80-കളിൽ മുംബൈ തെരുവുകളിൽ ഫാബ്രിക് ഡെനിം വിറ്റു നടന്ന കിഷോർ ബിയാനിയെ പറ്റി കേട്ടിട്ടുണ്ടോ. ഇന്ത്യയുടെ റീട്ടെയിൽ ഗോഡ് ഫാദർ! അടുത്ത കാലം വരെ അദ്ദേഹത്തിനായിരുന്നു ആ പദവി. Erstwhile Manz Wear-നെ പറ്റി അറിയാമോ. അതാണ് പിന്നീട് പാന്റലൂൺസ് -Pantaloons-എന്ന ബ്രാൻഡായി ജനഹൃദയങ്ങളിലേക്കെത്തിയത്. പിന്നീടത് Future Group ആയി, 2001-ൽ മാൾ സങ്കല്പങ്ങൾക്കു മറ്റൊരു മാനം നൽകി രാജ്യത്തെ ആദ്യത്തെ ബിഗ് ബസാർ സ്റ്റോർ ജനങ്ങൾക്കായി തുറന്നു കൊടുത്തു.
പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല ഇന്ത്യൻ റീട്ടെയിൽ ഗോഡ് ഫാദറിന്! എന്നാൽ 2008-ൽ കളി മാറി. അക്കാലത്തെ സാമ്പത്തിക മാന്ദ്യം ബിയാനിയെ തെല്ലൊന്നു തളർത്തി. എന്നിട്ടും വീണിടത്തു നിന്നും ഫിനിഷിങ് പോയിന്റിലേക്കു കുതിക്കുകയായിരുന്നു ബിനാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പും ബിഗ് ബസാർ ശൃംഖലയും. പക്ഷെ അവസാന ലാപ്പിൽ കോവിഡ് എന്ന മഹാമാരി തളർത്തികളഞ്ഞു. ഫിനിഷിങ്പോയിന്റിലേക്കെത്താതെ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പ് 2020 ഓടെ തളർന്നു വീണു.
ഇന്നിതാ കണക്കുകൾ നോക്കുമ്പോൾ ഫ്യൂച്ചർ ഗ്രൂപ്പിന് ഏകദേശം 29000 കോടി രൂപയുടെ കടമുണ്ട്, അതിൽ ഫ്യൂച്ചർ റീട്ടെയിലിന്റെ മാത്രം വിഹിതം 21000 കോടി രൂപയാണ്. ഗ്രൂപ്പിന്റെ കമ്പനിയായ ഫ്യൂച്ചർ എന്റർപ്രൈസസും കടബാധ്യതയിലാണ്.
ഇന്ത്യൻ വ്യവസായ ലോകത്തിനു ഇത് വരെ മനസിലാകാത്ത കാര്യം ഇന്ത്യയുടെ റീട്ടെയിൽ രാജാവ് എന്നറിയപ്പെടുന്ന ബിയാനിക്ക് എങ്ങനെ പിഴച്ചു എന്നതാണ്? ഒരുകാലത്ത് ഇന്ത്യയുടെ റീട്ടെയിൽ കിംഗ് എന്ന് അറിയപ്പെട്ടിരുന്ന ഫ്യൂച്ചർ ഗ്രൂപ്പിന്റെ കിഷോർ ബിയാനി ഇപ്പോൾ തന്റെ കമ്പനിയായ ഫ്യൂച്ചർ റീട്ടെയിൽ ഏറ്റെടുക്കാൻ ആളെ നോക്കി കാത്തിരിപ്പാണ്. കോവിഡിന് തൊട്ടു പിന്നാലെ റിലയൻസ് ബിയാനിയെ താങ്ങി നിർത്തിയതാണ്. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിലിന് തന്റെ ബിസിനസ് 24,713 കോടി രൂപയ്ക്ക് ഈ ബിയാനി വിറ്റു . പക്ഷെ ഇന്നും അതിനു വിലങ്ങു തടിയായി നിൽക്കുന്നത് ആമസോണാണ്.
