‘നമ്മ യാത്രി’ ആപ്പിന്റെ വിജയത്തിന് ശേഷം ബെംഗളൂരുവിലെ ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂണിയൻ ഇപ്പോൾ മറ്റൊരു പുതിയ ആപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ‘മെട്രോ മിത്ര’ ആപ്പ് ബംഗളൂരു മെട്രോ സ്റ്റേഷനുകളിലേക്കും പുറത്തേക്കും അവസാന മൈൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും വർധിപ്പിക്കാനും സഹായിക്കുമെന്നും സ്റ്റാൻഡേർഡ് മീറ്റർ സംസ്കാരം പുനരുജ്ജീവിപ്പിക്കുമെന്നുമാണ് കരുതുന്നത്.
‘മെട്രോ മിത്ര’ ആപ്പ് ജൂലൈ 17 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗത്തിൽ വരുമെന്നാണ് റിപ്പോർട്ട്. അവസാന മൈൽ കണക്റ്റിവിറ്റിക്കായി മീറ്റർ നിരക്ക് മോഡൽ പുനരവതരിപ്പിക്കുകയാണ് ഈ പുതിയ ആപ്ലിക്കേഷന്റെ ലക്ഷ്യമെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു.
ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുക മാത്രമല്ല, ഓട്ടോ ഡ്രൈവർമാരെ മുഖ്യധാരാ ഓട്ടോ സർവീസുകളിലേക്ക് കൊണ്ടുവരികയും ചെയ്യുകയും ആപ്പിന്റെ ലക്ഷ്യമാണ്. സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി മീറ്റർ സംസ്കാരം തിരികെ കൊണ്ടുവരാൻ ആപ്പിലൂടെ ലക്ഷ്യമിടുന്നു.
ബിഎംആർസിഎല്ലിന്റെ വാട്ട്സ്ആപ്പ് ചാറ്റ് ബോട്ട് ഫീച്ചർ വഴി ഒരു യാത്രക്കാരൻ മെട്രോ യാത്രയ്ക്കായി ടിക്കറ്റ് വാങ്ങിയിട്ടുണ്ടെങ്കിൽ, ആ യാത്രക്കാരന് അവസാന മൈൽ കണക്റ്റിവിറ്റിക്കായി ലക്ഷ്യസ്ഥാനത്തേക്ക് ഒരു തവണ ഓട്ടോ റൈഡ് ബുക്ക് ചെയ്യാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും. ഓട്ടോഡ്രൈവർമാർക്കായി ക്രമീകരിച്ച മെട്രോ മിത്ര സോണിൽ നിന്ന് ഡ്രൈവർമാർ യാത്രക്കാരനെ കയറ്റും. യാത്രക്കാർ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ, മീറ്റർ ചാർജും 10 രൂപ അധിക നിരക്കും അനുസരിച്ച് യാത്രയ്ക്കായി പണം നൽകും. അതുപോലെ, ഒരു യാത്രക്കാരന് ഒരു മെട്രോ സ്റ്റേഷനിൽ എത്തണമെങ്കിൽ, അതത് സ്ഥലങ്ങളിൽ നിന്ന് ഒരു ഓട്ടോ റൈഡ് ബുക്ക് ചെയ്യാം.