ബഹിരാകാശത്ത് നിന്ന് ഈദ് ആശംസകൾ നേർന്ന് യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി. എമിറാത്തി പുരുഷൻമാരുടെ പരമ്പരാഗത വേഷമായ കന്ദൂറ ധരിച്ചായിരുന്നു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുളള സുൽത്താന്റെ പെരുന്നാൾ ആശംസകൾ.
ബഹിരാകാശത്ത് നിന്ന് ഈദ് ആശംസകൾ അയയ്ക്കാൻ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിന്റെ ചിഹ്നമായ സുഹൈലും സുൽത്താനൊപ്പമുണ്ടായിരുന്നു. അദ്ദേഹം എല്ലാവരോടും അസ്സലാമു അലൈക്കും എന്ന് ആശംസിക്കുകയും അറബിയിൽ ഈദ് ആശംസകൾ അറിയിക്കുകയും ചെയ്തു. സുഹൈലിനൊപ്പം സുൽത്താനെ കാണുമ്പോൾ പശ്ചാത്തലത്തിൽ ഈദ് പ്രാർത്ഥനകളും പ്രതിധ്വനിച്ചു.

ചൊവ്വാഴ്ച, സുൽത്താൻ അൽ നെയാദി ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ വിശുദ്ധ നഗരമായ മക്കയുടെ മനോഹരമായ കാഴ്ച പങ്കിട്ടിരുന്നു. അറഫാത്ത് ദിനത്തിന്റെ സ്മരണയ്ക്കായാണ് മക്കയുടെ ഒരു ചിത്രം അപ്ലോഡ് ചെയ്തത്. “അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഈദ് അന്തരീക്ഷം


,” എന്ന് അൽ നെയാദി ട്വീറ്റ് ചെയ്തു.
“അനുഗ്രഹീതമായ ഈദ് അൽ-അദ്ഹയുടെ വരവിൽ ഞാൻ എല്ലാവരേയും അഭിനന്ദിക്കുന്നു. ദൈവം ഞങ്ങൾക്കും നിങ്ങൾക്കും നന്മയും അനുഗ്രഹങ്ങളും നൽകട്ടെ,” അദ്ദേഹം കൂട്ടിച്ചേർത്തു.

സ്പേസ് എക്സിന്റെ ക്രൂവിന്റെ ഭാഗമായി ആറുമാസം നീണ്ടുനിൽക്കുന്ന ദീർഘകാല ബഹിരാകാശ ദൗത്യത്തിൽ ചേരുന്ന ആദ്യത്തെ അറബ് വംശജനാണ് സുൽത്താൻ അൽ നെയാദി.