കാസർഗോഡ് – തൃശൂർ 6 വരി അടുത്തവർഷത്തോടെ..
ജീവിത നിലവാരത്തിലും വിദ്യാഭ്യാസത്തിലും തുടങ്ങി വിവിധ രംഗങ്ങളിൽ കേരളത്തിന്റെ മികവ് അന്തർദേശീയ തലത്തിലാകുമ്പോഴും സംസ്ഥാനത്തിന്റെ വീർപ്പമുട്ടൽ സൗകര്യങ്ങളില്ലാത്ത റോഡുകളായിരുന്നു. ദേശീയപാതകൾ കേരളത്തിന് പുറത്ത് വിശാലവും ശാസ്ത്രീയവുമായ വേഗവഴികളായപ്പോഴും കേരളം കഷ്ടിച്ച് രണ്ട് വാഹനങ്ങൾക്ക് മാത്രം പോകാവുന്ന ഇടുങ്ങിയ റോഡുകളിൽ കിതച്ചു.
കേരളത്തിന്റെ വികസനത്തിന് പ്രധാനതടസ്സം മികച്ച അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണെന്ന് സംസ്ഥാനം ഭരിച്ച സർക്കാരുകൾക്കൊക്കെ മനസ്സിലായെങ്കിലും ഇശ്ചാശക്തിയോടെ ദേശീയ പാതാവികസനവുമായി മുന്നോട്ട് പോകാനും സ്ഥലം ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള വൈകാരിക വിഷയങ്ങളിൽ സമവായം കണ്ടെത്താനുമാകാതെ പോയി. അങ്ങനെ സംസ്ഥാനത്തെ പാതകളുടെ വികസനം ഒരു സ്പ്നം മാത്രാമായി മാറുകയും ഇടത് വലത് സർക്കാരുകൾ പലകാലങ്ങളിൽ എടുത്ത ശ്രമങ്ങൾ ഏതാണ്ട് പാഴാകുന്ന ഘട്ടവുമെത്തി. 2016ൽ അധികാരത്തിൽ വന്ന പിണറായി വിജയൻ സർക്കാർ കേരളത്തിലെ ദേശീയപാതകളുടെ വികസനത്തിന് പുതിയ നിർദ്ദേശങ്ങൾ ആരാഞ്ഞു.
NH 47 അടക്കമുള്ള ദേശീയപതാകളുടെ വീതികൂട്ടൽ പദ്ധതിക്ക് ചലനം വെച്ചു. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം ഏറ്റവും ഊർജ്ജിതമായ പ്രവർത്തനം ദേശീയപാത വികസനം തന്നയയായിരുന്നു. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്, അസാധാരണമായ ഇശ്ചാശക്തിയും ഏകോപനവും സാധ്യമാക്കിയതോടെ കാസർഗോഡ്-തിരുവനന്തപുരം 6 വരി സ്വപ്നപാതയാകുകയാണ്. ചാനൽ അയാം ഫൗണ്ടറും സിഇഒയുമായ നിഷ കൃഷ്ണന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ കേരളത്തിലെ റോഡ് വികസനത്തെക്കുറിച്ചും, പുതിയ ദിശാബോധത്തോടെ മുന്നോട്ട് പോകുന്ന ടൂറിസം നയത്തെക്കുറിച്ചും അദ്ദേഹം തുറന്ന് സംസാരിക്കുന്നു. അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ.
പിഎ മുഹമ്മദ് റിയാസ്: 2016-ലെ ഞങ്ങളുടെ ഗവൺമെന്റ് വരുന്ന സമയത്ത് ഈ പദ്ധതി ഉപേക്ഷിക്കപ്പെട്ട പോലെയായിരുന്നു. പിന്നെ മുഖ്യമന്ത്രി തന്നെ മുൻകൈയെടുത്തു. കേന്ദ്രഗവൺമെന്റ്, പ്രധാനമന്ത്രിയായൊക്കെ ചർച്ച ചെയ്തു. ഭൂമിയേറ്റെടുക്കലാണ് പ്രശ്നം. കേരളത്തിന്റെ പ്രത്യേകത ഒരു സ്ക്വയർ കിലോമീറ്ററിൽ 856 മനുഷ്യർ ജീവിക്കുന്നു. ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ്. ഭൂമിയേറ്റെടുക്കാൻ മറ്റു സംസ്ഥാനങ്ങൾ പോലെ കേരളത്തിൽ എളുപ്പമല്ല. ജനസാന്ദ്രത കൂടുതലാണ്.
