തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാന്‍മെക്ക് സ്മാര്‍ട്ട് സൊല്യൂഷനെ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റലണ്‍ സൊല്യൂഷന്‍സ് ഏറ്റെടുത്തു. ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, റോബോട്ടിക്സ് എന്നിവ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് KSUM സ്റ്റാർട്ടപ്പ് മാന്‍മെക്ക് സ്മാര്‍ട്ട് സൊല്യൂഷന്‍സ് (Manmech Smart Solutions).
വാണിജ്യ സാങ്കേതിക വിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന കമ്പനിയാണ് സെന്റലണ്‍ സൊല്യൂഷന്‍സ് (CENTELON SOLUTIONS). ഡാറ്റാ മാനേജ്മന്റ്, ക്ലൗഡ്, ഈആര്‍പി, സിആര്‍എം എന്നീ മേഖലകളിലാണ് കമ്പനിയുടെ പ്രവര്‍ത്തനം.
മാന്‍മെക്കിനെ ഏറ്റെടുത്തതിലൂടെ വളര്‍ച്ചയുടെയും നൂതനത്വത്തിന്റെയും പുതിയ ഘട്ടത്തിലേക്കാണ് കടക്കുന്നതെന്ന് സെന്റലണ്‍ സൊല്യൂഷന്‍സിന്റെ സിഇഒ അജിത് സ്റ്റീഫന്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ബിസനസ് മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച സേവനം ഇതിലൂടെ വാഗ്ദാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
“ആധുനിക സാങ്കേതികവിദ്യയിലെ നൂതനത്വം പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം അത് വാണിജ്യപരമായി ഉപയോഗിക്കാനുള്ള പ്രതിബദ്ധതയുടെ ഉദാഹരണമാണ് ഈ ഏറ്റെടുക്കല്‍. ആഗോള വിശ്വാസ്യതയുള്ള ബ്രാന്‍ഡെന്ന നിലയില്‍ കൂടുതല്‍ മേഖലകളിലേക്ക് കടക്കാനും ഈ തീരുമാനത്തിലൂടെ സാധിക്കും.”