ഏറ്റെടുത്ത ബിസിനസുകളിലെല്ലാം വെന്നിക്കൊടി പാറിച്ച ചരിത്രമാണ് ലോകശതകോടീശ്വരനായ ഇലോൺ മസ്കിനുളളത്. ഇലക്ട്രിക് കാറുകൾ, ബഹിരാകാശ പര്യവേക്ഷണം, സോഷ്യൽ മീഡിയ എന്നിവയിലെ തന്റെ സംരംഭങ്ങൾക്ക് പേരുകേട്ട സംരംഭകനായ ഇലോൺ മസ്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്കും കൈ വച്ചിരിക്കുകയാണ്. ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിക്ക് ബദലാകാൻ ഏറെ പ്രതീക്ഷയോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പ്, xAI അവതരിപ്പിച്ചിരിക്കുകയാണ് മസ്ക്.
ഓപ്പൺ AIയെയും ഗൂഗിളിന്റെ ബാർഡിനെയും മൈക്രോസോഫ്റ്റിന്റെ ബിംഗ് എഐയെയും അടക്കം AI രംഗത്തെ പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളുടെ ആധിപത്യത്തെ വെല്ലുവിളിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സാൻ ഫ്രാൻസിസ്കോ ബേ ഏരിയ കേന്ദ്രീകരിച്ചുള്ള പുതിയ സ്റ്റാർട്ടപ്പ് ഓപ്പൺഎഐ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ടെസ്ല എന്നിവയിൽ മുമ്പ് പ്രവർത്തിച്ചിരുന്ന മികച്ച AI ഗവേഷകരുടെ ഒരു സംഘത്തെയാണ് നിയമിച്ചിരിക്കുന്നത്. സ്റ്റാർട്ടപ്പിന്റെ പ്രധാന ലക്ഷ്യം “പ്രപഞ്ചത്തിന്റെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കുക” എന്നതാണെന്ന് മസ്ക് പറയുന്നു. AI ‘പക്ഷപാതിത്വം’ നേരിടാൻ താൻ ‘TruthGPT’ സൃഷ്ടിക്കുമെന്ന് ഇലോൺ മസ്ക് നേരത്തെ പറഞ്ഞിരുന്നു. ട്വിറ്ററിന്റെ പുതിയ മാതൃ കമ്പനിയായ എക്സ് കോർപ്പറേഷനിൽ നിന്ന് ഇത് സ്വതന്ത്രമായിരിക്കും. എന്നാൽ ആ കമ്പനിയുമായും ടെസ്ലയുമായും ഇത് ചേർന്ന് പ്രവർത്തിക്കും.
സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഗവേഷണ ലാബിൽ നിന്ന് പിറവിയെടുത്ത OpenAI-യുടെ ഒരു സഹസ്ഥാപകനും ആദ്യകാല നിക്ഷേപകനും ആയിരുന്നു മസ്ക്. കഴിഞ്ഞ വർഷം ChatGPT റിലീസിലൂടെ ആഗോള പ്രാധാന്യവും വാണിജ്യ വിജയവും നേടുകയും മൈക്രോസോഫ്റ്റുമായുള്ള സാമ്പത്തിക ബന്ധം ഉറപ്പിക്കുകയും ചെയ്തതിനാൽ OpenAI-യെ മസ്ക് കൂടുതൽ വിമർശന ബുദ്ധിയോടെയാണ് സമീപിച്ചിരുന്നത്.
ഏപ്രിലിൽ ഫോക്സ് ന്യൂസ് അവതാരകൻ ടക്കർ കാൾസണോട് മസ്ക് നടത്തിയ അഭിപ്രായങ്ങളിൽ ഇത് പ്രകടമായിരുന്നു. ഓപ്പൺഎഐയുടെ ജനപ്രിയ ചാറ്റ്ബോട്ടിന് ലിബറൽ പക്ഷപാതിത്വമുണ്ടെന്നും “പ്രപഞ്ചത്തിന്റെ സ്വഭാവം മനസ്സിലാക്കാൻ ശ്രമിക്കുന്ന പരമാവധി സത്യാന്വേഷണ AI” ആയ ഒരു ബദൽ താൻ പദ്ധതിയിട്ടിട്ടുണ്ടെന്നും മസ്ക് കാൾസണോട് പറഞ്ഞു. AI സംവിധാനങ്ങൾ മനുഷ്യരാശിക്ക് അസ്തിത്വപരമായ അപകടസാധ്യത ഭാവിയിലുണ്ടാക്കാമെന്ന ആശങ്കയും മസ്ക് പ്രകടിപ്പിച്ചു. മനുഷ്യരാശിയെ മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ഒരു AI അതിനെ നശിപ്പിക്കാനുള്ള സാധ്യത കുറവാണ് എന്നതാണ് മസ്കിന്റെ ആശയം. ഓപ്പൺഎഐയുടെ ഏറ്റവും പുതിയ മോഡലായ GPT-4-നേക്കാൾ ശക്തമായ സംവിധാനങ്ങൾ നിർമ്മിക്കുന്നതിന് മുമ്പ് AI ഡവലപ്പർമാരോട് ആറ് മാസത്തെ ഇടവേള വേണമെന്ന് ആവശ്യപ്പെട്ട ടെക് പ്രമുഖരിൽ ഒരാളാണ് മസ്ക്.