സംസ്ഥാനസർക്കാരിന്റെ മുൻപിൽ പിന്നെയുളള വഴി കേന്ദ്രഗവൺമെന്റ് കൂടുതൽ പണം നൽകാൻ തയ്യാറാല്ലാത്ത സ്ഥിതി വന്നപ്പോൾ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ദേശീയപാതവികസനത്തിലെ ഭൂമി ഏറ്റെടുക്കലിന് 25% തുക സംസ്ഥാന ഗവൺമെന്റ് ചിലവഴിക്കാൻ തയ്യാറായി, 5600 കോടി. ഈ ഗവൺമെന്റ് വന്നപ്പോൾ ഞങ്ങൾ എല്ലാ രണ്ടാഴ്ചയിലും ഇതിന്റെ റിവ്യു നടത്തി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മുഖ്യമന്ത്രി തന്നെ യോഗം നടത്തും. ഇപ്പോൾ മരങ്ങള് മുറിച്ചു മാറ്റണം, കേരളത്തിലെ വനംവകുപ്പാണ് ഇടപെടേണ്ടത്. വൈദ്യുതി പോസ്റ്റ്-വൈദ്യുതി ലൈൻ മാറ്റണം, കേരളത്തിലെ വൈദ്യുതി വകുപ്പാണ് ഇടപെടേണ്ടത്. ജിയോളജിസ്റ്റിന്റെ ആവശ്യകത, മെറ്റീരിയലിന്റെ ആവശ്യകത, കേരളത്തിലെ വ്യവസായ വകുപ്പാണ് ഇടപെടേണ്ടത്.
ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ റവന്യു വകുപ്പ്, പൊതുമരാമത്ത് വകുപ്പ് ഇങ്ങനെ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് മുഖ്യമന്ത്രി തന്നെ യോഗം നടത്തും. ഞങ്ങള‍് സൈറ്റുകളിലേക്ക് പോകും. രണ്ടാഴ്ചയിലെ റിവ്യു യോഗങ്ങൾക്ക് പുറമേ ദേശീയപാതാ അതോറിറ്റിയുമായി ചേർന്ന് ഞങ്ങള‍് സൈറ്റുകളിലേക്ക് പോകും. ദേശീയപാതാ അതോറിറ്റി തന്നെ കേരളത്തിലെ ഗവൺമെന്റിന്റെ ഇടപെടലിനെ അഭിനന്ദിച്ചിട്ടുണ്ട്. ഹിന്ദു പോലുളള നൂറ്റാണ്ടിന്റെ പാരമ്പര്യമുളള പത്രങ്ങൾ തന്നെ കേരളത്തെ ഇക്കാര്യത്തിൽ കണ്ടു പഠിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. പൊതുവേ മലയാളിയുടെ ചിരകാല സ്വപ്നം, കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ, ആറുവരി 2025ഓടെ പൂർത്തികരിക്കാനാകും. കാസർഗോഡ് മുതൽ തൃശ്ശൂർ വരെ അത്രയും കാലവും വേണ്ടതില്ല. 2024 ആകുമ്പോഴേയ്ക്കും ഏറെക്കുറെ പൂർത്തീകരിക്കാനാകും.
നിഷ കൃഷ്ണൻ: പക്ഷേ അതിനകത്ത് ഒരു കാര്യം അങ്ങ് നേരത്തെ സൂചിപ്പിച്ചത് പോലെ തന്നെ കേന്ദ്രത്തിന്റെ ഒരു സമീപനം, നിതിൻ ഗഡ്കരിയെ പോലെ ഒരു മന്ത്രിയുടെ ഇച്ഛാശക്തിയും ഒരു പ്രധാന ഘടകം തന്നെയല്ലേ?
