ചാട്ടും നൂഡിൽസും ദോശയുമായി ഇ-മാലിന്യത്തിനു എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ട്. അങ്കൂർ ത്യാഗി നിഷ്പ്രയാസം അവ തമ്മിൽ കണക്റ്റ് ചെയ്യും. കാരണം നൂഡില്സിനും ദോശക്കും കയ്പായിരുന്നെങ്കിൽ ഇ മാലിന്യത്തിനു മധുരമാണ് അങ്കുർ ത്യാഗിക്ക്. കാര്യമിതാണ്.

അങ്കൂർ ആദ്യം തുടങ്ങിയ റസ്റ്ററന്റ് നല്ല സുന്ദരമായി ഒരു ലക്ഷത്തിന്റെ മുടക്കു നിക്ഷേപവും ആവിയാക്കി അങ്ങ് പൂട്ടികെട്ടി. എന്നാൽ അങ്കൂറിന്റെ മനസ്സിൽ വളരെ വ്യത്യസ്തമായ  ഒരു പ്ലാൻ ബി ഉണ്ടായിരുന്നു. അതാകട്ടെ ഇന്ന് അങ്കൂറിനെ ഒരു ധനികനായ വ്യവസായിയാക്കി മാറ്റി. ഏതാണാ സംരംഭമെന്നല്ലേ ലിഥിയം അയൺ ബാറ്ററി റീസൈക്ലിംഗ് കമ്പനി.

ആദ്യ ശ്രമത്തിൽ തോറ്റു തുന്നം പാടിയെങ്കിലും അങ്ങനങ്ങു വിട്ടു കൊടുക്കാനാകില്ലെന്ന തീരുമാനമാണ് ഉത്തർപ്രദേശിലെ മീററ്റുകാരൻ അങ്കൂർ ത്യാഗിയെ വിജയിച്ച ബിസിനസുകാരനാക്കി മാറ്റിയത്. 2009-ൽ 1 ലക്ഷം രൂപ നിക്ഷേപിച്ച് ആരംഭിച്ച ആദ്യ സംരംഭം തൊഴിലാളി പ്രശ്നങ്ങളെ തുടർന്ന് പൂട്ടി പോയത്തോടെ തളരാതെ  അങ്കൂർ പുതിയ മേഖലയിൽ പുതിയ സാധ്യതകൾ തേടിത്തുടങ്ങി. അമ്മയിൽ നിന്ന് കടമായി വാങ്ങിയ 6 ലക്ഷം രൂപയുമായി തുടങ്ങിയ പുതിയ സംരംഭം മൂന്ന് വർഷത്തിനിടെ 35 കോടി വിറ്റുവരവിലേക്ക് ഉയർന്നു. ലിഥിയം അയൺ ബാറ്ററി റീസൈക്ലിംഗ് രംഗത്തുള്ള കമ്പനി വളർച്ചയുടെ പുതിയ തലത്തിലേക്ക് ഉയരുകയാണ്.  

2009-ൽ മീററ്റിൽ ഫിനാൻസ് വിഷയത്തിൽ എംബിഎയ്ക്ക് ചേർന്നതോടെയാണ് ആദ്യ സംരംഭം ആരംഭിക്കുന്നത്. പഠനത്തോടൊപ്പം സുഹൃത്തിനൊപ്പം ചേർന്ന് ഗാസിയാബാദിൽ റെസ്റ്റോറന്റ് ആയിരുന്നു ആദ്യ സംരംഭം. 1 ലക്ഷം രൂപയുടെ നിക്ഷേപമാണ് അങ്കൂറിനുണ്ടായിരുന്നത്. ചാട്ടും നൂഡിൽസും ദോശയും വില്പനയിലൂടെ സജീവമായിരുന്ന റസ്റ്റോറന്റ് 2 വർഷത്തിനുള്ളിൽ തൊഴിലാളി പ്രശ്നം കാരണം അടച്ചു പൂട്ടി.

