വ്യവസായ പ്രമുഖനും മനുഷ്യസ്നേഹിയുമായ രത്തൻ ടാറ്റ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വ്യവസായികളിൽ ഒരാളാണ്. നിരവധി കാര്യങ്ങളിൽ അദ്ദേഹം മാർഗനിർദ്ദേശങ്ങൾ നൽകാറുണ്ട്. സോഷ്യൽ മീഡിയയിൽ ടാറ്റ സൺസിന്റെ മുൻ ചെയർമാൻ ഇട്ടൊരു പോസ്റ്റാണ് ഇപ്പോൾ വൈറൽ. ട്വിറ്ററിലെ തന്റെ 12.5 ദശലക്ഷത്തിലധികം ഫോളോവേഴ്സിനും ഇൻസ്റ്റാഗ്രാമിലെ 8.5 ദശലക്ഷത്തിലധികം ആരാധകർക്കുമായാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. രത്തൻ ടാറ്റയ്ക്ക് നായകളോടുള്ള സ്നേഹം പരസ്യമായ രഹസ്യമാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പോസ്റ്റിൽ അത്ഭുതമൊന്നുമില്ലെന്നാണ് ആരാധകർ പറയുന്നത്.
മൺസൂൺ സമയത്ത് വാഹനങ്ങൾ ഓണാക്കുന്നതിന് മുമ്പ് വാഹനത്തിന് താഴെ പരിശോധിക്കണമെന്നാണ് രത്തൻ ടാറ്റയുടെ അഭ്യർത്ഥന.
പൂച്ചകളും നായ്ക്കളും പോലുള്ള തെരുവ് മൃഗങ്ങൾ മഴക്കാലത്ത് കാറിനടിയിൽ അഭയം പ്രാപിക്കാറുണ്ട്. കാറുകൾ ഓണാക്കുന്നതിന് മുൻപ് പരിശോധിച്ചില്ലെങ്കിൽ, കാറുകൾക്ക് താഴെ ഇരിക്കുന്ന മൃഗങ്ങൾക്ക് പരിക്കേൽക്കുകയും കൊല്ലപ്പെടുകയും ചെയ്യും, രത്തൻ ടാറ്റ കുറിച്ചു. ഈ സീസണിൽ മഴ പെയ്യുമ്പോൾ നമുക്കെല്ലാവർക്കും അവർക്ക് താൽക്കാലിക അഭയം നൽകാൻ കഴിയുമെങ്കിൽ അത് വളരെ നല്ല കാര്യമായിരിക്കും, ടാറ്റ ട്വീറ്റ് ചെയ്തു. എന്തായാലും ടാറ്റയുടെ പോസ്റ്റിന് ആരാധകരുടെ അഭിനന്ദന പ്രവാഹമാണ്.

മുംബൈയിലെ ടാറ്റ ഗ്രൂപ്പ് ആസ്ഥാനത്ത് ഒരു പ്രത്യേക മുറി നായ്ക്കൾക്കായി മാറ്റിവച്ചിട്ടുളള രത്തൻ ടാറ്റയുടെ നായ്ക്കളോടുള്ള സ്നേഹം ഹൃദയസ്പർശിയായ പോസ്റ്റുകളിലൂടെ നിരന്തരം വെളിപ്പെട്ടിട്ടുളളതാണ്. ബോംബെ ഹൗസ് 2.0 ലെ കെന്നലിൽ നായകൾക്ക് കുളിക്കുന്നതിനുള്ള പ്രത്യേകം സ്ഥലം, കളിപ്പാട്ടങ്ങൾ, ച്യൂവികൾ, നായ ബിസ്ക്കറ്റുകൾ, താജിലെ അടുക്കളകളിൽ നിന്ന് ദിവസേനയുള്ള വേവിച്ച മാംസം എന്നിവയും ഒരുക്കിയിരിക്കുന്നു.

രത്തൻടാറ്റയുടെ ഓഫീസ് ജനറൽ മാനേജരായ ശന്തനു നായിഡു ടാറ്റയുടെ ശ്രദ്ധ പിടിച്ചുപറ്റിയത് തന്നെ തെരുവ് നായ്ക്കളെ രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള റിഫ്ലക്ടർ കോളറുകൾ നിർമ്മിക്കുന്ന മൃഗ സൗഹൃദ സംരംഭം കാരണമായിരുന്നു.