പിഎ മുഹമ്മദ് റിയാസ്: തീർച്ചയായിട്ടും, നിതിൻ ഗഡ്കരി വളരെ പോസിറ്റീവായ സമീപനമാണ് സ്വീകരിക്കുന്നത്. ഞാൻ അദ്ദേഹവുമായി ചർച്ച നടത്തിയ ഘട്ടങ്ങളിലൊക്കെ എനിക്കത് ഫീൽ ചെയ്തിട്ടുളള കാര്യമാണ്. വളരെ പോസിറ്റീവാണ്. കാര്യങ്ങൾ സംസാരിച്ചാൽ അത് പോസിറ്റീവായി പറയുന്നു. നമ്മൾ ചെയ്ത നല്ലകാര്യങ്ങളെ അദ്ദേഹം തുറന്നഭിനന്ദിക്കുന്നു, അംഗീകരിക്കും. അപ്പോൾ കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ കൊണ്ടുപോകാൻ പറ്റുന്നൊരു സ്ഥിതിയാണുളളത്. ഞങ്ങളുടെ ഇടപെടൽ, പൊതുവെ ഇടയ്ക്കിടെ ഈ യോഗം നടത്തുന്നതും റിവ്യു യോഗങ്ങളിലെ പ്രശ്നങ്ങൾ അദ്ദേഹത്തെ അറിയിക്കേണ്ടത് അദ്ദേഹത്തെ അറിയിക്കുകയും അല്ലാത്തത് ദേശീയപാത അതോറിറ്റിയെ അറിയിക്കേണ്ടത് അങ്ങനെ അറിയിക്കുകയും ഒക്കെ ചെയ്യുന്നു. അതിന്റെ ഭാഗമായിട്ട് കുറെ പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റുന്നു. സമയബന്ധിതമായി കാര്യങ്ങൾ പൂർത്തീകരിക്കാൻ പറ്റുന്നു.
നിഷ കൃഷ്ണൻ: ഈ പണിയെല്ലാം പൂർത്തിയാകുമ്പോൾ വളരെ വിശാലമായ റോഡ് വരുന്നു. സൗകര്യമായിട്ട് ആളുകൾക്ക് സഞ്ചാരിക്കാൻ സാധിക്കുന്നു. അപ്പോൾ ആളുകൾ സ്വാഭാവികമായിട്ടും നല്ല സ്പീഡിൽ സഞ്ചരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. വളരെ പെട്ടെന്ന് എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. പക്ഷേ ഇപ്പോൾ ഒരു AI ക്യാമറ വന്നതോടു കൂടി, അടിസ്ഥാന സൗകര്യവും കൂടുന്നു, AI ക്യാമറ റെസ്ട്രിക്ഷനും കൂടെ വരുമ്പോൾ ആളുകൾക്കൊരു വൈരുദ്ധ്യം തോന്നുന്നില്ലേ അതിൽ?
പിഎ മുഹമ്മദ് റിയാസ്: അത് അപകടം കുറയ്ക്കാൻ കാരണമായി മാറിയിട്ടുണ്ടല്ലോ എന്നാണല്ലോ പുതിയ കണക്ക്. കേരളത്തിലെ അപകടങ്ങളുടെ കണക്ക് പരിശോധിച്ചപ്പോൾ AI ക്യാമറ വച്ചതിന് ശേഷം വലിയ നിലയിൽ കുറഞ്ഞിട്ടുണ്ട്. അപ്പോൾ മനുഷ്യന്റെ ജീവൻ, അതാണല്ലോ ഏറ്റവും വലുത്. അതുപോലെ മനുഷ്യന് മറ്റ് പ്രയാസമോ പരുക്കോ പറ്റാതെ ഇരിക്കുക. അതിനിത് സഹായകരമായിട്ടുണ്ട്. ഇനി എന്തുണ്ടെങ്കിലും ഇത് വേഗത്തിലെത്താനുളള സൗകര്യമായി മാറി. കാസർകോട്ടുന്ന് കോഴിക്കോട്ടെത്താനും കോഴിക്കോട്ടുന്ന് എറണാകുളത്തെത്താനും എറണാകുളത്ത് നിന്ന് തിരുവനന്തപുരത്ത് എത്താനുമൊക്കെ ഇനി വളരെ എളുപ്പമാണ്. അത് കേരളത്തിലെ ഒരു വലിയ മാറ്റമാണ്. ആ മാറ്റം ജനങ്ങൾ കാണുന്നുണ്ട്.
നിഷ കൃഷ്ണൻ: ഹൈവേയുടെയും പാതകളുടെയും ഒക്കെ പണി പൂർത്തിയാകുന്നതോടെ കേരളം അടിസ്ഥാന സൗകര്യവികസനത്തിൽ വലിയ മാതൃകയായി മാറും.
ഒരു മികച്ച അഡ്മിനിസ്ട്രേറ്ററെന്നുളള നിലയിൽ മുഖ്യമന്ത്രിക്ക് ശേഷം തീരുമാനമെടുത്ത് ഇംപ്ലിമെന്റ് ചെയ്യുന്ന ഒരു വ്യക്തി എന്നുളള നിലയിൽ എങ്ങനെയാണ് അങ്ങേയ്ക്കിത് സാധിക്കുന്നത്? ഒരുപക്ഷേ മറ്റാർക്കും കിട്ടാത്തൊരു സപ്പോർട്ട് അങ്ങേയ്ക്കുണ്ടോ?
