ഇന്ത്യ ആദ്യമായി ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമ്പോൾ ആഗോള ശ്രദ്ധ നേടുകയാണ് ന്യൂഡൽഹി. 18-ാമത് ജി20 ഉച്ചകോടി സെപ്റ്റംബർ 9-10 തീയതികളിലാണ് ന്യൂഡൽഹിയിൽ നടക്കുക. ദക്ഷിണേഷ്യയിലെ ആദ്യ ഉച്ചകോടി, 43 രാഷ്ട്രത്തലവന്മാരും ഗവൺമെന്റ് തലവന്മാരും അന്താരാഷ്ട്ര സംഘടനകളുടെ തലവന്മാരും അടങ്ങുന്ന ഏറ്റവും വലിയ പ്രതിനിധി സംഘത്തിന് ആതിഥേയത്വം വഹിക്കും.
പുതിയ ആശയങ്ങൾ പങ്കുവയ്ക്കാനും തന്ത്രപരമായ ആഗോള പങ്കാളിത്തം രൂപീകരിക്കാനും നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കാനും ഉച്ചകോടി വഴിയൊരുക്കും.
‘ഇന്ത്യക്കുള്ള വലിയ അവസരമാണ്’ എന്നാണ് ഇന്തോനേഷ്യയിൽ നിന്ന് G20 അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. റഷ്യ-ഉക്രെയ്ൻ യുദ്ധം, ക്രൂഡ് വിലവർദ്ധന, പലിശനിരക്ക് ഉയർത്തൽ, ആഗോള ഡിമാൻഡിലെ മാന്ദ്യം എന്നിവ കാരണം ലോകം ഒന്നിലധികം പ്രശ്നത്തിലായ ഒരു നിർണായക ഘട്ടത്തിലാണ് ഇന്ത്യ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. G20 അംഗങ്ങൾ ലോക ജനസംഖ്യയുടെ 65 ശതമാനത്തെയും ലോക വ്യാപാരത്തിന്റെ 79 ശതമാനത്തെയും ലോക സമ്പദ്വ്യവസ്ഥയുടെ 84 ശതമാനത്തെയും പ്രതിനിധീകരിക്കുന്നു.
സെപ്റ്റംബറിൽ, G20 രാജ്യങ്ങളുടെ നേതാക്കൾ വാർഷിക ഉച്ചകോടിക്കായി ന്യൂഡൽഹിയിൽ എത്തുമ്പോൾ, ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ അന്താരാഷ്ട്ര സമ്മേളനത്തിന് ആതിഥേയത്വം വഹിക്കും.
ഇന്ന്, ഗ്രൂപ്പ് ഓഫ് ട്വന്റി (G 20) അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള പ്രധാന ഫോറമാണ്. എല്ലാ പ്രധാന അന്താരാഷ്ട്ര സാമ്പത്തിക വിഷയങ്ങളിലും അഭിപ്രായം രൂപപ്പെടുത്തുന്നതിലും സഹകരണം ശക്തിപ്പെടുത്തുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. യൂറോപ്യൻ യൂണിയനോടൊപ്പം അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, എന്നീ 19 രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ജി20. സ്പെയിനിനെ ഒരു സ്ഥിരം അതിഥിയായി ക്ഷണിക്കുന്നു. അന്താരാഷ്ട്ര സാമ്പത്തികനയ, സാമ്പത്തിക സ്ഥിരത ചർച്ച ചെയ്യുന്നതിനായി ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക, വികസ്വര സമ്പദ്വ്യവസ്ഥകളെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് സംഘത്തിന്റെ പിന്നിലെ ആശയം. ഇതിനായി ജി20 അംഗങ്ങളുടെ നേതാക്കൾ വർഷം തോറും യോഗം ചേരുകയും പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളിൽ നയങ്ങൾ ചർച്ച ചെയ്യുകയും രൂപീകരിക്കുകയും ചെയ്യുന്നു.
എങ്ങനെയാണ് G20 ഉണ്ടായത്?
