7 ലോക റെക്കോർഡുകൾ
- അമേരിക്ക കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ റോഡ് ഗതാഗത ശൃംഖല
- 9 വര്‍ഷത്തിനിടെ വളര്‍ന്നത് 59 ശതമാനം
- ടോളുകളിൽ നിന്നുള്ള വരുമാനം 4,1342 കോടി രൂപയായി ഉയര്‍ന്നു
- സമീപകാല ലക്‌ഷ്യം വരുമാനം 130000 കോടി രൂപയാക്കുക
- നൂറ് ശതമാനവും എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ വാഹനങ്ങൾ ഓഗസ്റ്റിൽ വരുന്നു”
ഇതിനൊക്കെ നേതൃത്വം നൽകുന്നത് ‘ഇന്ത്യയുടെ ഹൈവേമാൻ’ തന്നെയാണ്. ആരാണെന്നല്ലേ കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി.
ഇന്ത്യന്‍ റോഡ് ശൃംഖലയുടെ നേട്ടങ്ങൾ വിവരിച്ച കൂട്ടത്തിൽ നിതിൻ ഗഡ്കരിയുടെ വകുപ്പ് കേരളത്തിന് സുപ്രധാനമായ ഒരു തീരുമാനം കൂടി കൈകൊണ്ടു കഴിഞ്ഞു. വാഹനയാത്രക്കാർക്ക് ഇന്നും തീരാ തലവേദനയായി തുടരുന്ന ഗതാഗതക്കുരുക്കഴിക്കാൻ ഇടപ്പള്ളി മുതൽ അരൂർ വരെ ആറ് വരി ആകാശപാത നിർമിക്കാൻ ദേശീയപാത അതോറിറ്റി നടപടികളാരംഭിച്ചു കഴിഞ്ഞു. 16.75 കിലോമീറ്റർ ദൂരത്തിലാണ് പടുകൂറ്റൻ ആറുവരി ആകാശപാത നിർമിക്കുന്നത്.
നിലവിൽ എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്നതും ഏറ്റവും ഗതാഗതക്കുരുക്ക് ഉള്ളതുമായ നാല് വരിപ്പാതയാണ് ഇടപ്പള്ളി മുതൽ അരൂർ പാത
2006ൽ ഈ പാത വീതി കൂട്ടിയെങ്കിലും വാഹനങ്ങളുടെ എണ്ണം കൂടിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. രണ്ട് വർഷം കൊണ്ട് ഇനിയും ഗതാഗത കുരുക്ക് രൂക്ഷമാകുമെന്നത് മുന്നിൽ കണ്ടാണ് ആറ് വരി ആകാശപാത നിർമിക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ നീക്കം.
പാതാ നിർമാണം ഇങ്ങനെ
നിലവിലെ നാലുവരി പാത ഇടപ്പള്ളി മുതൽ അരൂർ വരെ ആറുവരിയാക്കുന്നതിനു സ്ഥലമേറ്റെടുക്കൽ ഇനി അപ്രായോഗികമാണ്. അതുകൊണ്ടു തന്നെ ആകാശ പാതയാണ് ഉത്തമം. ഭൂമി ഏറ്റെടുക്കൽ ഈ പ്രദേശത്ത് പ്രായോഗികമല്ലാത്തതും ആകാശപാത പദ്ധതിയ്ക്ക് അനുകൂല ഘടകമായതായി നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു. മെട്രോ റെയിലും നാല് മേൽപ്പാലങ്ങളും സമീപത്തു കൂടെ ഉള്ളതാണ് ഈ പാത. ഇവിടെ ആറ് വരി ആകാശപാത നിർമിക്കാൻ അനുയോജ്യമെന്ന് പ്രാഥമികമായി ദേശിയ പാതാ അധികൃതർ കണ്ടെത്തുകയായിരുന്നു. ഇവിടെ ഡിപിആർ തയ്യാറാക്കാനുമുള്ള നടപടികൾ ഉടൻ ഉണ്ടാവും.
