ടേസ്റ്റ് അറ്റ്ലസിന്റെ ആഗോള രുചി പട്ടികയിൽ കോഴിക്കോട്ടെ ഈ പാരഗൺ എങ്ങനെ ചെന്നു പെട്ടു?
ഇത് വെറുമൊരു പട്ടികയല്ല, ടേസ്റ്റ് അറ്റ്‌ലസ് പുറത്തുവിട്ട ലോകത്തെ 150 ഐതിഹാസിക റസ്റ്ററന്റുകളുടെ പട്ടികയില്‍ 11ാം സ്ഥാനമാണ് പാരഗണും അവിടുത്തെ ബിരിയാണിയും സ്വന്തമാക്കിയിരിക്കുന്നത്.
പാരഗൺ ഒരുക്കുന്ന ബിരിയാണിയുടെ മലബാറി രുചിപെരുമ പ്രശസ്തമാണെന്ന് ടേസ്റ്റ് അറ്റ്ലസ് പറയുന്നു കോഴിക്കോടെത്തുന്നവർ, അത് വഴി യാത്ര ചെയ്യുന്നവർ ഒക്കെ പാരഗണിന്റെ മുന്നിൽ വരി നിന്ന് ബിരിയാണി വാങ്ങി അതിന്റെ രുചി ആസ്വദിക്കുന്നതിനു എന്തിനാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ. അങ്ങനെ പാരഗൺ ഹോട്ടലിന്റെ രുചിപ്പെരുമയ്ക്ക് ഒരു ലോക അംഗീകാരം കൂടി.
2018ൽ ക്രൊയേഷ്യ ആസ്ഥാനമായി തുടക്കമിട്ട ടേസ്റ്റ് അറ്റ്ലസിന്റെ റാങ്കിങ്ങിൽ കഴിഞ്ഞ മൂന്നു വർഷമായി ഇന്ത്യയിൽ ഒന്നാംസ്ഥാനത്താണ് പാരഗണും പാരഗണിലെ ബിരിയാണിയും.
പട്ടികയിലെ ആദ്യ 50 സ്ഥാനങ്ങളിൽ രണ്ട് ഇന്ത്യൻ റസ്റ്റോറന്റുകളാണ് ഉൾപ്പെട്ടത്. പാരഗണിനു പുറമെ പട്ടികയിലുള്ള ബെംഗളൂരു മാവേലി ടിഫിൻ റൂംസിന്റെ റവ ഇഡ്ഡലി 39ാം സ്ഥാനത്താണ്.
ഒരു നൂറ്റാണ്ടിലേറെയായി ഒരൊറ്റ വിഭവത്തിൽ – Schnitzel Wiener Art- ൽ സ്പെഷ്യലൈസ് ചെയ്യുന്ന ഓസ്ട്രിയയിലെ വിയന്നയിലുള്ള Figlmüller ഭക്ഷണശാലയാണ് ടേസ്റ്റ് അറ്റ്ലസിന്റെ റാങ്കിങ്ങിൽ ലോകത്തിലെ ഏറ്റവും ഐതിഹാസിക റെസ്റ്റോറൻ്റ്. യുഎസിലെ ന്യൂയോർക്ക് സിറ്റിയിലെ കാറ്റ്‌സിന്റെ ഡെലിക്കേറ്റ്‌സെൻ, ഇന്തോനേഷ്യയിലെ സനൂറിലെ വാറുങ് മാക് ബെംഗ് എന്നിവ റാങ്കിങ്ങിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.
മെക്സിക്കോ സിറ്റിയിലെ ‘ലാ പോളാർ’, നേപ്പിൾസിലെ ‘പിസേറിയ’, ചാൾസ്റ്റണിലെ ‘ഹൈമൻസ് സീഫുഡ്’, പ്രാഗിലെ ‘യു ഫ്ലേക്കു’ തുടങ്ങിയ റസ്റ്റോറന്റുകളാണ് പട്ടികയിൽ പാരഗണിനു മുന്നിലുള്ളത്.
ടേസ്റ്റ് അറ്റ്ലസ്സിന്റെ 30 പേരടങ്ങിയ ഗവേഷണവിഭാഗം തനതു ഭക്ഷണമേഖലയിൽ വിശദമായ പഠനം നടത്തിയാണ് റെസ്റ്റോറന്റുകളുടെയും, സ്വാദിഷ്ട വിഭവങ്ങളുടെയും റാങ്കിങ് തയാറാക്കുന്നത്. ഇത്തവണ ഐതിഹാസികമായ രവിഭവങ്ങളെയും, ഭക്ഷണ ശാലകളെയുമാണ് ഇവർ തേടിയത്. വിവിധ ലേഖനങ്ങൾ, റിവ്യൂകൾ, വിവിധതരം സർടിഫിക്കേഷനുകൾ തുടങ്ങിയ മാനദണ്ഡങ്ങൾ കണക്കാക്കിയാണ് റാങ്ക് പ്രസിദ്ധീകരിക്കുന്നത്.
2013ൽ ‘ഇന്ത്യയിലെ ഏറ്റവും നല്ല തീരദേശ വിഭവങ്ങൾക്കുള്ള’ ടൈംസ് നൗ അവാർഡ്, വിവിധ രാജ്യങ്ങളിൽനിന്നുള്ള 4000 ഹോട്ടലുകളോടു മൽസരിച്ച് അമേരിക്കൻ മാസികയായ ‘ടൈം ഔട്ടി’ന്റെ 2014ലെയും 2015ലെയും ബെസ്‍റ്റ് ബജറ്റ് റസ്റ്ററന്റ് ഇൻ ദുബായ് അവാർഡ് തുടങ്ങി ഒട്ടേറെ അവാർഡുകൾ പാരഗണിനു ലഭിച്ചിട്ടുണ്ട്.
1939ൽ പി.ഗോവിന്ദനും മകൻ പി.എം.വൽസനും ചേർന്നു തുടങ്ങിയ പാരഗൺ ബേക്കിങ് കമ്പനിയാണ് ഇന്ന് ലോക പ്രശസ്തിയിലേക്കുയർന്നിരിക്കുന്നത്. പാരഗൺ, സൽക്കാര, എംഗ്രിൽ, ബ്രൗൺടൗൺ കഫേ എന്നീ ബ്രാന്റുകളിലായി 25 വിവിധ ഇടങ്ങളിൽ രുചി വിളമ്പുകയാണ് പാരഗൺ.