ജി 20 യുടെ രൂപീകരണം ഒരു പ്രതിസന്ധിയിലായിരുന്നുവെന്ന് വേണമെങ്കിൽ പറയാം. 1994 ലെ മെക്സിക്കൻ പെസോ പ്രതിസന്ധിക്കും 1999 ലെ ഏഷ്യൻ സാമ്പത്തിക പ്രതിസന്ധിക്കും ശേഷമാണ് ഇത് സംഭവിച്ചത്. G7 മീറ്റിംഗിൽ കാനഡയുടെ അന്നത്തെ ധനമന്ത്രി പോൾ മാർട്ടിൻ, ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്വ്യവസ്ഥകളെ പ്രതിനിധീകരിക്കുന്ന യോഗമാണെങ്കിലും ലോകത്തിന് നിർണായകമായ ഒരു കൂട്ടായ്മയുടെ ലക്ഷണം ഇതിന് കാണാനില്ലെന്ന് പ്രസ്താവിച്ചു. ചൈനയും ഇന്ത്യയും ഇവിടെയില്ല, വാസ്തവത്തിൽ, പ്രാദേശികമായി വലിയ സമ്പദ്വ്യവസ്ഥകൾ ഈ കൂട്ടത്തിലില്ല.
ഇതിനെക്കുറിച്ച് നാം എന്തെങ്കിലും ചെയ്യണമെന്ന് നിങ്ങൾ കരുതുന്നില്ലേ, അദ്ദേഹം ചോദിച്ചു. അവിടെ നിന്നാണ് ജി20 എന്ന ആശയം ഉടലെടുത്തത്. ഒടുവിൽ, 1999-ൽ, മാർട്ടിനും അന്നത്തെ അമേരിക്കൻ ട്രഷറി സെക്രട്ടറിയായിരുന്ന ലാറി സമ്മേഴ്സും ചേർന്ന് ആണ് G20 ഫോറം രൂപീകരണത്തിനുളള തുടക്കമിട്ടത്. ഏതൊക്കെ രാജ്യങ്ങളാണ് ഈ കൂട്ടായ്മയുടെ ഭാഗമാകേണ്ടതെന്ന് തീരുമാനിച്ചതിന് ശേഷം, പ്രതിനിധികൾ ജർമ്മനിയിലെ ബെർലിനിൽ ആദ്യമായി യോഗം ചേർന്നു. ഗ്രൂപ്പിന്റെ ആദ്യ വാർഷിക യോഗം. ശേഷം 2008-ലാണ് ഗവൺമെന്റ്/രാഷ്ട്രത്തലവന്മാർ വർഷങ്ങൾക്ക് G20 യോഗങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയത്. 2009-ൽ, “അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനായുള്ള പ്രീമിയർ ഫോറം” ആയി G20 നിയോഗിക്കപ്പെട്ടു.
G20യുടെ പ്രവർത്തനം
ജി 20 ന് സ്ഥിരമായ ഒരു അധ്യക്ഷ രാജ്യമില്ല. ഓരോ വർഷവും ഒരു രാജ്യം ഫോറത്തിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ തീരുമാനിക്കുന്നു. 2023 ഇന്ത്യ ആണ് ചുക്കാൻ പിടിക്കുന്നത്. കഴിഞ്ഞ വർഷം ഇന്തോനേഷ്യയായിരുന്നു. പ്രസിഡന്റ് പദവിയുള്ള രാജ്യം ജി 20 അജണ്ടയെ നയിക്കുകയും ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്യുന്നു. G20 യുടെ അജണ്ടയും പ്രവർത്തനങ്ങളും മൂന്ന് വ്യത്യസ്ത ട്രാക്കുകളിലൂടെയാണ് നടക്കുന്നത് – ഷെർപ്പ ട്രാക്ക്, ഫിനാൻസ് ട്രാക്ക്, എൻഗേജ്മെന്റ് ഗ്രൂപ്പുകൾ.
അതത് അംഗരാജ്യങ്ങളുടെ ദൂതന്മാരാണ് ഷെർപ്പ ട്രാക്ക് നയിക്കുന്നത്. ഷെർപ്പകൾ അതത് രാജ്യങ്ങളുടെ തലവന്മാരോട് നേരിട്ട് റിപ്പോർട്ട് ചെയ്യുന്നു. കൃഷി, ആന്റി കറപ്ഷൻ, സംസ്കാരം, വികസനം, വിദ്യാഭ്യാസം, ഊർജം, വ്യാപാരം, വിനോദസഞ്ചാരം, ആരോഗ്യം, ഡിജിറ്റൽ സമ്പദ്വ്യവസ്ഥ തുടങ്ങിയവയെ ചുറ്റിപ്പറ്റിയുള്ള സാമ്പത്തികേതര ചർച്ചകളാണ് ഷെർപ്പ ട്രാക്ക് കൂടുതലും ശ്രദ്ധിക്കുന്നത്.
