പൊട്ടിച്ചിതറുന്ന മദ്യക്കുപ്പികൾ ഇനി തമിഴ്നാട്ടിൽ കാണാനാകുക സിനിമകളിൽ മാത്രമാകും. സുരക്ഷിതമായി രണ്ടെണ്ണം വീശാനുള്ളത്ര കരുതലാണ് തമിഴ്നാടിന്റെ ടാസ്ക് മാസ്ക് ജനങ്ങൾക്ക് നൽകാൻ പോകുന്നത്. ചില്ലു മദ്യകുപ്പികളോട് തമിഴ്നാട് വിടപറയാൻ ഒരുങ്ങുകയാണ്.
ടാസ്മാസ്കുകളിൽ ഇനി നിരക്കുക ടെട്രാ മദ്യ പാക്കുകൾ
പരിസ്ഥിതി, ശുചിത്വ ആനുകൂല്യങ്ങൾ ചൂണ്ടിക്കാട്ടി ടെട്രാ പായ്ക്കുകളിൽ മദ്യം വിൽക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ പരിഗണിക്കുകയാണെന്ന് സംസ്ഥാന നിരോധന, എക്സൈസ് മന്ത്രി എസ് മുത്തുസാമി പറഞ്ഞു. തമിഴ്നാട് സർക്കാർ 500 മദ്യശാലകൾ അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണീ തീരുമാനം. പുതിയ തീരുമാനത്തോടെ കഴിഞ്ഞ വര്ഷം തമിഴ്നാട് ഹൈക്കോടതി ഇടപെട്ട് സർക്കാർ നടപ്പാക്കിയ മദ്യകുപ്പികളുടെ ബൈ ബാക്ക്പദ്ധതി അവസാനിക്കും
നിലവിൽ വിൽപനക്കായി പുനരുപയോഗിക്കുന്ന മദ്യക്കുപ്പികൾ വൃത്തിഹീനമായ സാഹചര്യങ്ങളിൽ കൈകാര്യം ചെയ്യുന്നതായി അധികൃതർ പല അവസരങ്ങളിലും കണ്ടെത്തിയിരുന്നു. ഇതിനു ഒരു അവസാനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെട്രാ പാക്കുകളുടെ സാധ്യത തേടുന്നതും.
അയൽ സംസ്ഥാനങ്ങളായ കർണാടകയിലും പുതുച്ചേരിയിലും ഈ രീതി ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ഈ ഉദ്യമത്തിന്റെ സാധ്യത പഠിക്കാൻ സർക്കാർ ഒരു ഔദ്യോഗിക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
എന്നാൽ പ്രതിപക്ഷം രൂക്ഷമായ എതിർപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. “പ്രായപൂർത്തിയാകാത്തവരും വിദ്യാർത്ഥികളും മദ്യ ടെട്രാ പായ്ക്കുകളെ മിൽക്ക് ഷേക്കുകളും മറ്റ് ജ്യൂസുകളും പോലുള്ള പാനീയങ്ങളെന്ന തരത്തിൽ തെറ്റിദ്ധരിച്ചേക്കാം.”കുട്ടികൾക്കും വിദ്യാർത്ഥികൾക്കും ഇടയിൽ ഇതിന്റെ വ്യാപനം പരിശോധിക്കാൻ ഏറെ ബുദ്ധിമുട്ടുകളുണ്ടെന്നാണ് മുൻകേന്ദ്ര മന്ത്രിയും പി എം കെ നേതാവുമായ അൻപുമണി രാമദോസിന്റെ വാദം.
“കുപ്പികൾ ചിലപ്പോൾ തകരുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്യും. ടെട്രാ പായ്ക്കുകൾ അവതരിപ്പിച്ചാൽ ഇത് ഒഴിവാക്കാം. കൃഷിയിടങ്ങളിലോ പാതയോരങ്ങളിലോ വലിച്ചെറിയുന്ന ഒഴിഞ്ഞ മദ്യക്കുപ്പികൾ പരിസ്ഥിതിയെ നശിപ്പിക്കുന്നു, ”എക്സൈസ് മന്ത്രി മുത്തുസാമി പറഞ്ഞു.
പുനരുപയോഗിക്കാവുന്ന മദ്യക്കുപ്പികൾ ശരിയായി വൃത്തിയാക്കാത്തതുമായി ബന്ധപ്പെട്ട ആശങ്കകളും മന്ത്രി ഉയർത്തിക്കാട്ടി, ടെട്രാ പായ്ക്കുകൾ അത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നടപടി പരിഗണനയുടെ പ്രാരംഭ ഘട്ടത്തിലേ ഉള്ളൂവെന്നും സമഗ്രമായ വിലയിരുത്തലിനു ശേഷമേ ഇത് നടപ്പാക്കൂവെന്നും മന്ത്രി ഊന്നിപ്പറഞ്ഞു.