2019 ൽ, ബിയാനി ഫ്യൂച്ചർ കൂപ്പണുകളുടെ 49 ശതമാനം ഓഹരികൾ കരസ്ഥമാക്കിയത് നിയമപോരാട്ടത്തിൽ ആയുധമായി ആമസോൺ പുറത്തെടുത്തു. അതോടെ ഫ്യൂച്ചർ ഗ്രൂപ്പ്- റിലയൻസ് ഇടപാട് സ്റ്റേ ചെയ്യപ്പെട്ടു. ഇന്നിപ്പോൾ ഇ-കൊമേഴ്സ് ഭീമൻ ആമസോണും ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പും നിലവിൽ സിംഗപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്ററിൽ (എസ്ഐഎസി) നിയമ പോരാട്ടത്തിലാണ്.
റിലയന്സിനെതിരെ തിരിഞ്ഞു അക്കിടി പറ്റി ആമസോൺ
2019 ൽ, ഫ്യൂച്ചർ ഗ്രൂപ്പ് കമ്പനിയായ ഫ്യൂച്ചർ കൂപ്പൺസിന്റെ 49 ശതമാനം ഓഹരി ആമസോൺ വാങ്ങി. 1431 കോടി രൂപയ്ക്കാണ് കരാർ ഉറപ്പിച്ചത്, ഫ്യൂച്ചർ റീട്ടെയിലിൽ ഫ്യൂച്ചർ കൂപ്പൺസിന് 9.8 ശതമാനം ഓഹരിയാണുള്ളത്. ഇതുകൂടാതെ, അടുത്ത 3-10 വർഷത്തിനുള്ളിൽ, ഫ്യൂച്ചർ റീട്ടെയിലിന്റെ ഓഹരി വാങ്ങാൻ ആമസോണിന് അർഹതയുണ്ടെന്ന് 2019 ലെ ഇടപാടിൽ ധാരണയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ബിയാനി റിലയൻസുമായി 24,713 കോടി രൂപയ്ക്ക് വില്പന കരാർ ഉണ്ടാക്കിയപ്പോൾ ആമസോൺ ബിയാനിയെ നിയമപോരാട്ടത്തിൽ കുരുക്കി. ഇതുകണ്ട് റിലയൻസും പിന്മാറുകയായിരുന്നു. സത്യത്തിൽ ആമസോണിനും എല്ലാം ഇല്ലാതായി.
ഡെനിം ഫാബ്രിക് വിറ്റു നടന്ന ബിയാനി റീട്ടെയിൽ ഗോഡ്ഫാദറായ കഥ
1980 കളിൽ മുംബൈയിൽ സ്റ്റോൺ വാഷ് ഡെനിം ഫാബ്രിക് വിറ്റാണ് ബിയാനി തന്റെ ബിസിനസ്സ് യാത്ര ആരംഭിച്ചത്. പിന്നീട്, എർസ്റ്റ്വിൽ മാൻസ് വെയർ എന്ന പേരിൽ റീട്ടെയിൽ ബിസിനസ്സിലേക്ക് അദ്ദേഹം പ്രവേശിച്ചു, പിന്നീട് ഇത് പാന്റലൂൺസ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1987-ൽ ഫ്യൂച്ചർ ഗ്രൂപ്പ് നിലവിൽ വന്നു. 2001-ൽ ഗ്രൂപ്പ് ഇന്ത്യയിൽ ആദ്യത്തെ ‘ബിഗ് ബസാർ സ്റ്റോർ’ ആരംഭിച്ചു, 6 വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം 100 സ്റ്റോറുകൾ ഉണ്ടായി. ‘ഫ്യൂച്ചർ ഗ്രൂപ്പ്’ മറ്റ് മേഖലകളിൽ ചിറകു വിരിച്ചു തുടങ്ങി, 2007-ൽ ഫ്യൂച്ചർ ക്യാപിറ്റലിനൊപ്പം ഫ്യൂച്ചർ ജനറൽ ഇൻഷുറൻസും ആരംഭിച്ചു.