ധനകാര്യ മന്ത്രിമാരും അംഗരാജ്യങ്ങളിലെ സെൻട്രൽ ബാങ്ക് ഗവർണർമാരുമാണ് ധനകാര്യ ട്രാക്കിന് നേതൃത്വം നൽകുന്നത്. അന്താരാഷ്ട്ര സാമ്പത്തിക നയരൂപീകരണം, നികുതി, ധനകാര്യം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ അവർ ചർച്ച ചെയ്യുകയും പ്രശ്നങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.
നയരൂപീകരണത്തിൽ സംഭാവന നൽകുന്ന സർക്കാരിതര പങ്കാളികളും G20 ലീഡർമാരുമാണ് എൻഗേജ്മെന്റ് ഗ്രൂപ്പിനെ നയിക്കുന്നത്. ജി 20 ഉച്ചകോടിക്ക് സംഭാവന നൽകുന്ന തിങ്ക് ടാങ്ക്സ്, സിവിൽ സൊസൈറ്റികൾ, യുവാക്കൾ, ബിസിനസുകൾ, സ്ത്രീകൾ, തുടങ്ങിയവയുമായി ചേർന്ന് ഇത് പ്രവർത്തിക്കുന്നു.
തുടക്കം മുതൽ, അന്താരാഷ്ട്ര വിഷയങ്ങളിൽ സമവായം രൂപീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി G20 പ്രവർത്തിച്ചിട്ടുണ്ട്. 2008-2010 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ലോകത്തെ കരകയറ്റുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിച്ചു. COVID-19 പാൻഡെമിക് സമയത്ത്, സമ്പദ്വ്യവസ്ഥയെയും വിതരണ ശൃംഖലയെയും പിന്തുണയ്ക്കുന്നതിനായി G20 നിരവധി നടപടികൾ സ്വീകരിച്ചു. ലോകാരോഗ്യ സംഘടന, ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് എന്നീ അന്താരാഷ്ട്ര സംഘടനകൾക്കും ഇത് പിന്തുണ നൽകി. കാലാവസ്ഥാ വ്യതിയാനം എന്ന വിഷയവും ജി 20 യുടെ ശ്രദ്ധാകേന്ദ്രമാണ്. 2021-ലെ റോം ഉച്ചകോടിയിൽ, മീഥേൻ പുറന്തള്ളുന്നത് തടയാനും വിദേശത്തുള്ള മിക്ക പുതിയ കൽക്കരി വൈദ്യുത നിലയങ്ങൾക്കുമുള്ള പൊതു ധനസഹായം അവസാനിപ്പിക്കാനും രാജ്യങ്ങൾ സമ്മതിച്ചു. 2022-ൽ, ആതിഥേയ രാജ്യമായ ഇന്തോനേഷ്യയും കൽക്കരി വൈദ്യുത നിലയങ്ങൾ അടച്ചുപൂട്ടാൻ സമ്മതിച്ചിരുന്നു.
ഇന്ത്യയുടെ ജി 20 പ്രസിഡൻസി രാജ്യത്തിന്റെ ഇതുവരെയുളള നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദി വാഗ്ദാനം ചെയ്യുന്നുവെന്നതാണ് വസ്തുത. ഇന്ത്യയ്ക്ക് ഇപ്പോൾ ലോകരാജ്യങ്ങൾക്കിടയിൽ മികച്ച ഒരു സ്ഥാനവും ഡിജിറ്റൽ ഇന്ത്യയിലൂടെ വളരുന്ന സാങ്കേതികവിദ്യയും നൂതന ആവാസവ്യവസ്ഥയും ആഗോള നിലവാരത്തിൽ അവകാശപ്പെടാനുള്ള ബൗദ്ധിക വൈദഗ്ധ്യവും ഉണ്ട്. ഭക്ഷണത്തിലെ ഇക്വിറ്റിക്കുള്ള ഇന്ത്യയുടെ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം. സുസ്ഥിര ഭക്ഷ്യ സമ്പ്രദായങ്ങൾ, ദാരിദ്ര്യ നിർമ്മാർജ്ജനം, കാർഷിക വൈവിധ്യം, പ്രദേശിക വികസനം എന്നിവ ഉറപ്പാക്കാൻ പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇന്ത്യ നടത്തുന്ന വികസനപ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. ഇതടക്കം ലോകരാജ്യങ്ങൾക്ക് മുന്നിൽ വ്യത്യസ്തമായ മാതൃക തീർത്ത ഇന്ത്യയിലേക്ക് G20 എത്തുമ്പോൾ അത് രാജ്യത്തിന് അഭിമാന മുഹൂർത്തങ്ങളിലൊന്നായി മാറുമെന്ന് നിസംശയം പറയാം.