വിട; കുപ്പി ബൈ ബാക്ക് പദ്ധതിക്ക്
2022 ഏപ്രിലിൽ ആണ് തമിഴ്നാട് സർക്കാർ മദ്യകുപ്പികളുടെ ബൈ ബാക്ക് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്. സംസ്ഥാനത്തെ പരിസ്ഥിതി സൗന്തരദമാക്കാനുള്ള ശ്രമങ്ങളിലൊന്നായിരുന്നു അത്.
നീലഗിരി ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ‘മദ്യക്കുപ്പി തിരികെ വാങ്ങാനുള്ള പദ്ധതി’ വിജയകരമായി നടപ്പാക്കി ഒരു മാസത്തിന് ശേഷം, പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാൻ മദ്രാസ് ഹൈക്കോടതി തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ ലിമിറ്റഡിനോട് (ടാസ്മാക്) നിർദ്ദേശിച്ചു. പ്ലാൻ പരിസ്ഥിതി സൗഹൃദമാണ്. പക്ഷെ സാർവത്രികമായി നടപ്പിലാക്കുന്നതിന് മുമ്പ് പരിഹരിക്കപ്പെടേണ്ട നിരവധി തടസ്സങ്ങളുണ്ടായിരുന്നു. ‘മദ്യക്കുപ്പി തിരികെ വാങ്ങൽ’ പദ്ധതി പ്രകാരം മെയ് 15 നും ജൂൺ 14 നും ഇടയിൽ നീലഗിരി ജില്ലയിൽ മാത്രം 19 ലക്ഷം കുപ്പികളാണ് പദ്ധതി പ്രകാരം വിറ്റഴിച്ചത്.
സംസ്ഥാനത്തെ ആന ഇടനാഴിയിൽ കാണപ്പെടുന്ന കുപ്പികളിൽ ഭൂരിഭാഗവും ചില സമയങ്ങളിൽ തകർന്ന ഗ്ലാസ് കഷണങ്ങൾ മൂലം മാരകമായ ആനകൾക്ക് അപകടകരമാണെന്ന് പരിസ്ഥിതി വാദികൾ കോടതിയിൽ വാദിച്ചിരുന്നു.
തുടർന്ന്, ജില്ലാ ഭരണകൂടം മെയ് മാസത്തിൽ പദ്ധതി നടപ്പാക്കുകയും 76 ഔട്ട്ലെറ്റുകളിൽ നിന്ന് പ്രതിദിനം 80,000 കുപ്പികൾ വീണ്ടെടുക്കാൻ തുടങ്ങുകയും ചെയ്തു. മദ്യം വിൽക്കുമ്പോൾ എംആർപിയിൽ ടാസ്മാക് കുപ്പി ഒന്നിന് 10 രൂപ അധികമായി ഈടാക്കി. അതിനാൽ, ഉപഭോക്താവ് കുപ്പി തിരികെ നൽകിയപ്പോൾ 10 രൂപ തിരികെ ലഭിച്ചു. ഈ പദ്ധതിക്ക് മികച്ച പ്രതികരണം ലഭിച്ചു, കോയമ്പത്തൂർ, ഡിണ്ടിഗൽ, ദേശീയ പാർക്കുകൾക്കോ വന്യജീവി സങ്കേതങ്ങൾക്കോ സമീപം ടാസ്മാക് ഔട്ട്ലെറ്റുകൾ ഉള്ള മറ്റ് സ്ഥലങ്ങളിൽ ഇത് വേഗത്തിൽ നടപ്പാക്കി.
മൂക്കത്തു വിരൽ വച്ച് ടാസ്മാസ്ക് ജീവനക്കാർ: ഇനി ആശ്വാസം
ഉപയോഗിച്ച കുപ്പികളിൽ നിന്ന് ദുർഗന്ധം വമിക്കുന്നതാണ് പ്രധാന വെല്ലുവിളിയെന്ന് ചില ടാസ്മാക് ജീവനക്കാർ അന്നേ പരാതി പറഞ്ഞിരുന്നു.
“വീണ്ടെടുത്ത കുപ്പികൾ സൂക്ഷിക്കാൻ സ്ഥലക്കുറവുണ്ട്. കൂടാതെ, കുപ്പികൾ ദുർഗന്ധം വമിക്കുന്നു. വന്യജീവികളുടെ സംരക്ഷണം പ്രധാനമാണ്, പക്ഷേ അത് നമ്മുടെ ചെലവിൽ ആകരുത്. ദുർഗന്ധം ഞങ്ങൾക്ക് ആരോഗ്യത്തിന് ഹാനികരമാണ്,” നീലഗിരിയിൽ ടാസ്ക്മാസ്ക് ജീവനക്കാർ അന്ന് പരാതിപ്പെട്ടതിങ്ങനെ.