കേരളത്തിലെ തീർത്ഥാടക- പൈതൃക വിനോദ സഞ്ചാരികളെ തേടി IRCTC യുടെ ഭാരത് ഗൗരവ് ട്രെയിൻ കേരളത്തിലെത്തുന്നു. ഉജ്ജയിൻ, ഹരിദ്വാർ, ഋഷികേശ്, കാശി, അയോദ്ധ്യ, അലഹബാദ് തുടങ്ങിയ തീർത്ഥാടന- പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കുവാനാണ് ഇത്തവണ കേരളത്തിൽനിന്നും പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ ആണ് IRCTC ഒരുക്കുന്നത്.

ഭാരതത്തിലെ പുരാണങ്ങളിലും, ഉപനിഷത്തുകളിലും പ്രതിപാദിച്ചിരിക്കുന്ന പുണ്യസ്ഥലങ്ങളും, ചരിത്രവും പൗരാണികതയും സമ്മേളിക്കുന്ന തീർത്ഥാടന കേന്ദങ്ങളും സന്ദർശിക്കുവാൻ അവസരവുമായി ഭാരത സർക്കാർ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് (ഐ.ആർ.സി.ടി.സി) ഭാരത് ഗൗരവ് ട്രെയിൻ ടൂർ പാക്കേജ് അവതരിപ്പിക്കുന്നു.
ഭാരത സർക്കാരിന്റെ “ദേഖോ അപ്നാ ദേശ്”, “ഏക് ഭാരത് ശ്രേഷ്ഠ ഭാരത്” എന്നീ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് ഇന്ത്യൻ റെയിൽവേ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ സർവീസുകൾ നടത്തുന്നത് . ഈ വിഭാഗത്തിലെ അടുത്ത ട്രെയിൻ യാത്ര 2023 ജൂലൈ 20-ന് കേരളത്തിൽനിന്നും യാത്രതിരിച്ച് “ഉജ്ജയിൻ, ഹരിദ്വാർ, ഋഷികേശ്, കാശി, അയോദ്ധ്യ, അലഹബാദ്” എന്നിവിടങ്ങൾ സന്ദർശിച്ച് ജൂലൈ 31-ന് തിരികെ വരുന്നു.

ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ കേരളത്തെ എത്തിക്കുക ഇവിടൊക്കെ
ജ്യോതിർലിംഗങ്ങളിലെ ഏക സ്വയംഭൂലിംഗമായ ദ്വാദശജ്യോതിർലിംഗങ്ങളിൽപ്പെടുന്ന മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിൽ രുദ്രസാഗർ തടാകകരയിൽ സ്ഥിതി ചെയ്യുന്ന ശ്രീ മഹാകാലേശ്വർ ക്ഷേത്രം, നർമദ നദിയിൽ ശിവപുരി എന്ന ദ്വീപിൽ സ്ഥിതിചെയ്യുന്ന ജ്യോതിർലിംഗക്ഷേത്രങ്ങളിലൊന്നായ ഓംകാരേശ്വർ ക്ഷേത്രം.

ഉത്തരാഖണ്ഡ് സംസ്ഥാനത്തിൽ ഗംഗാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ദൈവത്തിലേക്കുള്ള വഴി എന്ന അർത്ഥം വരുന്ന പുണ്യ നഗരമായ ഹരിദ്വാറും അവിടെ ഗംഗ നദിയിലെ ആരതിയും, ഹിമാലയത്തിലേക്കുള്ള പ്രവേശനകവാടം എന്നറിയപ്പെടുന്ന ഹിന്ദുക്കളുടെ പുണ്യനഗരമായ ഋഷികേശിലെ ക്ഷേത്രങ്ങളും അവിടത്തെ പ്രധാന ടൂറിസ്റ്റ് ആകർഷണമായ രാം ഝൂല എന്നിവിടങ്ങളിൽ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ യാത്രക്കാരുമായെത്തും.

