എൻബിസി യൂണിവേഴ്സലിന്റെ മുൻ പരസ്യ മേധാവി ലിൻഡ യാക്കാരിനോയെ സിഇഒ ആയി മസ്ക് നിയമിച്ചത് പരസ്യ വരുമാനം വർധിപ്പിക്കുവാനാണ്. കോർപ്പറേറ്റ് പരസ്യ വരുമാനത്തിൽ ഏകദേശം 50% ഇടിവും കനത്ത കടബാധ്യതയും ആയിരുന്നു പിന്നീട്. ട്വിറ്റർ ഉടമ ഇലോൺ മസ്ക് ഇപ്പോൾ പറയുന്നത് കേൾക്കൂ.

“ട്വിറ്ററിന്റെ പരസ്യവരുമാനത്തിന്റെ പകുതിയോളം നഷ്ടമായെന്ന്”. കനത്ത കടബാധ്യതയും പരസ്യ വരുമാനത്തിൽ ഏകദേശം 50 ശതമാനം ഇടിവും ഉണ്ടായത് കാരണം ട്വിറ്ററിലേക്ക് ഇപ്പോഴും പണം നിക്ഷേപിക്കേണ്ടി വരുന്നെന്ന് മസ്ക് വിലപിക്കുന്നു.

മാർക്കറ്റ് റിസർച്ച് സ്ഥാപനമായ സെൻസർ ടവറിന്റെ കണക്കുകൾ പ്രകാരം ഈ വർഷം ആദ്യം രണ്ട് മാസ കാലയളവിൽ ട്വിറ്ററിലെ പരസ്യദാതാക്കളുടെ ചെലവ് 89% കുറഞ്ഞ് 7.6 മില്യൺ ഡോളറായി. മസ്കിന്റെ ഏറ്റെടുക്കലിന് മുന്നോടിയായി 2022 സെപ്റ്റംബർ മുതൽ ഒക്ടോബർ വരെ മികച്ച 10 പരസ്യദാതാക്കൾ 71 മില്യൺ ഡോളർ ആണ് പരസ്യങ്ങൾക്കായി ചെലവഴിച്ചത്.

കഴിഞ്ഞ ഒക്ടോബറിൽ 44 ബില്യൺ ഡോളറിനാണ് ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. ഇതോടെ മസ്ക് ട്വിറ്ററിൽ വരുത്തിയേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകൾ കാരണം നിരവധി മുൻനിര പരസ്യദാതാക്കൾ പ്ലാറ്റ്ഫോമിലെ ചെലവ് താൽക്കാലികമായി നിർത്തി എന്നതാണ് വസ്തുത. അതേസമയം, ഈ വർഷമാദ്യം, ട്വിറ്ററിനെ ഉപേക്ഷിച്ച പരസ്യദാതാക്കളിൽ പലരും തിരിച്ചെത്തിയിട്ടുണ്ടെന്നും ഇലോൺ മസ്ക് പറയുന്നു.

ട്വിറ്ററിന് എതിരാളിയായി മെറ്റാ തങ്ങളുടെ ത്രെഡ്സ് ഈ മാസം പുറത്തിറക്കിയിരുന്നു. ത്രെഡ്സ് ലോഞ്ച് ചെയ്തതിന് ശേഷമുള്ള ദിവസങ്ങളിൽ അതിവേഗം 100 ദശലക്ഷം ഉപയോക്താക്കളിൽ എത്തി. ഇതിനു കാരണം, ട്വിറ്ററിൽ വന്ന മാറ്റങ്ങൾ തന്നെയാണ്. പോസ്റ്റുകളുടെ എണ്ണം നിജപ്പെടുത്തിയതും പണമീടാക്കി തുടങ്ങിയതുമൊക്കെ വിമർശനങ്ങൾക്ക് വഴി തെളിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റേയും ജനപ്രീതി ത്രെഡ്സിന് ഗുണകരമാവാനാണ് സാധ്യത. ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതിനും ക്ലൗഡ് സേവന ബില്ലുകൾ വെട്ടിക്കുറച്ചതിനും ശേഷം, കമ്പനി കടം ഇതര ചെലവുകൾ 2023 ൽ പ്രതീക്ഷിക്കുന്ന 4.5 ബില്യൺ ഡോളറിൽ നിന്ന് 1.5 ബില്യൺ ഡോളറായി കുറച്ചതായി മസ്ക് പറഞ്ഞു.