ആദ്യ സംരംഭത്തിൽ കൈ പൊള്ളിയ അങ്കൂർ സംരംഭക മോഹങ്ങൾക്ക് അവധി നൽകി  തുടർ പഠനത്തിനായി ജയ്പുരിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലേക്ക് പോയി. 2014-ൽ കോഴ്‌സ് പൂർത്തിയാക്കിയ ശേഷം ഗാസിയാബാദിലെ ജസ്റ്റ് ഡയലിൽ സെയിൽസ് മാനേജരായി. പിന്നീട് പനാസോണിക്കിലേക്ക് മാറിയപ്പോഴാണ് പുതിയ ബിസിനസ് ആശയം ലഭിക്കുന്നത്. പനാസോണിക്കിൽ വെയർഹൗസ് മാനേജരായ അങ്കൂർ സ്ഥിരം കാണുന്നത്  ഇലക്ട്രോണിക് മാലിന്യങ്ങളായിരുന്നു. അവിടെ നിന്നുമാണ് എന്തുകൊണ്ട് ഈ മാലിന്യങ്ങൾ സംസ്കരിച്ചു പുതിയത് നിർമിച്ചുകൂടാ എന്ന ആശയം മനസിലുദിച്ചത്.  

ഇ-മാലിന്യങ്ങളെ പറ്റി പഠിച്ച അങ്കൂർ 2016-ൽ സുഹൃത്തുമായി ചേർന്ന് സിപ്‌ട്രെക്‌സ് ക്ലീൻടെക് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിച്ചു.  ലിഥിയം അയൺ ബാറ്ററി മാലിന്യങ്ങൾ റീസൈക്ലിംഗ് കമ്പനിക്ക് കൈമാറുന്നതായിരുന്നു ബിസിനസ്. 2020 ഓടെ സിപ്ട്രെക്സിനെ നിലനിർത്തി ബാറ്ററികൾ റീസൈക്കിൾ ചെയ്യുന്ന   പ്രഥ്വി ക്ലീൻ ടെക് എന്ന പേരിൽ റീസൈക്ലിംഗ് കമ്പനിയും ആരംഭിച്ചു. കേടായതും ഉപയോഗശൂന്യവുമായ ബാറ്ററികളുടെ ശാസ്ത്രീയ റീസൈക്ലിംഗാണ്  6 ലക്ഷം രൂപ മൂലധനത്തിൽ ആരംഭിച്ച കമ്പനി ചെയ്യുന്നത്.  

അഞ്ച് ജീവനക്കാരുമായി തുടങ്ങിയ കമ്പനിക്ക് ഇന്ന് 40 ജീവനക്കാരും 35 മറ്റ് കരാർ തൊഴിലാളികളുമുണ്ട്. 2021-ൽ  ഇലക്ട്രിക് വാഹനങ്ങളിൽ നിന്നും 40 മെട്രിക് ടൺ ഇ-മാലിന്യം റീസൈക്കിൾ ചെയ്യാനുള്ള ശേഷിയുള്ള ഫാക്ടറി മീററ്റിലും ആരംഭിച്ചു. മൂന്നു വർഷത്തിനിടെ 35 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി  നടത്തിയത്. ആദ്യ വർഷത്തിൽ 12 കോടിയായിരുന്നു കമ്പനിയുടെ ആകെ വില്പന. നടപ്പു സാമ്പത്തിക വർഷം 14 കോടി രൂപയുടെ ബിസിനസ് ഇതുവരെ നടത്തിയ കമ്പനി 50 കോടി രൂപയിൽ ക്ലോസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്‌ട്രിക് വാഹനങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച്, ലിഥിയം അയൺ ബാറ്ററി മാലിന്യം രാജ്യത്ത്

വർധിക്കുന്നത് അങ്കൂറിന്റെ ബിസിനസ് പ്രതീക്ഷകൾ വളർത്തുകയാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version