ഇന്ത്യയിൽ തരംഗമുണ്ടാക്കിയ ബിഗ്ബസാർ
2001-ൽ ഫ്യൂച്ചർ റീട്ടെയിലിനു കീഴിൽ ആരംഭിച്ച ബിഗ് ബസാർ, ഉയർന്ന വിലക്കുറവിൽ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന റീട്ടെയിൽ സ്റ്റോറുകളുടെ ഒരു ശൃംഖലയായിരുന്നു. നിർമ്മാതാക്കളിൽ നിന്ന് ഉൽപ്പന്നങ്ങൾ നേരിട്ട് ഉറവിടമാക്കുകയും ഉപഭോക്താക്കൾക്ക് കുറഞ്ഞ മാർജിനുകളുടെ ആനുകൂല്യം നൽകുകയും ചെയ്യുക എന്നതായിരുന്നു ബിസിനസ്സ് മോഡൽ. കമ്പനി ക്രമേണ വളർന്ന് ഇന്ത്യയിലെ 125 നഗരങ്ങളിലായി 250 സ്റ്റോറുകളിലെത്തി. ബിയാനി ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കി, പ്രത്യേകിച്ച് ടയർ II നഗരങ്ങളിൽ ബിഗ് ബസാർ എന്ന ആശയം ഉപയോഗിച്ച് സൂര്യനു കീഴിലുള്ള എല്ലാം ഒരൊറ്റ പ്ലാറ്റ്ഫോമിൽ വാഗ്ദാനം ചെയ്യുന്ന ഒരു സൂപ്പർ മാർക്കറ്റ് ഇതാണെന്നു ഇന്ത്യക്കു കാട്ടിക്കൊടുത്തു .
അന്ന് ജനം ഇരച്ചു കയറി, ബിഗ് ബസാറിലേക്ക്.
ആ ജനക്കൂട്ടത്തെ നിയന്ത്രിച്ച തന്ത്രം അടുത്തിടെ കിഷോർ ബിയാനി പങ്കു വച്ചിരുന്നു. ജനക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കാമെന്ന് മനസിലാക്കാൻ താൻ ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ പോയി എന്നാണ്. “ബിഗ് ബസാർ സ്റ്റോറുകളിൽ വലിയ തിരക്ക് ഉണ്ടാകുമ്പോൾ ആ തിരക്ക് എങ്ങനെ നിയന്ത്രിക്കാമെന്ന് മനസിലാക്കാൻ ഞങ്ങൾ തിരുപ്പതി ക്ഷേത്രത്തിൽ പോയി. അവിടത്തെ നിയന്ത്ര സംവിധാനങ്ങൾ മനസിലാക്കി. അതിന്റെ ഒരു ഭാഗം തിരക്കേറിയ സ്റ്റോറുകളിൽ നടപ്പാക്കി. ”
തകർച്ചക്ക് തുടക്കം 2008
2008ലെ സാമ്പത്തിക മാന്ദ്യവും ചില തെറ്റായ തീരുമാനങ്ങളും ഫ്യൂച്ചർ ഗ്രൂപ്പിനെ ബാധിച്ചു. ഫ്യൂച്ചർ റീട്ടെയിലിനൊപ്പം, ഫ്യൂച്ചർ ഗ്രൂപ്പിന്റെ കടബാധ്യത വർദ്ധിക്കാൻ തുടങ്ങി, ഇതുമൂലം കിഷോർ ബിയാനിക്ക് പലതവണ ആസ്തികൾ വിറ്റഴിക്കേണ്ടി വന്നു. 