പിഎ മുഹമ്മദ് റിയാസ്: എല്ലാ മന്ത്രിമാരും ഒരുപോലെ ഇടപെടുന്നുണ്ട്. എല്ലാ മന്ത്രിമാരും അവരുടെ വകുപ്പിൽ നല്ല നിലയിലുളള ഇടപെടലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ മന്ത്രിമാർക്കും നല്ല സപ്പോർട്ട് മുഖ്യമന്ത്രിയായാലും ഞങ്ങൾ മറ്റു മന്ത്രിമാരിൽ നിന്നും ലഭിക്കുന്നുണ്ട്. ഒരു ടീം വർക്കാണ് ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഓരോരുത്തരിലും എന്താണോ ഏല്പിച്ചിട്ടുളളത് അത് കഠിനാധ്വാനം ചെയ്തുകൊണ്ടാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അതെല്ലാ വകുപ്പിലും അതിന്റെ മാറ്റം കാണാനുണ്ട്. എല്ലാ വകുപ്പും, ഞാനിപ്പോൾ ഓരോ വകുപ്പിലും നടന്ന കാര്യം പറയുന്നില്ല. ഇപ്പോൾ വിദ്യാഭ്യാസ വകുപ്പെടുക്കാം.
അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് കുട്ടികൾക്ക് പാഠപുസ്തകം എത്തിക്കുക. അത് വിദ്യാഭ്യാസ വകുപ്പ്മന്ത്രിയുടെ ഒരു നേതൃത്വപാടവത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഞാനിപ്പോൾ ഒരു എക്സാമ്പിളായിട്ട് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു. ഇതേ പോലെ ഓരോ വകുപ്പ് നിങ്ങളെടുത്തോ ആ വകുപ്പുകളിലൊക്കെ ഇത് കാണാൻ വേണ്ടി സാധിക്കും. അത് മന്ത്രിമാർ അവരിലേല്പിച്ച ജോലി വളരെ ഭംഗിയായി നിർവഹിക്കുന്നു എന്നുളളതാണ്, കഴിഞ്ഞ സർക്കാരിലെ പോലെ തന്നെ ഈ സർക്കാരിലെയും പ്രത്യേകത.
നിഷ കൃഷ്ണൻ: Travel + Leisure പോലുളള മാഗസിനുകൾ കേരളത്തെ ഒരു വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി പ്രമോട്ട് ചെയ്യുന്നു. ന്യൂയോർക്ക് ടൈംസ് കേരളം ലോകത്ത് തന്നെ കാണേണ്ട ഒരിടമായി ലിസ്റ്റ് ചെയ്യുന്നു. വിദേശസഞ്ചാരികൾ ഇവിടെ വരുമ്പോൾ വിദേശസഞ്ചാരികൾ പോട്ടെ, നമ്മുടെ നാട്ടിലെ ആളുകൾ തന്നെ പലപ്പോഴും ഈ ഡെസ്റ്റിനേഷനിലേക്കും സ്പോട്ടുകളിലേക്കും പോകുമ്പോൾ അവിടുത്തെ നിരത്തുകൾ, അവിടുത്തെ സ്ഥലങ്ങൾ പലപ്പോഴും ഒരു വൃത്തിയുളള ചുറ്റുപാടിലല്ല ഉളളത്. നമുക്കൊരു റെസ്പോൺസിബിൾ ടൂറിസം പ്രമോട്ട് ചെയ്യുന്നതിന്റെ ഭാഗമായിട്ട് എങ്ങനെയാണ് ആളുകളുടെ ഒരു മനോഭാവത്തിൽ മാറ്റം വരുത്തുന്നതിന് സാധിക്കുക? എന്താണ് നമുക്ക് ചെയ്യാൻ സാധിക്കുക?
