്ക് ചെയ്യുന്നതിൽ നിന്ന് ഫെഡറൽ ഗവൺമെന്റിന് തടയാനാകും.
ദശലക്ഷങ്ങൾ പാഴാക്കിയ അതി സാഹസികത
ഒരു സ്വകാര്യ സമുദ്ര സാഹസിക കേന്ദ്രമായ ഓഷ്യൻഗേറ്റ് സബ്മേഴ്സിബിളുകൾ ഉപയോഗിച്ച് ടൂറിസം, സമുദ്ര പര്യവേക്ഷണം, ഗവേഷണം എന്നിവക്ക് പ്രശസ്തമാണ്.
മുങ്ങിക്കപ്പലിലെ യാത്രക്കാർ പണ്ട് മുങ്ങിതാണ ടൈറ്റാനിക്കിലേക്കുള്ള ഡൈവിംഗ് അനുഭവത്തിനായി $250,000 വീതം നൽകിയിരുന്നു. ഒപ്പം ഏതു റിസ്ക്കും നേരിടാമെന്ന സമ്മതപത്രവും.
ദശ ലക്ഷകണക്കിന് ഡോളർ ചെലവ് വരും ഫിലമെന്റ് വുഡ് കാർബൺ ഫൈബർ എന്നിവകൊണ്ട് നിർമ്മിച്ച ടൈറ്റൻ, ഗവേഷണ, സർവേ സബ്മേഴ്സിബിളിന്.
22 അടി നീളമുള്ള ക്രാഫ്റ്റിന് 10,432 കിലോഗ്രാം ഭാരം ഉണ്ടായിരുന്നു – ഏകദേശം ആറ് ശരാശരി വലിപ്പമുള്ള കാറുകൾക്ക് സമാനമാണ്. 4,000 മീറ്റർ അഥവാ 13,123 അടി താഴ്ചയിലേക്ക് ഇറങ്ങാൻ ടൈറ്റന് കഴിവുണ്ടായിരുന്നു.
രക്ഷാ പ്രവർത്തനത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവ നേരിട്ട് ഏർപ്പെട്ടിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് അവർ യുഎസ് സൈന്യത്തിന്റെ മൂന്ന് സി -17 ട്രാൻസ്പോർട്ട് വിമാനങ്ങൾ രംഗത്തുണ്ടായിരുന്നു. ഒപ്പം യു എസ് കോസ്റ്റ് ഗാർഡിന്റെ വെസലുകളും, പട്രോളിംഗ് വിമാനങ്ങളും നാല് ദിവസം നീണ്ടു നിന്ന തിരച്ചിലിൽ രാപകൽ പങ്കെടുത്തു.
യുണൈറ്റഡ് സ്റ്റേറ്റ്സ് എയർ മൊബിലിറ്റി കമാൻഡ് നേതൃത്വത്തിൽ സപ്പോർട്ട് ഉപകരണങ്ങളും സബ്മേഴ്സിബിൾ ബോട്ടുകളും, 20,000 അടി വെള്ളത്തിനടിയിലുള്ളതും 6,000 മീറ്ററിൽ കൂടുതൽ ഉള്ളതും കാണിക്കാനും വ്യക്തമായ ചിത്രങ്ങൾ അയയ്ക്കാനും കഴിവുള്ള ഒരു അക്വാറ്റിക് ഡ്രോണും യു എസ് എത്തിച്ചിരുന്നു.
കാനഡ ഒരു പട്രോളിംഗ് വിമാനവും രണ്ട് ഉപരിതല ബോട്ടുകളും ഉപയോഗിച്ച് രക്ഷാ പ്രവർത്തനത്തിൽ പങ്കളിയായി. വിദൂരമായി പ്രവർത്തിപ്പിക്കുന്ന വാഹനം ഘടിപ്പിച്ച ഒരു കപ്പൽ രംഗത്തെത്തിച്ചു ഫ്രാൻസും തിരച്ചിലിൽ ചേർന്നു.
ടൈറ്റൻ സബ്മേഴ്സിബിളിനായി തിരയാൻ നാല് ദിവസം കൊണ്ട് മൂന്നു രാജ്യങ്ങളും ചേർന്ന് $6,500,000 ലധികം ചെലവഴിച്ചുകഴിഞ്ഞു. നിലവിൽ ടൈറ്റാൻ ഇൻഷുറർ ചെയ്തിട്ടുണ്ടോ, ആണെങ്കിൽ എത്രതുകക്ക് എന്ന് വ്യക്തമല്ല. എന്തായാലും രക്ഷ പ്രവർത്തനത്തിന് ചിലവഴിച്ച തുക നികുതി ദായകർ നൽകേണ്ടി വരുമോ, അതോ ഇൻഷുറൻസ് കൺസോർഷ്യം നൽകുമോ അതോ കോടതി ഇടപെട്ട് ഓഷ്യൻഗേറ്റ് അധികൃതരിൽ നിന്നും ഈടാക്കുമോ എന്ന് കണ്ടറിയണം.
US ഭരണകൂടമാകട്ടെ തിരയലിനും രക്ഷാപ്രവർത്തനത്തിനുമുള്ള ചെലവ് ഒരു നിശ്ചിത പരിധി കടക്കുമ്പോൾ N.P.S ൽ നിന്ന് മറ്റ് തരത്തിലുള്ള പ്രോഗ്രാമുകൾക്കോ പ്രോജക്ടുകൾക്കോ ഉള്ള ഫണ്ടുകൾ വഴി തിരിച്ചുവിട്ടേക്കാം.