ഉത്തർ പ്രദേശ് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന, ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഹിന്ദുക്കളുടെയും, ബുദ്ധമതക്കാരുടേയും, ജൈനമതക്കാരുടേയും പുണ്യ നഗരമായ കാശിയിലെ (വാരാണസി) തീർത്ഥാടന കേന്ദ്രങ്ങളായ കാശി വിശ്വനാഥ ക്ഷേത്രം, വിശാലാക്ഷി ക്ഷേത്രം, കാല ഭൈരവ ക്ഷേത്രം, പ്രശസ്തമായ കാശിയിലെ ഗംഗ ആരതി, ശ്രീബുദ്ധൻ ആദ്യമായി ധർമപ്രഭാഷണം നടത്തിയ ഗംഗ-ഗോമതി നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ബുദ്ധമതസ്തരുടെയും ജൈനമതസ്തരുടെയും തീർത്ഥാടന കേന്ദ്രവും, അശോക സ്തംഭം ഉൾപ്പെടെ നിരവധി പ്രത്യേക കാഴ്ചകൾ സമ്മാനിക്കുന്നതുമായ സാരാനാഥ്, പുരാതന ഇന്ത്യയിലെ മഹാജനപദങ്ങളിലൊന്നായ കോസല രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന അയോദ്ധ്യയിലെ രാമക്ഷേത്രവും മറ്റു ക്ഷേത്രങ്ങളും, അവിടെ പുണ്യനദിയായ സരയു നദിയും.
ഗംഗ-യമുന-സരസ്വതി എന്നീ പുണ്യ നദികളുടെ സംഗമകേന്ദ്രമായ പ്രയാഗ്രാജിലെ (അലഹബാദ്) ത്രിവേണി സംഗമം തുടങ്ങി വേദ കാലഘട്ടം മുതൽ ഇങ്ങോട്ടുള്ള ചരിത്രം പേറുന്ന നിരവധി തീർത്ഥാടന കേന്ദ്രങ്ങളും പൈതൃക കേന്ദ്രങ്ങളും ഈ യാത്രയിലൂടെ സന്ദർശിക്കാവുന്നതാണ്.

സ്ലീപ്പർ ക്ലാസും, 3 ടയർ എസി സൗകര്യവുമുള്ള അത്യാധുനികമായ എൽ.എച്ച്.ബി ട്രെയിനിൽ യാത്രക്കാരുടെ സുരക്ഷക്കായി എല്ലാ കോച്ചുകളിലും സുരക്ഷാ ജീവനക്കാരുടെ സേവനവും അത്യാധുനികമായ സിസിടിവി ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്. യാത്രാ ഇൻഷ്വറൻസ് റെയിൽവേ ഉറപ്പാക്കും. ഒരു തീർത്ഥാടന യാത്ര എന്നതിലുപരി ഭാരതത്തിന്റെ സമ്പന്നമായ പൈതൃകം പേറുന്ന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനാൽ ചരിത്ര കുതുകികളായ ടൂറിസ്റ്റുകൾക്കും ഈ യാത്ര ഉപകാരപ്രദമാണ്.
എസി 3 ടയർ, സ്ലീപ്പർ ക്ലാസ് എന്നിവ ചേർന്ന് ആകെ 754 വിനോദസഞ്ചാരികളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ.
വിനോദസഞ്ചാരികൾക്ക് കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷൻ, പോടന്നൂർ ജംഗ്ഷൻ, ഈറോഡ് ജംഗ്ഷൻ, സേലം എന്നിവിടങ്ങളിൽ നിന്ന് ട്രെയിൻ കയറാവുന്നതാണ്.

നോൺ എ.സി ക്ലാസ്സിലെ യാത്രയ്ക്ക് സ്റ്റാൻഡേർഡ് എന്ന വിഭാഗത്തിൽ ഒരാൾക്ക് 24350/- രൂപയും തേർഡ് എ.സി ക്ലാസ്സിലെ യാത്രയ്ക്ക് കംഫർട്ട് എന്ന വിഭാഗത്തിൽ ഒരാൾക്ക് 36340/- രൂപയുമാണ്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും IRCTC വെബ്സൈറ്റ് – https://bit.ly/3JowGQa സന്ദർശിക്കാം.