പിഎ മുഹമ്മദ് റിയാസ്: ഒന്ന് ശുചിത്വം, അതൊരു പ്രധാന പ്രശ്നമാണ്. അതോരോ പൗരനിലും സ്വയം ഉണ്ടാകേണ്ട ഒരു ചിന്തയാണ്. ഇപ്പോ ഉറവിടമാലിന്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് സർക്കാർ തന്നെ പൊതുവെ കുറെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. എന്നാലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ശുചിത്വത്തിന് ഒരു പ്രത്യേക ഇടപെടൽ അനിവാര്യമാണ്. റോഡുകൾ- റോഡുകൾ ഇപ്പോളെടുത്ത് പരിശോധിച്ചാൽ കേരളത്തിലെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലേക്കുളള റോഡുകൾ, കേരളത്തിലെ ഒരു 20 ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലേക്കുളള റോഡുകൾ ഞാൻ എടുത്ത് നോക്കി. അവിടുത്തെ റോഡുകൾ വിവിധ വകുപ്പുകളുടേതാണ്. ഒന്നുകിൽ LSGDയുടേതാണ്-തദ്ദേശസ്വയംഭരണവകുപ്പ്. അവിടെ ആരാണോ പഞ്ചായത്ത് ആ പഞ്ചായത്തിന്റെ ഭരണത്തിന്റെ കീഴിലാണ് ആ റോഡുകൾ വരുന്നത്. അതല്ലെങ്കിൽ ഇറിഗേഷൻ അതല്ലെങ്കിൽ ഫിഷറീസ് അതല്ലെങ്കിൽ പൊതുമരാമത്ത് വകുപ്പ്, ഇങ്ങനെ വിവിധ വകുപ്പുകളുടേതാണ് റോഡുകൾ. അപ്പോൾ ടൂറിസം കേന്ദ്രങ്ങളിലേക്കുളള റോഡുകൾ പൊതുവെ സർക്കാർ തന്നെ എങ്ങനെ നേരിട്ടത് ഭംഗിയായി കൈകാര്യം ചെയ്യാൻ പറ്റുമെന്നുളള ആലോചന നടത്തേണ്ടതാണ്. അതും പരിശോധിക്കപ്പെടണം. അപ്പോൾ കേരളത്തിൽ തന്നെ 3 ലക്ഷം കിലോമീറ്റർ റോഡുണ്ട്. അതില‍് 30,000 കിലോമീറ്റർ റോഡ് മാത്രമാണ്, PWD റോഡ്. കേരളത്തിലെ ഗ്രാമ ഗ്രാമാന്തരങ്ങളിലെ റോഡ് ടാർ ചെയ്തതായി മാറിയതുകൊണ്ടു മാത്രമാണ് 3 ലക്ഷം കിലോമീറ്റർ ടാർ ചെയ്ത റോഡുകൾ വരുന്നത്. അത് ജനകീയാസൂത്രണം 1996ൽ നടപ്പാക്കിയതിന് ശേഷമാണ്. അപ്പോൾ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുളള റോഡുകളിൽ പ്രത്യേക ശ്രദ്ധ ചെലുത്തി മുന്നോട്ട് പോകേണ്ടത് അനിവാര്യമാണ്.
നിഷ കൃഷ്ണൻ: ഇപ്പോൾ നമുക്കറിയാം ടൂറിസം മേഖലയെന്ന് പറയുന്നത് പ്രധാന വരുമാന സ്രോതസ് തന്നെയാണ്. പക്ഷേ അതിന്റകത്ത് ക്രിയേറ്റാവായിട്ടുളള പ്രോജക്ടുകൾ അവതരിപ്പിക്കുമ്പോഴാണ് പ്രത്യേകിച്ചും ആളുകളെ നമുക്ക് വിദേശത്താണെങ്കിലും ഡൊമസ്റ്റിക് ആളുകളെയും നമുക്ക് അട്രാക്ട് ചെയ്യാൻ സാധിക്കുന്നത്. താങ്കൾ വന്നതിന് ശേഷം അത്തരമൊരു പദ്ധതികൾ സംസ്ഥാനത്തവതരിപ്പിച്ച് അതിന്റെയൊരു മാറ്റം കാണാൻ സാധിച്ചിട്ടുണ്ടോ?
