സോക്കർ കിങ്ഡം എന്ന പ്രശസ്തിയിലേക്ക് പന്തുരുട്ടുകയാണ് സൗദി അറേബ്യ. കാൽപന്തുകളിയുടെ ലോക ആതിഥേയരാകാനോരുങ്ങുന്ന ജിദ്ദയിലേക്കാകും ഇനി കണ്ണുകളെല്ലാം. 2023ലെ ക്ലബ് ലോകകപ്പ് സൗദി അറേബ്യൻ നഗരമായ ജിദ്ദയിൽ നടക്കുമെന്ന് സോക്കർ ലോക ഗവേണിംഗ് ബോഡി ഫിഫ തിങ്കളാഴ്ച അറിയിച്ചു.
ടൂർണമെന്റിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ഫിഫ പ്രതിനിധി സംഘം കഴിഞ്ഞയാഴ്ച ജിദ്ദയിൽ നടത്തിയ സന്ദർശനത്തെ തുടർന്നാണ് തീരുമാനം.
2027 ലെ ഏഷ്യൻ കപ്പിനും സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. കൂടാതെ സൗദി 2034 ലെ പുരുഷ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശക്തമായ മത്സരാർത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്നു. സൗദി അറേബ്യൻ ചാമ്പ്യൻ അൽ-ഇത്തിഹാദിന്റെ സ്വന്തം നഗരമായ ജിദ്ദക്ക് ഈ ആതിഥേയത്തത്വത്തിൽ അഭിമാനിക്കാം. ജിദ്ദയെ ഫിഫ ക്ലബ് ലോകകപ്പിന്റെ ആതിഥേയ നഗരമായി തിരഞ്ഞെടുത്തതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് സാഫ് പ്രസിഡന്റ് യാസർ അൽ മിസെഹൽ പറഞ്ഞു.
ഏഴ് ടീമുകളുള്ള ഫോർമാറ്റിൽ നടക്കുന്ന അവസാന ക്ലബ് ലോകകപ്പ് മത്സരമാകും ജിദ്ദയിൽ നടക്കുക. 2025-ൽ അമേരിക്കയിൽ നടക്കുക 32 ടീമുകളുടെ മത്സരമാകും.
ഡിസംബർ 12 മുതൽ 22 വരെ നടക്കുന്ന ടൂർണമെന്റിൽ ചാമ്പ്യൻസ് ലീഗ് ജേതാവ് മാഞ്ചസ്റ്റർ സിറ്റി ഉൾപ്പെടെ ആറ് കോണ്ടിനെന്റൽ ക്ലബ് ചാമ്പ്യന്മാരും അൽ-ഇത്തിഹാദിനൊപ്പം ചേരും.
യഥാക്രമം 62,000, 27,000 കാണികളെ ഉൾക്കൊള്ളുന്ന കിംഗ് അബ്ദുല്ല സ്പോർട് സിറ്റി സ്റ്റേഡിയത്തിലും പ്രിൻസ് അബ്ദുല്ല അൽ ഫൈസൽ സ്റ്റേഡിയത്തിലുമാണ് 2023 ടൂർണമെന്റ് നടക്കുകയെന്ന് ഫിഫ അറിയിച്ചു.