2012-ൽ അദ്ദേഹം പാന്റലൂണിലെ തന്റെ ഭൂരിഭാഗം ഓഹരികളും ആദിത്യ ബിർള ഗ്രൂപ്പിന് വിറ്റു. ഫ്യൂച്ചർ ക്യാപിറ്റൽ ഹോൾഡിംഗ്സിലെ തന്റെ ഭൂരിഭാഗം ഓഹരികളും യുഎസ് പ്രൈവറ്റ് ഇക്വിറ്റിയായ വാർബർഗ് പിൻകസിന് വിറ്റു. എന്നിട്ടും ബിയാനിയെ തേടി ഭാഗ്യം തിരികെ വന്നില്ല. 2019-ൽ, ബിയാനി ഫ്യൂച്ചർ കൂപ്പണുകളുടെ 49 ശതമാനം ഓഹരികൾ ആമസോണിന് വിറ്റു. കടഭാരം ഒരു പരിധിവരെ കുറയ്ക്കാൻ ഇത് തീർച്ചയായും ബിയാനിയെ സഹായിച്ചു, എന്നാൽ ഈ തീരുമാനം പിനീട് അദ്ദേഹത്തിന് റിലയൻസ് രക്ഷകനായെത്തിയ വേളയിൽ വിനയായി മാറി.
രാജ്യത്തിനകത്ത് വർദ്ധിച്ചുവരുന്ന ഇ-കൊമേഴ്സ് നുഴഞ്ഞുകയറ്റം, ഫണ്ടുകളുടെ അഭാവം, വർദ്ധിച്ചുവരുന്ന കടം, മറ്റ് ഘടകങ്ങൾ എന്നിവ ബിസിനസിന് ഹാനികരമായി. കോവിഡിലെ അടച്ചിടൽ കമ്പനിയെ കൂടുതൽ കടത്തിലേക്ക് തള്ളിവിടുകയും ചെയ്തു. പിന്നീട് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിലിന് തന്റെ ബിസിനസ് 24,713 കോടി രൂപയ്ക്ക് ഈ സംരംഭകൻ വിറ്റു. ആ വിൽപ്പനയെ ആമസോൺ വെല്ലുവിളിക്കുകയും ഇടക്കാല സ്റ്റേ നേടുകയും ചെയ്തു.
രക്ഷകനായി റിലയൻസ്, പക്ഷെ തടഞ്ഞു ആമസോൺ
2020-ന്റെ തുടക്കത്തിൽ ഫ്യൂച്ചർ റീട്ടെയ്ൽ കടം തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ ഫ്യൂച്ചർ ഗ്രൂപ്പിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. കൊവിഡ് ലോക്ക്ഡൗണുകളും പ്രതിസന്ധിക്കു ആക്കം കൂടിയതോടെ നിലയില്ലാക്കയത്തിലേക്കു നീങ്ങി ഫ്യൂച്ചർ ഗ്രൂപ്പ്. ബിയാനിക്ക് രക്ഷകനാകാൻ റിലയൻസ് നല്ലൊരു പാക്കേജ് വാഗ്ദാനം ചെയ്തു. നിരവധി മാസത്തെ ചർച്ചകൾക്ക് ശേഷം, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഫ്യൂച്ചർ ഗ്രൂപ്പിന്റെ ആസ്തി 24,713 കോടിക്ക് വാങ്ങാൻ തീരുമാനിച്ചു. ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡ് തങ്ങളുടെ 19 ബിസിനസുകളെ റിലയൻസ് റീട്ടെയിലുമായി ലയിപ്പിക്കാൻ നേരത്തെ സമ്മതിച്ചിരുന്നു. ഫ്യൂച്ചർ ഗ്രൂപ്പിന്റെ ആസ്തി റിലയൻസിൽ വന്നതിന് ശേഷവും അത് കിഷോർ ബിയാനി തന്നെ നടത്തിക്കൊണ്ടിരുന്നു. അതേസമയം, ആമസോണും കിഷോർ ബിയാനിയും തമ്മിലുള്ള ഇടപാട് റിലയൻസുമായുള്ള ഇടപാട് അസാധുവാക്കി. ആമസോൺ റിലയന്സിനെതിരെ സ്റ്റേ വാങ്ങിയതോടെ നിയമ നടപടികളുമായി അവരും രംഗത്തിറങ്ങി.