ആറുവരി പാത ബന്ധിപ്പിക്കുക ഈ പ്രധാന റോഡുകളെ
അരൂർ ഇടപ്പള്ളി പാതയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഇടപ്പള്ളി- തിരുവനന്തപുരം, വല്ലാർപ്പാടം ടെർമിനൽ, പോർട്ട് ട്രസ്റ്റ് ഓഫീസ് -കുണ്ടന്നൂർ, മൂന്നാർ- കൊച്ചി, വാളയാർ- വടക്കഞ്ചേരി എന്നീ റോഡുകൾ ആകാശ പാതയിലേക്ക് കണക്ട് ചെയ്യും. ഇതോടെ മൂന്നാറ് നിന്നും, വാളയാർ നിന്നും, വല്ലാർപാടത്തു നിന്നും ആലപ്പുഴയിലേക്കും, തിരിച്ചുമുള്ള വാഹനങ്ങൾക്ക് ആകാശ പാതയിലൂടെ ഗതാഗതക്കുരുക്കിൽ പെടാതെ നഗരം കയറിയിറങ്ങാം. കുണ്ടന്നൂർ-തേനി ഗ്രീൻഫീൽഡ് റോഡ്, കുണ്ടന്നൂർ-അങ്കമാലി ബൈപ്പാസ് എന്നീ റോഡുകളും ഇടപ്പള്ളി അരൂർ ആകാശ പാതയുമായി ഭാവിയിൽ ബന്ധിപ്പിക്കും. ഇതോടെ നിലവിലെ നാലുവരിപ്പാതയിലൂടെയുള്ള ഗതാഗതക്കുരുക്ക് വീണ്ടും കുറയും.
ലോക റെക്കോർഡുകളുടെ ഇന്ത്യൻ റോഡ്: നിതിന്‍ ഗഡ്ക്കരി
ലോകത്തിലെ രണ്ടാമത്തെതെന്ന ബഹുമതിയുമായി ഇന്ത്യയുടെ റോഡ് ശൃംഖല ഇന്ന് 1,45,240 കിലോമീറ്ററിന്റേതാണെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി പറഞ്ഞു. “കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഈ മേഖലയില്‍ ഏഴ് ലോക റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. അമേരിക്ക കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് ശൃംഖലയാണ് ഇന്ത്യയുടേത്. 2013-14ലെ ഇന്ത്യൻ റോഡുകൾ 91,287 കിലോമീറ്ററിന്റേതായിരുന്നു. ഇന്ത്യന്‍ റോഡ് ശൃംഖല 9 വര്‍ഷത്തിനിടെ 59 ശതമാനം വളര്‍ന്നു”.
ഇനി എഥനോൾ വാഹനങ്ങളും
നൂറ് ശതമാനവും എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ വാഹനങ്ങൾ ഓഗസ്റ്റിൽ പുറത്തിറക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരി വ്യക്തമാക്കുന്നു.
‘ഓഗസ്റ്റ് മുതൽ നൂറ് ശതമാനവും എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾ പുറത്തിറക്കും. ബജാജും ടിവിഎസും ഹീറോയും ഇത്തരത്തിലുള്ള മോട്ടോർസൈക്കിളുകൾ നിർമിച്ചു. ഇനി 60 ശതമാനം എഥനോളിലും 40 ശതമാനം വൈദ്യുതിയിലും ഓടുന്ന ഹൈബ്രിഡ് വാഹനങ്ങൾ നമ്മുടെ രാജ്യത്തും കൊണ്ടുവരും. ഈ സംരംഭം നമ്മുടെ രാജ്യത്ത് വിപ്ലവം സൃഷ്ടിക്കും. എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾ ചെലവ് കുറഞ്ഞതും, മലിനീകരണരഹിതവും തദ്ദേശീയവുമാണ്. കരിമ്പിൻ ജ്യൂസിൽ നിന്നാണ് എഥനോൾ നിർമിക്കുന്നത്. ഇത് നാട്ടിലെ കർഷകർ നിർമിക്കുന്നതാണ്.’