പിഎ മുഹമ്മദ് റിയാസ്: കുറെയേറെ മാറ്റങ്ങൾ ഈ രണ്ടു വർഷത്തിനിടയിൽ വന്നിട്ടുണ്ട്. ഇപ്പോ ബീച്ച് ടൂറിസത്തിൽ മാറ്റം വന്നിട്ടുണ്ട്. ഒരു മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഒരു ടൂറിസം ഉല്പന്നം അവതരിപ്പിച്ചത്, കാരവൻ. കാരവൻ പോളിസി മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. അതിൽ ഇനിയും കുറെ കാര്യങ്ങൾ ചെയ്തു പോകേണ്ടതുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് അതിന്റെ ശ്രമം തുടരുകയാണ്. പിന്നെ നമ്മൾ ഒരുപാട് ഫെസ്റ്റുകൾ സംഘടിപ്പിച്ചുകൊണ്ടു ആളുകളെ ആകെ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ആകർഷിക്കുന്ന നിലയുണ്ടായിട്ടുണ്ട്. അഡ്വഞ്ചർ സ്പോർട്സിന് വലിയ നിലയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ പറ്റി. ഉത്തരവാദിത്ത ടൂറിസം മിഷന് ഒരുപാട് പുരസ്കാരങ്ങൾ അന്തർദ്ദേശീയ തലത്തിൽ ലഭിക്കുന്ന സ്ഥിതിയുണ്ടായി. ജനങ്ങൾ സ്വയം ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായി വരുന്ന സ്ഥിതി വന്നു. ക്യാമ്പസിലെ വിദ്യാർത്ഥികൾ സ്വയം ടൂറിസം ക്ലബ് അംഗങ്ങളായി വരുന്ന സ്ഥിതിയുണ്ടായി. ഒട്ടേറെ വികസനപ്രവർത്തനങ്ങൾ, ഞാൻ ഓരോന്ന് എടുത്തു പറയുന്നില്ല, മുന്നോട്ടു വന്നു. ഇപ്പോൾ വയനാട് എടുത്ത് പരിശോധിച്ചാൽ വയനാടിന്റെ പ്രത്യേകത, രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നു. മൂന്ന് ജില്ലകളുമായി അതിർത്തി പങ്കിടുന്നു. കേരളത്തിന്റെ തലസ്ഥാനത്തേക്ക് എത്തുന്നതിനെക്കാൾ എളുപ്പം വയനാട്ടിൽ നിന്ന് കർണാടക തലസ്ഥാനമായ ബാംഗ്ലൂർ എത്താനാണ്. ബാംഗ്ലൂർ ഒരു പ്രധാന IT ഹബ്ബുമാണല്ലോ, ബാംഗ്ലൂർ കേന്ദ്രീകരിച്ചുകൊണ്ട് വയനാട് ടൂറിസത്തിന്റെ മാർക്കറ്റിംഗ് നടത്തി. വയനാട് ഇപ്പോൾ ജില്ല രൂപീകരിച്ചതിന് ശേഷമുളള സർവ്വകാല റെക്കോർഡാണ് അഭ്യന്തരസഞ്ചാരികളുടെ കാര്യത്തിൽ, അവിടെ മുറിയൊന്നും കിട്ടാനില്ല. ടൂറിസ്റ്റുകൾ കേരളത്തിലേക്ക് വരുന്നതിന് ഒരു തടസ്സം താമസ സൗകര്യത്തിന്റെ പോരായ്മയാണ്. PWD റെസ്റ്റ് ഹൗസുകൾ ഓൺലൈൻ ബുക്കിംഗ് ആക്കി.
1100 ഓളം റൂമുകളുണ്ട്. 8 കോടി രൂപയുടെ അധികവരുമാനമാണ് സർക്കാരിന് ഒന്നരവർഷത്തിനിടെ കിട്ടിയത്. ഇനിയുമത് മറ്റു സ്റ്റെപ്പുമായിട്ട് മുന്നോട്ട് പോകും. അപ്പോൾ താമസസൗകര്യം ഒരുക്കാനുളള ഇടപെടൽ നടന്നിട്ടുണ്ട്. മറ്റ് ഒരു ഫെസിലിറ്റേറ്റർ എന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു. ഇനിയിപ്പോ നമ്മളൊരു ഡിസൈൻ പോളിസി ഇവിടെ നടപ്പിലാക്കാൻ പോകുന്നു. ആ ഡിസൈൻ പോളിസി നടപ്പിലാക്കുന്നതോടു കൂടി വലിയ മാറ്റം കേരളത്തിലുണ്ടാകും. ദീപാലംകൃതമായ പാലങ്ങൾ, പാലങ്ങളുടെ അടിയിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ മറ്റ് സൗകര്യങ്ങൾ ഇങ്ങനെയൊക്കെയുളള വലിയ മാറ്റം ഡിസൈൻ പോളിസിയിലൂടെ നടപ്പിലാക്കും. ഇങ്ങനെ സാധ്യമാകുന്ന കാര്യങ്ങളൊക്കെ ഞങ്ങൾ കൂട്ടായി ചെയ്തിട്ടുണ്ട്.