റിലയൻസ് പല ബിഗ് ബസാർ സ്റ്റോറുകളും അടപ്പിച്ചു. പല സ്റ്റോറുകളും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ കൈകളിലേക്ക് പോയി. അതിനിടെ, ഫ്യൂച്ചർ റീട്ടെയിലിനെതിരെ പാപ്പരത്വ നടപടികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ഓഫ് ഇന്ത്യ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ (എൻസിഎൽടി) ഒരു ഹർജി സമർപ്പിച്ചു, അത് എൻസിഎൽടി അംഗീകരിച്ചു.എന്നാൽ അമേരിക്കൻ ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ ഫ്യൂച്ചർ റീട്ടെയിൽ പാപ്പരായി പ്രഖ്യാപിക്കാൻ ആഗ്രഹിച്ചില്ല. ഫ്യൂച്ചർ റീട്ടെയ്ലിനെ ഇപ്പോൾ പാപ്പരാക്കിയതായി പ്രഖ്യാപിക്കാനുള്ള നടപടികൾ ആരംഭിക്കുന്നത് നിർത്തിവയ്ക്കണമെന്ന് എൻസിഎൽടി യോട് അഭ്യർത്ഥിച്ചു, പക്ഷേ ഫലമുണ്ടായില്ല. ആ പ്രക്രിയയയും തുടരുകയാണ്.
ബിയാനിക്കു പ്രതീക്ഷയുണ്ട് ഒരു കുന്നോളം
ഏകദേശം 29000 കോടി രൂപയുടെ കടമുള്ള കിഷോർ ബിയാനി അടുത്തിടെ ഒരു പോഡ്കാസ്റ്റിനിടെ പറഞ്ഞതിങ്ങനെ. “ജീവിതം വളരെ സങ്കീർണ്ണമല്ല, ലാഭമാണ് ആദ്യം വരുന്നത്” എന്നാണ്. കാരണം ബിയാനിയുടെ പ്രതീക്ഷകൾ റീലിയൻസിനൊപ്പവും അതിനപ്പുറവും തുടരുകയാണ്.
ഒരു റെസല്യൂഷൻ പ്ലാൻ അവതരിപ്പിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച കമ്പനികളുടെ ഒരു ലിസ്റ്റ് ഫ്യൂച്ചർ റീട്ടെയിൽ ഒരു പാപ്പർ ഹർജി അനുബന്ധ ഫയലിംഗിൽ പുറത്തു വിട്ടിരുന്നു. അത് പ്രകാരം മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിൽ, അദാനി ഗ്രൂപ്പ്, ഡബ്ല്യുഎച്ച്എസ്മിത്ത് ട്രാവൽ ലിമിറ്റഡ്, ജിൻഡാൽ പവർ ലിമിറ്റഡ്, ജെസി ഫ്ലവേഴ്സ് അസറ്റ് റീകൺസ്ട്രക്ഷൻ ലിമിറ്റഡ് എന്നിവയുൾപ്പെടെ മൊത്തം 49 കമ്പനികൾ കിഷോർ ബിയാനിയുടെ ഫ്യൂച്ചർ റീട്ടെയിൽ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിൽ ഫ്യൂച്ചർ റീട്ടെയിൽ പാപ്പരത്ത പ്രക്രിയയിലൂടെ കടന്നുപോകുന്നു, അതവസാനിപ്പിച്ച് ഉടൻ തന്നെ പുതിയ ഉടമയെ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് കിഷോർ ബിയാനി .